Tuesday, August 26, 2025

 ഒരു ഗൾഫ് യാത്രയുടെ ഓർമ …

മൂന്നാം ദിനം 


ഇന്ന് എന്തൊക്കെയാ പരിപാടി ഞാൻ പിള്ളേച്ചനോട് രാവിലെ തന്നെ ഫോൺ ചെയ്തു ചോദിച്ചു. നമ്മൾക്ക് ഒരു എട്ടു മണിക്ക് ബ്രേക്ക് ഫെസ്റ്റിന് പോകാം  പിള്ളേച്ചന്റെ ഒരു ബന്ധു അവരെ കാണാൻ വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഗീത വളരെ സന്തോഷത്തിലാണ്. അതുപോലെ തന്നെ മിനി യും അവളുടെ കസിൻ ജയൻ ഞങ്ങളുടെ ടൂർ പ്രോഗ്രാമിന്റെ ഇടയിൽ മിറക്കിൾ ഗാർഡനിൽ വച്ച് കാണാം എന്ന് ഫോൺ ചെയ്തു പറഞ്ഞു. എനിക്കും ധാരാളം സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരുത്തനും വന്നില്ല എന്നത് ചില്ലറ കണ്ണ് കടി ഉണ്ടാക്കി എന്ന് പറയാതെ വയ്യ. നമ്മുടെ ഡോക്ടർ ജീനു ഗൾഫ് അനാലിസിസ് തീർത്തിട്ടില്ല വളരെ ഗഹനമായ പഠന പരമ്പര തന്നെ പ്രതീക്ഷിക്കാം. ഇന്ന് ഗംഭീര നിർമ്മിതികളാണ് കാണാൻ പോകുന്നത് എന്ന വിവരം അദ്ദേഹം പുറത്തു വിട്ടു. ബുർജ് ഖലീഫ. 


പതിവ് പോലെ പ്രാതലിനു കുളി കഴിഞ്ഞു ഞങ്ങൾ പോയി. ഇന്നെന്തോ ബെന്നിയെ കണ്ടില്ല. ആശാൻ അടുത്ത ലാവണം തേടി പോയോ എന്ന് സംശയിച്ചു. ഇന്ന് ഒരു തമിഴ് നാട്ടുകാരനാണ് മേൽനോട്ടം. ഇന്ന് പുട്ടു ഉണ്ട് ആരോ പറഞ്ഞു. അത് തിന്നാൻ ഇവിടെ വരെ വരണോ എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല. ബെന്നിയാണെങ്കിൽ അരികത്തുവന്നു ഇന്നത്തെ മെനു വിശദീകരിക്കുമായിരുന്നു. അതുപോലെ കാപ്പിയോ ഓംലെറ്റോ വേണമെങ്കിൽ മൂപ്പർ തന്നെ എടുത്തു കൊണ്ടുത്തരും. പുതിയ ആൾക്കു അത്തരം യൂസേർഫ്രണ്ട്‌ലി മനോഭാവം ഇല്ല. ഇന്നും ആൾക്കാർ ദിര്ഹ മാറ്റവും ഷോപ്പിങ്ങും തകൃതിയായി രാവിലെ തന്നെ തുടങ്ങി. മിക്കവരും പരിസരവുമായി പൊരുത്തപ്പെട്ടു എന്ന് തോന്നി. 


ഇന്നത്തെ യാത്ര ഒരു പത്തരയ്ക്ക് തുടങ്ങി. നേരെപോയതു ദുബായ് മാളിലേക്കാണ്. അത് സ്ഥിതി ചെയ്യുന്നതു ഗൾഫ് കാരുടെ അഹങ്കാരമായ ബുർജ് ഖലീഫ എന്ന അംബര ചുംബിയുടെ ഏറ്ററ്വും താഴത്തെ നിലകളിൽ ആണ് എന്നുള്ളതാണ്. എല്ലാവരും കൂട്ടം തെറ്റാതെ ഗൈഡിനെ അനുഗമിക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആൾക്കാർ ഒരൊലൊക്കേഷനും കണ്ടുപിടിക്കാൻ പരിസരത്തിന്റെ ഫോട്ടോ എടുത്തു വച്ചു. ചിലവർ കൃത്യമായ ലൊക്കേഷൻ മാപ്പും മൊബൈലിൽ ആക്കി. ഇനി വഴി തെറ്റിയാലും ലൊക്കേഷൻ നോക്കി വരാം. കാരണം ദുബായ് മാള് ചെറിയ മാളം അല്ല.  അതിനിടക്ക്, യാത്രയിൽ ഡ്‌ബൈ ഫ്രെയിം ദൂരെനിന്നും കണ്ടു. ടിക്കറ്റ് എടുത്തുവേണം ലിഫ്റ്റിൽ കയറാൻ അത് ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോകില്ല പക്ഷെ തൊട്ടു താഴത്തെ നിലവരെ പോകും. ഒരു ബിഎൽഡിങ്ങിൽ കയറാൻ കാശു കൊടുക്കണം എന്നത് ഒരു അസാംഗത്യമായി തോന്നാം. ഈ ലിഫ്റ്റ് കയറൽ ചാർജ് കൊണ്ട് അവർ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇവിടെയും ഫ്ലാറ്റ് കാർക്ക് പരീക്ഷിക്കാവുന്നതാണ്. മുകളിൽ നിന്നും നഗരം മുഴുക്കെ കാണാം വലിയ കെട്ടിടങ്ങൾ ചെറുതായി ചെറുതായി വരുന്നത് കാണാം. എല്ലാവരും ബുർജ് ഖലീഫ യുടെ ചുവട്ടിൽ നിന്നും പല രീതിയിൽ നിന്ന് ചിത്രങ്ങൾ പകർത്തി. ചില ആൾക്കാർ മൊബൈലിൽ ജീബി തീർന്നു എന്നും പറഞ്ഞു വിലപിക്കുന്നത് ഒപ്പിയെടുക്കുന്ന വിരുതന്മാരും ഉണ്ട്. ഒരാപ്പിൾ വാങ്ങൂ എന്ന്, ഫോൺ ആണേ, പരിഹാരം നിർദ്ദേശിക്കാൻ രസികന്മാർ ഉണ്ട്.  


ബുർജ് ഖലീഫ വിട്ടപ്പോൾ തന്നെ വിശന്നു തുടങ്ങി. ഇനി നേരെ രാവിസ് ഹോട്ടലിലിലേക്കാണ് പോയത് അവിടെ വിഭവ സമൃദ്ധമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മീനിന് മീൻ ആട് കോഴി എല്ലാം തിന്നാൻ പാകത്തിൽ റെഡി. ടൂർ കമ്പനി അക്കാര്യത്തിൽ ഒരു പിശുക്കും കാണിച്ചില്ല എന്ന് പറയാതിരിക്കാൻ വയ്യ. 


പിന്നീട് പോയത് മനോഹരമായ ഒരു ഉദ്യാനത്തിലേക്കാണ്. മിറക്കിൾ ഗാർഡൻ പേര് അന്വർഥമാക്കും വിധം ഗംഭീരം. ഒരു മലാരണ്യത്തിൽ വലിയ വിസ്തൃതിയിൽ, പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വർണ വിസ്മയം, അതും യഥാർത്ഥ പൂക്കളുടെ സൗന്ദര്യം, കാരണം വേനലിൽ വാടാതെ നില്ക്കാൻ കൃത്രിമ പൂക്കൾ ആണെന്ന് തെറ്റി ധരിച്ചേക്കാം. . മനോഹരം അവിസ്മരണീയം എന്നെ പറയേണ്ടു. പൂക്കൾ ഇഷ്ട്ടപെടാത്ത ആരുണ്ട്.  ചുട്ടു പൊള്ളുന്ന നാല്പത്തിഒന്നു ഡിഗ്രി ചൂടിൽ ഒരു കൂസലുമില്ലാതെ വിടർന്നു ചിരിക്കുന്ന ലില്ലി പൂക്കളും സഖിമാരും. കണ്ണിനു സദ്യ തന്നെ. പല രൂപത്തിൽ വലിയ ബോയിങ് വിമാനത്തിന്റെ മാതൃകയിൽ പിന്നെ യക്ഷി കഥകളിലെ കൊട്ടാര മാതൃകകളിൽ മൃഗങ്ങളുടെ രൂപത്തിൽ അങ്ങനെ പലതും. കണ്ടു കണ്ടു മനം കുളിർത്തു എന്ന് പറഞ്ഞാൽ തെറ്റില്ല. അപ്പോൾ ഭാര്യയുടെ കസിൻ സഹോദരൻ വന്നു അദ്ദേഹത്തിന് കൈയിൽ കരുതിയ നാട്ടിൽ നിന്നും കൊണ്ടുവന്ന ഏത്തക്ക ചിപ്സ് കൈമാറി. വൈകീട്ട് ഹോട്ടലിൽ വരം എന്നും പറഞ്ഞു പിരിഞ്ഞു. ഉദ്യാനത്തിൽ വിനോദ ഉപാധികളും തട്ട് കടപോലുള്ള പാനീയ വില്പനശാലകളും ധാരാളം ഉണ്ട്. ഒരു ഐസ് ക്രീം കടയിൽ പോയി അവിടെനിന്നും കപ്പ് ഐസ്ക്രീം ഓർഡർ ചെയ്ത മഹിളയെ ആംഗ്യങ്ങൾ കൊണ്ട് വളരെ സമർത്ഥമായി കുഴപ്പിക്കുന്ന വിദ്യ ഏറെ രസകരമായിരുന്നു. അവർ ഇറാനിൽ നിന്നും ഉള്ള കച്ചവടക്കാരായിരുന്നു. ഒരു അല്ബാബാ ലുക്ക് ഉണ്ട്. അവസാനം കുറെ കളിപ്പിച്ചു ഐസ് ക്രീം കൊടുക്കുകയും നല്ല കാശു വാങ്ങുകയും ചെയ്തു. അതുപോലെ സ്വാദിഷ്ടമായ മാങ്ങാ അതുപോലുള്ള പഴവര്ഗങ്ങള് ചേർത്ത പ്രത്യേക ജ്യൂസ് ഉണ്ട്. പേര് കിട്ടുന്നില്ല. ഏതായാലും ഗൾഫിൽ പോയാൽ ഒഴിവാക്കാൻ പറ്റാത്ത കാഴ്ച വിരുന്നാണ് മിറക്കിൾ ഗാർഡൻസ്. 


വെയിൽ പതുക്കെ ചാഞ്ഞു തുടങ്ങി എന്നാലും ചൂടുണ്ട്. മണലാരണ്യത്തിന്റെ പ്രത്യേകത ആണെന്ന് തോന്നുന്നു രാത്രി ചൂട് പകലിനേക്കാൾ ഗണ്യ മായി കുറയുന്നുണ്ട്. അടുത്തത് ഗോളബൽ വില്ലജ് ആണ്. വാസ്തവത്തിൽ മറ്റു ഏതൊരു കാഴ്ചയേക്കാളും ഇഷ്ടപ്പെട്ടതും വ്യത്യസ്തവുമായ അനുഭവമാണ് ഏതൊരാൾക്കും ഗ്ലോബൽ വില്ലജ് നൽകുക. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സമ്മേളനം. അവരുടെ സാംസ്‌കാരിക തനിമകൾ ഒരു കാലിഡോസ്കോപ്പിൽ എന്നപോലെ കാണാം. യഥാർത്ഥത്തിൽ ഒരുദിവസം മതിയാവില്ല മുഴുവൻ കാണാൻ. ഒരു രാജ്യത്തിൻറെ അടയാളം എന്തൊക്കെ ആണ് എന്ന് മനസ്സിലാവും. വസ്ത്രങ്ങൾ, കാർഷിക വിഭവങ്ങളായ ഫലങ്ങൾ വാദ്യോപകരണങ്ങൾ പിന്നെ ചില കലാപരിപാടികളുടെ അവതരണം, ഭക്ഷണം അതിലേറെ അവരുടെ പെരുമാറ്റം ഇവയെല്ലാം ഓരോരാജ്യങ്ങളെ അടയാളപ്പെടുത്തും. തുർക്കി പവലിയനിൽ ആകർഷകമായി തോന്നിയത് അവരുടെ പരവതാനികൾ  ആണ്. എന്തൊരു ഭംഗിയാണ് അവക്ക്. വളരെ സൂക്ഷ്മമായി നെയ്തെടുത്ത കവിതകൾ ആണ് ഓരോന്നും. ഒരു അറബിക്കഥയിലെ രാജകുമാരൻ പരവതാനിയിൽ പറന്നു നടക്കുന്നതിന്റെ ചിത്രം എപ്പോഴോ കണ്ടിട്ടുണ്ട് അതോർത്തു പോയി അപ്പോൾ. നല്ല വിലയുണ്ട് പര്വതനിക്കു അതിനാൽ ഒന്നും വാങ്ങിയില്ല പിന്നെ കൊണ്ട് വരാനുള്ള ബുദ്ധിമുട്ടും. ഇറാഖിന്റെ സ്റ്റാളിൽ ഒരു അറബി ഗാനം ആലപിക്കുന്നത് കുറച്ചുനേരം അവിടെ ഇരുന്നു കേട്ടു നല്ല ഇമ്പമുള്ളതും വ്യത്യസ്തവുമായ ആലാപനരീതി. അവിടെ ധാരാളം തുണി താരങ്ങൾ ഉണ്ട്. സൗദി അറേബ്യ യുടെ പവലിയനിൽ നല്ല മുന്തിയതരം ഈന്ത പഴങ്ങൾ ആണ്. കുറച്ചു അധികം വാങ്ങി. നാട്ടുകാർക്ക് കൊടുക്കാനായി. അവിടെ കുനാഫ എന്ന പ്രത്യേകതരം മധുര പലഹാരം ചോക്കലേറ്റ് പോലിരിക്കും അവിടുത്തെ സ്പെഷ്യൽ ഐറ്റം ആണെന്നും പറഞ്ഞു വാങ്ങിച്ചു. നല്ല സ്വാദു ഉണ്ടായിരുന്നു. മകനാണ് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. സമയ കുറവ് കാരണം നമ്മൾ യൂറോപ്യൻ പാവലിയനുകൾ സന്ദർശിച്ചില്ല. വരും മാസങ്ങളിൽ മെയ് മാസം അവസാനത്തോടെ ചൂട് കണക്കും അപ്പോൾ പാവലിയനുകൾ അടച്ചിടുമത്രേ. രാത്രി വൈകി ഞങ്ങൾ അവിടെനിന്നു നേരെ താമസ സ്ഥലത്തിനടുത്തുള്ള ഒരു ഹോട്ടലിൽ രാത്രി ഭക്ഷണം കഴിച്ചു.  സദ്യ ഒന്നും ഇല്ല, സാദാ. കടകൾ രാത്രി വൈകിയും ഉണ്ട് അതിനാൽ വേണമെങ്കിൽ ഷോപ്പിംഗ് നിർത്തേണ്ട കാര്യമില്ല എന്ന് ഗൈഡ് എല്ലാവരോടുമായി പറഞ്ഞു പിരിഞ്ഞു. ഞങ്ങൾ ഏതായാലും ഇന്നത്തെ അക്കൗണ്ട് ക്ലോസ് ചെയ്തു ഗുഡ് നൈറ്റ് അടിച്ചു.


No comments:

Post a Comment