Wednesday, July 9, 2025

 

ഒരു ഗൾഫ് യാത്രയുടെ ഓർമ …

 

കടലിനക്കരെ പോണോരെ കാണാ പൊന്നിന് പോണോരെ..

പോയിവരുമ്പോൾ എന്ത് കൊണ്ടുവരും…

പതിനാലാം രാവിലെ പാലാഴി കടവിലെ...

മത്സ്യ കന്യക മാരുടെ മാണിക്യ കല്ല് തരാമോ..

യാത്രക്ക് തയ്യാറെടുക്കുമ്പോൾ ചെമ്മീനിലെ പ്രശസ്തമായ ഈ  പാട്ടു മനസ്സിലോട്ടു പലപ്രാവശ്യം ഓടിയെത്തി. പഠിച്ചവരും അല്ലാത്തവരും ഒരുകാലത്തു നമ്മുടെ നാട്ടിൽ നിന്നും ആദ്യം പോയി കൊണ്ടിരുന്നത് ബോംബെക്കാണ് അവിടെ നിന്നും അടുത്ത ഭാഗ്യ നിലമായ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ആവും യാത്ര. ആദ്യമൊക്കെ അനധികൃതമായി ലോഞ്ചിൽ, അഥവാ വലിയ വള്ളം അതിലാണ് പൊയ്ക്കൊണ്ടിരുന്നത്. അത് ഒരു ഭാഗ്യ പരീക്ഷണം ആണ് അപകടം ഏതു സമയത്തും വരാം.ആ കാണുന്നത് ഗൾഫ്, ട്രൗസർ വലിച്ചു കേറ്റി വെള്ളത്തിലേക്ക് ചാടിക്കോ നീന്തി നീന്തി അക്കര പിടിച്ചോസിനിമയിൽ മാമുക്കോയ യുടെ ഡയലോഗ്അവിടെ എത്തിയാലോ തികച്ചും അനാരോഗ്യകരമായ കാലാവസ്ഥയോടു മല്ലടിച്ചു ജീവിക്കണം. എന്നാലും ഇവിടുത്തേക്കാൾ വരുമാനം ഉണ്ടാക്കാം എന്നതാണ് അതിന്റെ പ്രചോദനം. അങ്ങനെ ചോര നീരാക്കി ഉണ്ടാക്കിയ പണം നല്ല അളവിൽ പ്രയോജനപ്പെടുത്തിയ നാടാണല്ലോ കേരളം. അങ്ങനെ ഉള്ള ഭാഗ്യ തുരുത്തായ ഗൾഫ് നാട് കാണാൻ പണ്ട് മുതലേ ഒരു ആഗ്രഹം ഉണ്ടയിരുന്നു. മാന്തിയാൽ എണ്ണ കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട് നേരിട്ട് കാണാലോ. സുഹൃദ് കുടുംബങ്ങൾ അരവിന്ദൻ പിള്ള ഗീത, ജീനു ആനന്ദി  ദമ്പദികൾ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ നല്ലപാതി മിനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. 

 

സൂര്യ ശ്രീ എന്ന നാടുകാണിക്കൽ സംഘത്തിന് അഡ്വാൻസ് കൊടുത്തു ഉറപ്പിച്ചു. ഒരാൾക്ക് എഴുപത്തേഴായിരം പിന്നെ വിസ ചെലവ് വേറെ രണ്ടുപേർക്കു നല്ല തുകയായി. കള്ള ലോഞ്ചു കേറുന്നതാ ലാഭം എന്ന് ഞാൻ പറഞ്ഞു.അങ്ങനെ പോയാൽ അവിടെ ജയിലിൽ കിടക്കാം ഇങ്ങോട്ടു തിരിച്ചു വരികയും വേണ്ടശ്രീമതി പരിണിത ഫലം പ്രവചിച്ചു. അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, അവിടെ എത്തിയാൽ അവരെ തട്ടാതെയും മുട്ടാ തെ യും നടക്കാൻ പറ്റില്ല എന്ന് തട്ടിവിട്ടിട്ടും കാശൊന്നും കുറച്ചില്ല പഹയൻ. 

 

ഏതായാലും ഏപ്രിൽ 24 രാത്രി എയർ ഇന്ത്യ എക്സ് പ്രസ് എന്ന പറക്കും ശകടത്തിൽ നാലു മണി 30 നിമിഷം കൊണ്ട് അറബിക്കടൽ താണ്ടി സ്വപ്ന ഭൂമിയിൽ എത്തി. അബുദാബി സായിദ് അന്താരാഷ്ട വിമാനത്താവളം അവിടുത്തെ രാഷ്ട്ര സ്ഥാപകനായ സുൽത്താന്റെ പേര് ആണത്രേ വിമാനത്താവളത്തിന് ഇട്ടതു എന്ന് പിന്നീട് നമ്മുടെ യാത്രാ ഗൈഡ് ആയ ശകീയിം പറഞ്ഞു. ഏതായാലും പുറത്തു നല്ല ചൂടാണെങ്കിലും എയർപോർട്ട് ഫ്രിഡ്ജ് പോലെയിരുന്നു. വിശാലമാണ് കേട്ടോ. രാത്രി മുഴുവൻ വിമാനത്താവളത്തിൽ ഉറങ്ങിയും നടന്നും കഴിച്ചു കൂട്ടി. കാരണം പല പട്ടണങ്ങളിൽ നിന്നും വിവിധങ്ങളായ വിമാനങ്ങളിൽ വരുന്ന എല്ലാവരെയും സംഘടിപ്പിച്ചു ഒരു ബസിൽ കൊണ്ട് പോകണം. എയർപോർട്ടിൽ നിന്നും ചായകുടിച്ചു ജീന് ആണ് കാശു ദിര്ഹത്തിൽ കൊടുത്തതു  നമ്മുടെ 750 രൂപ ആയത്രേ വലിയ കോപ്പ യിലാ തന്നത് അതാ സമാധാനവും സമാധാനക്കേടും കുടിച്ചു തീർക്കാൻ വിഷമിച്ചു വില ഓർത്തിട്ടു കളയാനും പറ്റില്ല. ചായക്ക്‌ ചായ തന്നെ വേണ്ടേ ശ്രീമതി സമാധാനിപ്പിച്ചു. 

 

വിമാന താവളത്തിൽ നിന്ന് തന്നെ പല്ലു തേപ്പും മറ്റു കർമങ്ങളും നടത്തി തൃപ്തി പ്പെട്ടു. ബസ് വന്നു നമ്മൾ 22 പേർ ധാരാളം ഇരിപ്പിടങ്ങൾ ഒഴിവാണ്. നേരെ പോയത് ഒരു ഹോട്ടലിലേക്കാണ് അവിടെ നമ്മുടെ ദോശയും ഇഡ്ഡലിയും കാത്തിരിക്കുന്നുണ്ടായിരുന്നു. അബുദാബി നഗരത്തിൽ കൂടെ ബസ് പോയത് നേരെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്‌ കാണാൻ വേണ്ടിയാണു. താജ് മഹൽ പോലെ പണിതിട്ടുണ്ട്. പോകുന്ന വഴി ധാരാളം മരങ്ങളും ചെടികളും. ഈ മണലാരണ്യത്തിൽ വളരാൻ ഇവ പ്ലാസ്റ്റിക് ആണോ? അല്ല ടൂർ ഗൈഡ് ഷാഖീം വിവരിച്ചു അവിടത്തെ സുൽത്താന്റെ ദീർഘ വീക്ഷണവും ഭരണ ചാരുതയും. എല്ലാം വലിയ  മരം ആയി തന്നെ പിഴുതു കൊണ്ട് വന്നു നട്ട താണത്രേ. ഒരു കോവക്ക തണ്ടു നട്ടു കിളിർപ്പിക്കാൻ പറ്റാത്തവന് ഇത് അത്ഭുതം തന്നെ. എല്ലാ മരങ്ങൾക്കും തിരി നന ഉണ്ടത്രേ. ആ ആവശ്യത്തിന് വേണ്ട വെള്ളം വെറുതെ ഒഴുക്കി കളയുന്ന ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചതു കൊണ്ടാണത്രേ നടപ്പിലാക്കുന്നത്. റോഡ് നല്ല വീതിയും വൃത്തിയും ഉള്ളതാണ്. പള്ളി ക്കകത്തു കയറുമ്പോൾ ധരിക്കേണ്ട വസ്ത്ര രീതി വിശദമായി ഗൈഡ് പറഞ്ഞു തന്നു. ശ്രീമതി യുടെ കൈ മറയാൻ വേണ്ടി രണ്ടു തുണി ഉറകൾ വാങ്ങി കയറ്റി കൈ അകത്താക്കി. ഞാൻ കൈ മടക്കു നിവർത്തി ഗൾഫൻ ആയി. ശ്രീമതി തട്ടവും കൂടി ഫിറ്റ് ചെയ്തപ്പോൾ ഗൾഫി ആയി. കൂട്ടത്തിലെ പോറ്റി പറഞ്ഞു ഇത്രയൊക്കെ ചെയ്യാം മറ്റേതു ചെയ്യാൻ പറഞ്ഞാൽ ഇച്ചരെ ബുദ്ധി മുട്ടാണ്.  പൊറ്റി പേടിക്കാതെ വന്നോ പ്രശനം ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. വലിയ തൂക്കു വൈദ്യത വിളക്ക്,ലോകത്തിലെ വലുപ്പത്തിൽ രണ്ടാമതാണത്രേ തൂക്കിയിട്ടത് കണ്ടു. ലോകത്തിലേക്കും വച്ച് വലിയ പരവതാനിയും കണ്ടു. എല്ലാം തന്നെ ഭംഗിയായി വൃത്തിയായി വച്ചിട്ടുണ്ട്. അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. 

 

പിന്നീട് പോയത് റാവിസ് ഹോട്ടലിൽ ഉച്ചക്ക ഊണിനാണ് . റാവിസ് നമ്മുടെ കൊല്ലം കാരൻ  രവി പിള്ള യുടെ താനെന്നു പറഞ്ഞപ്പോൾ കൂട്ടുകാരൻ അരവിന്ദൻ പിള്ള ഒന്ന് ഷർട്ട് നേരെയാക്കി ചിരിച്ചു, നമ്മുടെ നാട്ടുകാരൻ. നോൺ വെജിറ്റേറിയൻ സദ്യ ആണ്, പോറ്റി കുടുംബം അവർ നാലു പേർക്ക് പ്രത്യേകം സസ്യ ഭോജനം ഏർപ്പാട് ചെയ്തിരുന്നു. പോറ്റി നല്ലൊരു വ്യക്തിയാണ് മണം  അടിച്ചാലൊന്നും വേവലാതിയില്ല. വലുപ്പത്തിലുള്ള അയക്കൂറ വറുത്തത്, മീൻ കറി ചിക്കൻ കറി പിന്നെ സാംബാർ തോരൻ തുടങ്ങി വിഭവ സമൃദ്ധമായ സദ്യ അവസാനം ഒരു പായസവും ഉണ്ട്. തലേന്ന് എയർ ഇന്ത്യ രാത്രി പട്ടിണിക്കിട്ടത് കൊണ്ട് ആവോളം കഴിക്കാൻ പറ്റി. മീൻ ഫ്രഷ് ആണെന്ന് ഷാകീം പറഞ്ഞു ഇവിടെ ഗൾഫിൽ കൊടുത്തു ബാക്കി വരുന്നത് രണ്ടാഴ്ച കഴിഞ്ഞേ കൊച്ചിക്കാർക്കു കൊടുക്കൂ എന്നാ മൂപ്പരുടെ അഭിപ്രായം. മീൻ നല്ല രുചി ആയിരുന്നു. തിരുവനന്തപുരത്തു കാർക്ക് നോൺ വെജിറ്റേറിയൻ സദ്യ ഒരു പുതുമ ആണ്. നമ്മൾ മലബാർ കാർക്ക് വിഷുവിനു നോൺ വെജിറ്റേറിയൻ സദ്യ ആയതുകൊണ്ട് പ്രത്യേകത ഇല്ല.  എന്തായാലും നല്ല മലയാളി സദ്യ, കേരളത്തിൽ ബംഗാളി സദ്യ ഉണ്ട് ശീലിച്ച വരല്ലേ നമ്മൾ. വെക്കാൻ മലയാളി വിളമ്പാൻ മലയാളി ഗൾഫാൻ മാരുടെ ഭാഗ്യം ഇവിടെ കേരളത്തിൽ എല്ലാം ബംഗാളി. ചുരുക്കം പറഞ്ഞാൽ നല്ല മലയാളി സദ്യ കഴിക്കണേൽ ദുബൈയിൽ പോണം. 

 

സദ്യകഴിഞ്ഞപ്പോൾ കണ്ണിൽ ഉറക്കം ഘനം വെച്ച് തുടങ്ങി തലേന്ന് വിമാനത്താവളത്തിലായിരുന്നല്ലോ രാത്രി മുഴുവൻ. രാത്രി മാത്രമേ ഹോട്ടൽ തരപ്പെടൂ എന്ന് പറഞ്ഞതു എല്ലാവരിലും നിരാശ പടർത്തിയെങ്കിലും  ശിരസാ വഹിച്ചു. ബസിൽ ഉറങ്ങാം എന്ന് വിചാരിച്ചപ്പോൾ. ഗൈഡ് പ്രഖ്യാപിച്ചു അടുത്ത് അക്ഷർധാം ക്ഷേത്രം ആണ്.  മുസ്ലിം നാട്ടിലെ ഹിന്ദു അമ്പലം ഒരു വൈവിദ്ധ്യം തന്നെ. സാമാന്യം വലിയ അമ്പലം. ഇനിയും ഒരുപാടു നിർമിതികൾ തീർക്കാനുണ്ട്. ഡൽഹിയിലെ അക്ഷർധാം അമ്പലത്തിനേക്കാളും ചെറുതാണ്. UAE ക്കു ഇതും ഒരു വരുമാന മാർഗം ആണ്. കാരണം ഇത് കാണാനും ധാരാളം വിനോദ സഞ്ചാരികൾ  എത്തുന്നുണ്ട്. ഇക്കാലത്തു പ്രതിമകൾ എല്ലാം CNC യന്ത്രത്തിൽ ചെയ്യുന്നത് കൊണ്ട് കൊത്തു പണിക്കർക്ക് ജോലിയും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ഇല്ലാതാവുന്നുണ്ട് എന്ന് കൂട്ടത്തിലുള്ള ഒരു ചിന്തകൻ പിറുപിറുത്തു. അമ്പലം വൃത്തിയായി വച്ചിട്ടുണ്ട്. ഇതുവരെ പോയ ഇടത്തെല്ലാം ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട് മാത്രമല്ല അവയെല്ലാം നല്ല വൃത്തിയുള്ളതും ആയതു സ്ത്രീ ജനങ്ങൾ പ്രത്യേകമായി അംഗീകരിച്ചു. സ്ഥലം കാണാൻ ആവശ്യമായ സമയം നമ്മുടെ ടൂർ ഗൈഡ് അനുവദിച്ചു തന്നിരുന്നു.

 

പിന്നീട് പോയത് ഫെറാരി വേൾഡ് എന്ന തീം പാർക്കിൽ ആണ്. പോറ്റി ഒരു മേൽശാന്തി ആണെങ്കിലും അദ്ദേഹവും മക്കളും എല്ലാം ആഘോഷിക്കുന്നവരാണ്. അവർ ഓരോ കാറിന്റെ മുന്നിൽ നിന്നും പല രീതിയിൽ നിന്ന് ഫോട്ടോ എടുക്കലും മറ്റുമായി മറ്റുള്ളവർക്ക് ഊർജം പാർകർന്നു നൽകി. 

 

ഇനി നമ്മൾ ഡിന്നർ കഴിഞ്ഞു ചെക് ഇൻ ആവും. അനൗൺസ്‌മെന്റ് വന്നു സമാധാനമായി. ഡിന്നർ എന്ന് കേട്ടപ്പോൾ ഉച്ചക്കുള്ളത് ദഹിച്ചിട്ടില്ല എന്ന ബോധ്യം വന്നു. നേരെ പോയത് നോട്ട് ബുക്ക് എന്ന റെസ്റ്റാറന്റ് ലേക്കാണ്. ഹോട്ടലിനെന്താ നോട്ട് ബുക്ക് എന്ന് പേരിട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കാര്യം നമ്മുടെ കൂട്ടത്തിലുള്ള chatGpt ഡോക്ടർ ജീനുവിനോടെ ചോദിച്ചു. ഏതോ സിനിമയുടെ പേരാണത്രെ. ഏതായാലും തിന്നാൻ പറ്റുന്ന വിഭവങ്ങൾ നോട്ട് ബുക്കിൽ ഉണ്ടായിരുന്നു. പണ്ട് നോട്ട് ബുക്കിലെ പേപ്പർ വലിച്ചു കീറി ലോവർ പ്രൈമറി സ്കൂളിൽ ഉപ്പുമാവ് വാങ്ങി യത് മനസ്സിലോട്ടു ഒരു ഗൃഹാതുരത്വൻ ആയി കേറി വന്നു. ഹോ ഇനി ഒന്ന് മലർന്നു കിടന്നാൽ മതി… ഹോട്ടൽ ഗ്രാൻഡ് എസ്‌സിൽസിയർ മുത്തീന എന്ന ഹോട്ടലിൽ ആണ് ബുക്കിംഗ് ഓരോ ഫ്‌ളൂരിലും നൂറു മുറികളുണ്ടത്രേ, എണ്ണനൊന്നും പോയില്ല എനിക്ക് രണ്ടാം നിലയിൽ 220 നമ്പർ മുറി അനുവദിചു തന്നു. ഇനി നാലു ദിവസം രാത്രി താമസിക്കാനുള്ളതാണു. വലതു കാലുവച്ചു അകത്തു കയറി. രാവിലെ ഏഴേ മുപ്പതു മുതൽ ഒമ്പതേ മുപ്പതു വരെ ഫ്രീ പ്രാതൽ കിട്ടും എന്ന് ടൂർ മുതലാളി പ്രദീപ് പറഞ്ഞു. രണ്ടെണ്ണം വീശാനുള്ള തും ഉണ്ട് എന്ന് സ്വകാര്യം പറഞ്ഞു. നന്ദി, ഇപ്പോൾ വേണ്ട ഗുഡ് നൈറ്റ്. നാളെ പതിനൊന്നു മണിക്കേ യാത്രയുള്ളൂ നല്ല പോലെ ഉറങ്ങാം.

 

No comments:

Post a Comment