Wednesday, July 23, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

രണ്ടാം ദിനം 

 

അതിരാവിലെ ഏഴു മണിക്ക് തന്നെ ഉറക്കം ഉണർന്നു എണീറ്റു. ഗൾഫ് ആയാലും പല്ലുതേപ്പ് മുടക്കിയില്ല. ഏഴരക്കാണ് പ്രാതൽ തുടങ്ങുന്നത് എട്ടരവരെ എങ്കിലും ഉണ്ടാവും നല്ല പാതി പറഞ്ഞു. ഇല്ലെങ്കിൽ ദിർഹം ഒരുപാടു എണ്ണി കൊടുക്കേണ്ടിവരും വേഗം പോകാം. ഗൾഫ് ആയതു കൊണ്ട് ഉപ്പുവെള്ളം ആയിരിക്കും പൈപ്പിൽ എന്ന് വിചാരിച്ചിരുന്നു. നല്ല വെള്ളം അറബി നാടിനെ സർവാത്മനാ സ്തുതിച്ചു. കുറച്ചു വെള്ളം ചിലവാക്കി സാമാന്യം ഭേദപ്പെട്ട ഒരു കുളി പാസാക്കി. ഞങ്ങൾ രണ്ടു പേരും താഴെ ഭക്ഷണ ശാലയിലേക്ക് പ്രവേശിച്ചു. നമ്മുടെ ആൾക്കാരെല്ലാം പ്ലേറ്റ് നിറയെ പല വർണ്ണത്തിലുള്ള, ആഹാരങ്ങൾ നിരത്തി, എവിടെനിന്നു തുടങ്ങണം എന്ന് സംശയിക്കുന്ന മാതിരി ഇരിപ്പുണ്ട് ചിലർ. മുഴുവൻ മുട്ട വിഴുങ്ങണോ അതോ ഓംലെറ്റ് മതിയോ എന്നിങ്ങനെ.   ചായയും ജ്യൂസും ഒന്നിച്ചു അകത്താക്കുന്നവരും ഉണ്ട്.  ഞങ്ങൾ കയറിയതും സുമുഖനായ ചെറുപ്പക്കാരൻ ഇരിപ്പിടം കാണിച്ചു  തന്നു. ആളെ കണ്ടപ്പോഴേ മനസ്സിലായി മലയാളി ആണെന്ന്. പേരെന്താ ഞാൻ തിരക്കി. ബെന്നി മൂന്നാലു മാസമായി ഇവിടെ  ആണ് ജോലി. ഓക്കേ… ജോലി ശമ്പളം എങ്ങനെ ചോദിക്കാതിരിക്കാൻ തോന്നിയില്ല. ദോഷമില്ല തട്ടി മുട്ടി പോകാം. നാട്ടിൽ എവിടെയാ ബെന്നി താമസിക്കുന്നത്. പത്തനം തിട്ട. സുന്ദരമായ ഒരു ജില്ല അവിടെ അതിഥി തൊഴിലാളികൾ മേലനങ്ങി പണിയെടുത്തു കാശുണ്ടാക്കുന്നു. ഇവൻ ഇവിടെ തട്ടിമുട്ടി കഴിയുന്നു. മനസ്സിൽ പറഞ്ഞു. ഞങ്ങൾ അത്യാവശ്യം കഴിക്കാൻ എടുത്തു ഇരുന്നു. ഓംലറ്റ് വേണോ ബെന്നി ആരാഞ്ഞു. ഇദ്ദേഹത്തിന് മനസ്സ് വായിക്കാൻ കഴിവുണ്ടല്ലോ. മൂപ്പർ തന്നെ പോയി കൊണ്ട് വന്നു തന്നു. 

 

ഇന്ന് പതിനൊന്നു മണിക്ക് ശേഷമേ യാത്ര യുള്ളൂ. അതിനാൽ ജനങ്ങൾ അടുത്തുള്ള  സ്റ്റോറു കളിൽ കയറി നിരങ്ങി. ചിലർ രൂപ ദിർഹം ആക്കി രൂപാന്തരപ്പെടുത്തി. ഞാനും പോയി രൂപയെ അറബിയാക്കി. ഇവിടുന്നു പോകുമ്പോൾ രൂപ വമ്പൻ സാധനമാണ്  ഡോളറോട് സമം എന്നൊക്കെ യായിരുന്നു  പക്ഷെ സമാധാനമായത് നമ്മുടെ ഡ്രൈവർ പാകിസ്താനി പറഞ്ഞത് അവരുടെ എൺപതു രൂപയ്ക്കു ഒരു ദിർഹം കിട്ടുമ്പോൾ നമ്മുടെ 24 രൂപയ്ക്കു ഒരു ദിർഹം കിട്ടും എന്നത് കേട്ടപ്പോഴാണ്. മനുഷ്യന്റെ കാര്യമേ വേറൊരാൾക്കു തട്ട് കിട്ടുമ്പോ സന്തോഷം. അവരുടേതും നമ്മുടേതും പണ്ട് മൂല്യത്തിൽ ഒരുപോലെ ആയിരുന്നത്രേ. 

 

ഞങ്ങൾ നേരെ പോയത് സബീൽ പാർക്ക് എന്ന സ്ഥലത്തെ ദുബായ് ഫ്രെയിം കാണാനാണ്. ടൂർ ഗൈഡ് അതിന്റെ വിവരണം തന്നുകൊണ്ടേ യിരുന്നു. ദുബായ് ഫ്രെയിം എന്ന് വച്ചാൽ ഫോട്ടോ ഫ്രെയിം പോലുള്ള പക്ഷെ കൂറ്റൻ നിർമിതി ആണെന്നും. അതിന്റെ ഒരു ഭാഗത്തുനിന്നും മുകളിലേക്കു റോക്കറ്റ് പോലെ പോകാം  മറ്റേ ഭാഗത്തു കൂടെ  താഴേക്കും വരാം. ഫ്രെമിന്റെ ഒരുഭാഗം ഓൾഡ് ദുബായ് മറ്റേ ഭാഗം ന്യൂ ദുബായ് രണ്ടും ഒരു ഫ്രെമിൽ നിന്നും വീക്ഷിക്കാം. ഇത് ഒരു പ്രധാന ലാൻഡ് മാർക്ക്  ആണത്രേ. ഞങ്ങൾ വാരി വരിയായി നിന്ന് ലിഫ്റ്റിന്റെ അരികത്തെത്തി. മുകളിലേക്ക് പോകുമ്പോൾ വീഡിയോ റെക്കോർഡിങ് തുറന്നു ലെൻസ് വെളിലെ ദൃശ്യങ്ങൾ വീക്ഷിക്കാൻ പാകത്തിൽ ഒരുങ്ങണമെന്നു ഗൈഡ് ഉത്ബോധിപ്പിച്ച പ്രകാരം. വീഡിയോ ക്യാമറാമാൻ മാറും വീഡിയോ കുമാരികളും ആവും വിധത്തിൽ ദൃശ്യങ്ങൾ പിടിക്കാൻ തുടങ്ങി. ഒരു ഫോട്ടോ ഫ്രെയിം പോലെ തന്നെ ഫ്രെമിന്റെ ചട്ടകളിൽ സ്വർണ ലിപികളിൽ എഴുതിയപോലെ ഉള്ള ഡിസൈൻ ദൂരെ നിന്നും തന്നെ കാണാം. മുകളിൽ ധാരാളം പെയിന്റിംഗ് ഒക്കെ ഉള്ള ചുമരുകൾ ഉള്ള വലിയ ഹാൾ ആണ് ഒരു വശത്തുനിന്നും മറ്റേ അറ്റത്തേക്ക് ഈ ഹാളിൽ കൂടെ നടക്കാം. എന്നാൽ തറ സുതാര്യമായ ഗ്ലാസ് ആണ്.  ഏകദേശം നൂറ്റമ്പതു മീറ്റർ താഴെ ഉള്ള കാഴ്ചകൾ കാലിനടിയിൽ കൂടെ കാണാം. നടക്കുമ്പോൾ ആദ്യമൊക്കെ പേടി തോന്നും. ടെക്നോളജിയിൽ വിശ്വാസം ഉള്ള ആൾക്കാർ ഇതൊരു പുത്തൻ അനുഭവമായി എടുത്തു മനസാ അഭിനന്ദിക്കും. ആത്മ വിശ്വാസം ഇല്ലാത്തപ്പോഴാണ് അന്ധ വിശ്വാസത്തിനു പുറകെ പോകുന്നത് എന്ന് തോന്നി. 

 

അടുത്തതായി പോയത് മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ഓവൽ ആകൃതിയുള്ള വലിയ നിർമിതി കാണാനാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചത് എന്താണെന്നല്ലേ  എല്ലാ നിര്മിതികളും ഒന്നിനൊന്നു വിഭിന്നങ്ങളും വളരെ വലുതും ആണെന്നുള്ള താണു. എല്ലാം തന്നെ സാധാരണ കാണുന്ന രൂപങ്ങളെ അല്ല. അപ്പോഴാണല്ലോ ശ്രദ്ധിക്ക പെടുന്നതും. ഏതായാലും ഈ ഓവൽ കുഴലിൽ കയറി ഇറങ്ങി. അത്ര തന്നെ. കുഴൽ എന്ന് പറഞ്ഞെങ്കിലും അതിൻറെ ഉള്ള വശം വലിയ സ്ഥലമുള്ള നടപ്പാടകളുള്ള വരാന്തകൾ നിറഞ്ഞതാണ്. ഭാവിയിൽ വരാൻ പോകുന്ന അത്ഭുതങ്ങൾ നിറച്ച ഒരു നിധി കുംഭം ആണെന്ന് ഗൈഡ് പറഞ്ഞു. ഒരുദിവസം മുഴുവൻ വേണം കാണാൻ. അപ്പോ പിന്നെയാവട്ടെ. എല്ലാവരും ഫോട്ടോ എടുത്തു ഉച്ച ഭക്ഷണത്തിനു ലുലു മാളത്തിൽ പോയി. അവിടെയും സുഭിക്ഷമായ സസ്യേതര സദ്യ തന്നെ ഏർപ്പാടാക്കിയിരുന്നു. അവസാനം നല്ല പായസവും ഉണ്ടായിരുന്നു. ഏതായാലും തീറ്റ ക്കു ഒരു കുറവും ഇല്ല. ഭക്ഷണം ധൈര്യ മായി കഴിക്കാം എന്നതിന് ഇവിടുത്തെ ഭരണകൂടത്തെ അഭിനന്ദിക്കുന്നു.

 

അടുത്തതായി ദുബായ് സിറ്റി ടൂർ ആണ്. നേരെ പോയത് സമുദ്രം നികത്തി ഉണ്ടാക്കിയ ഒരു ഗ്രാമത്തിലേക്കാണ്. ബ്ലൂ വാട്ടർ ഐലൻഡ്. ആകാശ കാഴ്ച്ചയിൽ ഒരു പനയും അതി ന്റെ ഓലകളും മാതൃകയിൽ പണിത ഗ്രാമം. തികച്ചും കൃത്രിമമായ നിർമിതി. നമ്മുടെ വെല്ലിങ്ടൺ ദ്വീപ് എറണാകുളത്തുള്ളത് ഇങ്ങനെ രൂപപ്പെടുത്തിയതാണെന്നു കേട്ടിട്ടുണ്ട്. ഏതു നിര്മിതിയും സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലും വരുമാന മാർഗവും ആക്കി വിജയം നേടുകയാണ് അറബി. പിന്നീട് നമ്മൾ ഒരു ചെറിയ ചാൽ കടന്നു അക്കരെ പോകുവാൻ, അബ്ര, എന്നാൽ കടത്തു വഞ്ചി കയറി പോയി. അക്കരെ സ്വർണ കലവറ ഗോഡ് സൂഖ് സ്വർണ കടകളുടെ തെരുവ് കാണാനിടയായി. ഇന്ന് അകത്തോട്ടു ആരും പോയില്ല കാരണം സമയ കുറവ് തന്നെ. വേറെയും തെരുവുകൾ അക്കരെ നിന്നും കണ്ടു. കുറച്ചു അഫ്ഘാൻ തെരുവ് കച്ചവടക്കാരെ പരിചയപ്പെട്ടു അവർക്കു ഇന്ത്യ ക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് സ്നേഹം ഉള്ള തായി തോന്നി. അവർ ഇവിടെ കാണുന്നതുപോലെ തെരുവോരങ്ങളിൽ തുണി താരങ്ങളും ചില ഇലക്ട്രോണിക് സാധനങ്ങളും ആണ് വില്പനക്ക് വച്ചിട്ടുള്ളത്. ഞാൻ അഫ്ഘാൻ ഉണക്ക പഴങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതിനു പ്രത്യേക മാർക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ ഏകദേശം സന്ധ്യ ആവാറായി. ഞങ്ങൾക്കു മുന്നിൽ ദുബായ് യുടെ രാത്രി സൗന്ദര്യം തെളിഞ്ഞു വന്നു. അല്പവസ്ത്ര ധാരികളായ സുന്ദരിമാർ ഒരു ബുദ്ധി മുട്ടും കൂടാതെ ഈ അറേബ്യൻ നാട്ടിൽ ധൈര്യ പൂർവം വിഹരിക്കുന്നു അതുഭുതമായി. ആകാശം മുട്ടെയുള്ള അംബരചുംബികൾ ദീപാലങ്കാരത്താൽ മിന്നി തിളങ്ങി. വലിയ രാക്ഷസ (GIANT) ചക്രം ദീപാലങ്കാരത്തിൽ ചക്രവാളത്തിൽ തെളിഞ്ഞു വന്നു . കുട്ടികളും യുവതി യുവാക്കളും സന്തോഷത്തോടെ ജീവിതം ആഘോഷിക്കുന്നത് നമ്മൾക്കും ആനന്ദം പകരും.  നമ്മൾ  ഇനി പോകുന്നത് മറീന ദൗ ക്രൂയിസ് എന്ന പരിപാടിക്കാണ്. നമ്മൾ ഇപ്പോഴുള്ളത് ഒരു ചാനൽ അരികിലാണെന്നു പറഞ്ഞല്ലോ അതിനടുത്തു തന്നെ യാണ് മറീന ഒരു വലിയ ബോട്ട് അതാണ് ഈ പറയുന്ന ക്രൂയിസ്. അത് കനാലിലൂടെ പതുക്കെ യാത്ര പോകും. ദുബായ യുടെ ഒരു പരിച്ഛേദം രാത്രി ദൃശ്യം ആസ്വദിച്ചുള്ള യാത്ര. നിർത്താതെ എല്ലാവരും ഫോട്ടോസ് എടുത്തു കൊണ്ടേ യിരുന്നു. മുകളിലെ തടത്തിൽ ഇരുന്നു യാത്ര ചെയ്യാം. യാന ത്തിന്റെ മുൻ ഭാഗത്തു സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു അവിടെ കലാപരിപാടികൾ നടത്താനുള്ള സ്ഥലമാണ്.  യാത്രക്കാർ വന്നു മലയാള പാട്ടുകളും ഹിന്ദി പാട്ടുകളും ആലപിച്ചു കൊണ്ടിരുന്നു. അതിനിടെ ബുഫേ ആയി അത്താഴം കഴിക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി യിരുന്നു. അത്താഴം തുടങ്ങിയപ്പോൾ എവിടുന്നോ ഒരു നർത്തകൻ പ്രത്യക്ഷപ്പെട്ടു. നർത്തകിയെ ആയിരുന്നു പ്രതീക്ഷിച്ചതു. അറബി സ്ത്രീ പക്ഷക്കാരാണ് ആണെന്ന് തോന്നി അതാ നർത്തകനെ  കൊണ്ട് വന്നത് . ഉച്ചത്തിൽ ഹിന്ദി പാട്ടിനോട് ചുവടു വച്ച് മനോഹരമായ നർത്തനം. പിന്നെ അവിടെയുള്ള പ്രസിദ്ധമായ തനൗറ നർത്തനം. പല വർണ്ണത്തിലുള്ള എൽ ഇ ഡി ബൾബുകൾ തുന്നി ചേർത്ത പാവാട അതുപോലെ മേൽ വസ്ത്രങ്ങളും അത് രാത്രിയുടെ കറുപ്പാർന്ന തിര  ശീ  ലക്കു മുന്നിൽ വെട്ടി തിളങ്ങി. അതിവേഗം പമ്പരം കണക്കെ ചടുലമായി കറങ്ങിയും കുനിഞ്ഞും നിവർന്നും ഉള്ള നർത്തനം. ചിലപ്പോൾ ഉടയാ ടയുടെ ഒരുഭാഗം വേർപെടുത്തി തലയ്ക്കു മീതെ കറക്കിയും നർത്തനം താളത്തിനൊത്തു കൊടുമ്പിരിക്കൊണ്ടു. നർത്തകൻ ചിലപ്പോഴൊക്കെ സദസ്സിലെ സുന്ദരിമാരെ യും ഒപ്പം കൂട്ടി നിർത്ത ചുവടുകൾ വച്ച്. തനൗറ നിർത്ത്നം  ഏതായാലും മനോഹരം ആസ്വാദ്യം. ഇനി നമ്മൾ തിരിച്ചു ഹോട്ടൽ ഗ്രാൻഡ് എസ്എൽസിയർ വച്ച് പിടിച്ചു. പോകുന്നവഴി ആരോ വിളിച്ചു പറഞ്ഞു അതാ ദുബായ് ഫ്രെയിം ലൈറ്റിൽ തിളങ്ങുന്നു. ഒരാൾ ദുബായ് ഫ്രെയിം വീണ്ടും?. മറ്റേ ആൾ ഇങ്ങനെ എത്ര സെക്രട്ടറിയേറ്റ് കാണാനിരിക്കുന്നു. 

ഇവിടെ രാത്രിയോ പകലോ ഒന്നും ഇല്ല വേണമെങ്കിൽ രാത്രി ഉറങ്ങാതെ ഷോപ്പിംഗ് നു പോകാം എന്ന് ടൂർ ഗൈഡ് പറഞ്ഞത്, സുന്ദരിമാർക്ക് ക്ഷ ഇഷ്ടപ്പെട്ടു. നാളെ ഉച്ചക്ക് ശേഷമേ യാത്രയുള്ളൂ എന്ന അറിയിപ്പോടെ രണ്ടാം ദിനം സമാപ്തം.

No comments:

Post a Comment