Wednesday, May 17, 2023

 ഓർമയിലെ  ആദ്യത്തെ ക്രിസ്തുമസ് …മൂന്നാം ഭാഗം



ഒരു വിദൂര ദൃശ്യത്തിൽ ഗ്രാമജീവിതം ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെ  തോന്നിയാൽ അതിശയിക്കാനൊന്നുമില്ല…പക്ഷെ അതൊരു മിഥ്യാ ധാരണയാണെന്നു അതിന്റെ .ആഴങ്ങളിലേക്ക് ഇറങ്ങാൻ തുനിഞ്ഞാൽ മനസ്സിലാവും  …. സങ്കീർണമായ ജീവിത പ്രശ്നങ്ങളുടെ ചുഴികളും അടിയൊഴുക്കും അനുഭവപ്പെടും… സൂര്യൻ കിഴക്കുദിച്ചു പടിഞ്ഞാറോട്ടു എന്നും കിതച്ചു കൊണ്ട് നാടിനെ തന്റെ രശ്മികളാൽ തലോടി പകൽ അന്തി യോളം ഓടി തളർന്നു പടിഞ്ഞാറു കടലിൽ നീരാടാൻ ഇറങ്ങുന്നു….പക്ഷികൾ ചിലച്ചു പുലര്കാലം ആഘോഷിച്ചു…വൈകുന്നേരം ഏതെങ്കിലും മരച്ചില്ലകളിൽ കലപിലകൂട്ടി രാവ് കനക്കും വരെ ഗ്രാമത്തെ സജീവമാക്കുന്നു…എന്നാൽ മനുഷ്യനോ…അവൻ ഇന്നത്തെയും നാളെത്തെയും കാര്യങ്ങൾ നേരെയാക്കാൻ പെടാ പാട് പെടുന്നു…അവൻ പുലര്കാലം അറിയുന്നത് നാട്ടിലെ ഏതെങ്കിലും കോഴി യുടെ ഉച്ചത്തിൽ കളിയാക്കിയുള്ള  കൂവൽ കേട്ടിട്ടാണ്…എടോ എണീക്കു നിനക്കുള്ള ഇന്നത്തെ സമസ്യ ഇതാ..തുടങ്ങിക്കോ…സമയം കളയാതെ …എന്ന സന്ദേശമാണ് ഈ കൂവൽ.എന്ന് തോന്നും..ഓരോദിവസവും എണ്ണി എണ്ണി നീക്കു ക യാണ് മിക്കവരും. എന്നാൽ പൊതുവെ കുട്ടികൾ ഈ സങ്കീര്ണതകളുടെ നൂലാമാലയിൽ പെടാൻ മുതിർന്നവർ അനുവദിക്കാറില്ല…അറിയിച്ചിട്ട് എന്ത് കാര്യം. അല്ലേ?  .വര്ഗീസും അങ്ങനെതന്നെ…എന്നാൽ ഗ്രാമത്തിലെ കുട്ടികൾ എല്ലാം അറിഞ്ഞും മനസ്സിലാക്കിയും തന്നെ യാണ് ജീവിതം പഠി ക്കുന്നത്.


വര്ഗീസ് തന്റെ കുടുംബത്തെ പ്രത്യേകിച്ച് മേരിയെ ഒരു നല്ല നിലയിൽ എത്തിക്കാനുള്ള കഠിന പ്രയക്നത്തിലാണ്…എല്ലാ സംരംഭങ്ങളും ആ ഒരൊറ്റ ലക്ഷ്യത്തിലേക്ക് തിരിച്ചാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്….ചെറിയ ചെറിയ വിജയങ്ങൾ കുറച്ചൊന്നുമല്ല വർഗീസിനെ ഉത്തേജിപ്പിക്കുന്നതു .ഒരു നല്ല നാളെ ഉണ്ടാവും…ആ വിശ്വാസമാണ് പ്രചോദനം… 


കുന്നിൻ മുകളിൽ കൃഷി ചെയ്യുന്ന  പച്ചക്കറികളും കപ്പയും മാർക്കറ്റിൽ വിറ്റിട്ടാണ് ജീവിതം ഒരുവിധം മുന്നോട്ടു നീക്കുന്നത്..”എടീ ത്രേസ്യ..നീ ആ കപ്പത്തണ്ടു എല്ലാം വെട്ടി വച്ചേ…തെക്കു വശത്തുള്ള ചെരിവിൽ നടാം..” വര്ഗീസ് ഉത്സാഹത്തോടെ പറഞ്ഞു…ത്രേസ്യ ക്കു കപ്പ നടലും വിളവെടുപ്പും ഒട്ടും പുത്തരിയല്ല… നടുക്കടലിൽ അകപ്പെട്ട തോണിയിലെ കപ്പിത്താനെ  പ്പോലെയാണ് ത്രേസ്യ ഇപ്പോൾ ….തീരം എവിടെ ആണെന്ന് അറിയാൻ പറ്റുന്നില്ല പിന്നെ രണ്ടും കൽപ്പിച്ചു ഒരു ദിക്കിലേക്ക്  തന്നെ തുഴയുക…കർത്താവ് കാത്ത് ഒരു കരക്കെത്തിക്കും…ആ വിശ്വാസമാണ് ത്രേസ്യയെ മുന്നോട്ടു നടത്തുന്നതു. 




താഴ്വാരത്തുനിന്നും കാര്യമായ ജോലികളൊന്നും വര്ഗീസിനെ തേടി എത്തിയില്ല. പൊതുവെ വിളിക്കാത്ത അതിഥി കളായി ആണ് നാട്ടുകാർ ഈ കുടുംബത്തെ കണക്കാക്കിയത്…പുറമ്പോക്കു പോലുള്ള സ്ഥലമാണ് ആ കുന്നു എങ്കിലും നാട്ടുകാർ അവരുടെ കന്നു കാലികളെ മേയാൻ വിട്ടിരുന്ന സ്ഥലമാണ്. അതിന്റെ അസ്തിത്വത്തെ പറ്റി ഈ കൈയേറ്റത്തിന് ശേഷമാണ് നാട്ടുകാർ അന്വേഷിക്കുന്നത്.. “നമ്പ്യാർ മാഷേ ..ഈ വസ്തു കോലോം വകയല്ലേ…” രാമൻ നായർ നമ്പ്യാരെ ഒന്ന് പ്രകോപിപ്പിച്ചു. നമ്പ്യാർ സ്ഥലത്തെ പ്രമാണിയും ഒരു ചെറിയ ജന്മി യും സ്കൂളിലെ പ്യൂൺ ഉം ആണ്… പക്ഷെ പ്യൂൺ ജോലി ചെയ്യാറില്ല..പക്ഷെ മാഷ് എന്നാണ് നാട്ടിൽ വിളിക്കുന്നത്..നാട്ടിലെ എല്ലാം അറിയുന്ന ആൾ എന്നും ഉള്ള ഒരു വിചാരം അദ്ദേഹത്തിനുണ്ട്…പക്ഷെ ഈ കൈമാറ്റ പ്രക്രിയ അറിഞ്ഞില്ല അതിന്റെ ജാള്യത ഉണ്ട്.കൂടാതെ ഇതിന്റെ പേരിൽ നാട്ടുകാർ  തന്നെ ചെറുതാക്കുന്നുണ്ടോ എന്ന സംശയവും ഉണ്ട്. 


“എനിക്കറിയാം രാമൻ നായരേ..ഇത് ആ #### കാര്യസ്ഥൻ ഒപ്പിച്ച പണിയാ ..തമ്പുരാനെ പറ്റിച്ചു ഉള്ള മലയോരം മൊത്തം ചുളു വിലക്ക് പതിച്ചു കൊടുത്തു ഇപ്പൊ ഈ കുന്നും…അതെങ്ങനാ ആ തമ്പുരാന് ഈ സ്ഥലത്തെ പറ്റി വല്ല വിവരുണ്ടോ…ഇന്നേവരെ സ്ഥലം കണ്ടിട്ട് കൂടിയില്ല…ഞാൻ ഒരീസം തമ്പുരാനെ കാണുന്നുണ്ട്..”


“അത് പോട്ടെ…ഈ വര്ഗീസ് എങ്ങനാ..ഇടപെടാൻ ?” മാഷ് ചോദിച്ചു..


“കൊഴപ്പക്കാരെന്നാ കേട്ടത്…ആ പെണ്ണുങ്ങടെ കൈ അയാൾ കൊതിയതത്രെ…അല്ലേലും അവനവൻറെ രാജ്യം വിട്ടു ഇങ്ങോട്ടു എന്തെങ്കിലും കാരണമില്ലാതെ വരുമോ ?..”


നമ്പ്യാർ കേട്ടപ്പോൾ ഒന്ന് ഞെട്ടി..”ഒ ഓ സൂക്ഷിക്കണം…ഇവരെ ഇവിടെ നിർത്തിയാൽ ശരിയാവില്ല..” നമ്പ്യാർ പിറുപിറുത്തു. ഇത്രയും ആയപ്പോൾ രാമൻ നായർക്ക് സന്തോഷായി.


ഈ വര്ഷം എസ് എസ് എൽ സി ആണ് നല്ല മാർക്കോടെ ജയിക്കണം..ഒരു നല്ല ജോലി സമ്പാദിക്കണം അപ്പന്റെയും അമ്മച്ചിയുടെയും കഷ്ടപ്പാടിന് ഒരു അവസാനം ഉണ്ടാവണം..എന്നൊക്കെ പാവം മേരി ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചു. അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് തുടങ്ങുമ്പോഴേക്കും ചേർന്നു പഠി ക്കാൻ തുടങ്ങി. 


ട്യൂഷൻ സെന്ററിൽ ക്ലാസ് തുടങ്ങിയ വിവരം മേരിയാണ് അമ്മയോട് പറഞ്ഞത്. ഞാൻ മധ്യവേനൽ അവധി കളിച്ചു നടന്നു ചൂണ്ടലിട്ടും മറ്റും ആഘോഷിക്കുകയായിരുന്നു. പത്താം ക്ലാസ്സിന്റെ കാര്യം തന്നെ മറന്നു. പിന്നെ സ്കൂൾ തുറന്നും ഇല്ലല്ലോ. എന്നാൽ അമ്മക്ക് എസ് എസ് എൽ സി യുടെ പ്രാധാന്യം ശരിക്കും അറിയാം..ആയതിനാൽ മേരിയോട് അമ്മക്ക് സ്നേഹവും കടപ്പാടും തോന്നി…ഞാനും മേരിയോടുത്തു ട്യൂഷൻ സെന്ററിയിൽ പോവാൻ തുടങ്ങി..കുറച്ചു ക്ലാസ് നഷ്ടപ്പെട്ടതിനാൽ ഒന്നും മനസ്സിലായില്ല…എന്നാൽ നേരത്തെ പഠിപ്പിച്ച ഭാഗങ്ങളെല്ലാം മേരി ഉത്സാഹത്തോടെ പറഞ്ഞുതന്നു..ഒരുപക്ഷെ മേരിക്ക് എന്നെ പഠിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ഉള്ളതുപോലെ..മേരി നല്ല കുട്ടിയാണെന്ന് തോന്നി…”നല്ലോണം പഠിക്കണം പത്താംക്ലാസ് കഴിഞ്ഞാൽ കോളേജിൽ പോകണം..”

വലിയ കോളേജ് ..വലിയ കെട്ടിടങ്ങൾ ലൈബ്രറി …പരീക്ഷണ ശാലകൾ..ബസിൽ യാത്ര അങ്ങനെ പലതും മേരി പറഞ്ഞു ഇത് വല്ലതും നടക്കുമോ..ഞാൻ ചിരിച്ചു..മേരിക്ക് ശുണ്ഠി കേറി… 


“ങ്ങും..എന്താ…ചിരിക്കേണ്ട …ടീച്ചർ പറഞ്ഞിട്ടില്ലേ..വലുതായി പാന്റ്സ് ഒക്കെ ഇട്ടു നടക്കും..ജോലി കിട്ടും എന്നൊക്കെ?...ടീച്ചർ മാർ പറഞ്ഞാൽ ശരിയായിരിക്കും…” മേരിക്ക് പറയാതിരിക്കാനായില്ല .


“ങ്ങാ കേൾക്കാൻ സുഖമുണ്ട്…പത്താം ക്ലാസ് പാസ്സാവട്ടെ…” ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കാതെ പറഞ്ഞു.



അന്ന് കാലത്തുതന്നെ നമ്പ്യാർ വര്ഗീസിനെ യാണ് കണികണ്ടതു. തലേന്നത്തെ മഴയിൽ നനഞ്ഞ മുറ്റത്തു ഒരു ചെറു മഴുവും പിടിച്ചു നിവർന്നു നിൽക്കുന്നു. രാമൻ നായർ പറഞ്ഞ കാര്യങ്ങൾ കാതിൽ മുഴങ്ങി..ചെറിയ ഭയം..പക്ഷെ പുറത്തു കാണിക്കാതെ..കോലായിൽ നിന്നും ചോദിച്ചു.


“വര്ഗീസ് എന്താ രാവിലെതന്നെ …ഇങ്ങോട്ട് ?” 


“മാഷ് ഒരു ഉപകാരം ചെയ്യണം..വല്യ വിഷമത്തിലാ..”


“എന്ത് ഉപകാരം ?”  മാഷ് മനസ്സിൽ ആലോചിച്ചു പിറുപിറുത്തു .


“മാഷുടെ പറമ്പിലെ പഴയ കമുക് കിട്ടിയാൽ കൊള്ളാം തട്ടി ഉണ്ടാക്കാനാ ..”


മാഷ് എന്ന വിളിയിൽ നമ്പ്യാർ ചെറുതായി അലിഞ്ഞു..


രണ്ടു മൂന്നു കമുകുകൾ വീഴാറായി നിൽപ്പുണ്ട്..കാശ് കൊടുത്തു മുറിക്കാനിരിക്കയായിരുന്നു…ഉള്ളാലെ നമ്പ്യാർക്ക് ഒരു സന്തോഷം ഉണ്ടായി ചുളുവിൽ കാര്യം നടക്കാൻ പോകുന്നു.


“രണ്ടു മൂന്നെണ്ണമുണ്ട് നോക്കി ശ്രദ്ധിച്ചു മുറിക്കണം നിനക്ക് ഉപകാരപ്പെടുമെങ്കിൽ അങ്ങനെ ആവട്ടെ”...ഒരു സൗജന്യം ചെയ്ത ചാരിതാർഥ്യത്തോടെ അനുമതി കൊടുത്തു.


 “വല്യ ഉപകാരം ഒരു പ്രശനവും ഇല്ലാതെ ഞാൻ മുറിക്കാം”


വര്ഗീസ് കമുക് മുറിച്ചു നേരിയ, ചെറുവിരൽ വീതി യുള്ള റീപ്പർ കണക്കെ  ആക്കി. പിന്നെ അതിനെ ചീകി  മിനുസപ്പെടുത്തി കയർ കൊണ്ട് മെടഞ്ഞു വാർണീഷ് അടിച്ചു ഭംഗിയുള്ള തട്ടി കൾ ഉണ്ടാക്കി. കണ്ടാൽ ആരും നോക്കിപ്പോകും..ആ കരവിരുതിനെ പ്രശംസിക്കും…ഒരു കമുകിനെ ഇങ്ങനെ രൂപം മാറ്റാൻ മാറ്റുമോ എന്ന് സംശയിക്കും….


ഒരെണ്ണം നമ്പ്യാരുടെ കോലായിൽ വര്ഗീസ് തന്നെ തൂക്കിയിട്ടു..”ഇനി വെയിലും മഴചാറ്റലും അടിക്കില്ല..” വര്ഗീസ് അഭിപ്രായപ്പെട്ടു 

ഒന്നും പറഞ്ഞില്ലെങ്കിലും നമ്പ്യാർക്ക് സന്തോഷമായി എന്ന് കണ്ണുകൾ വ്യക്തമാക്കി.


“വര്ഗീസേ..ഇതിനെത്രവേണം..” നമ്പ്യാർ ആരാഞ്ഞു..

“ഒന്നും വേണ്ട..മരം മാഷ് തന്നതല്ലേ അതന്നെ ധാരാളം.” വര്ഗീസ് ഭവ്യതയോടെ പറഞ്ഞു. “ഏതായാലും നീ ഒരുപാടു പണിത തല്ലേ…വെറും കൈയ്യോടെ പോകേണ്ട “ എന്നും പറഞ്ഞു സാമാന്യം നല്ല ഒരുതുക നമ്പ്യാർ വര്ഗീസിന് കൊടുത്തു.


തട്ടി നിർമാണം മേരിയുടെ കുടുംബത്തിനു സാമ്പത്തികമായി വളരെ സഹായിച്ചു. മേരിയും അമ്മയും വര്ഗീസിനെ തട്ടി നിർമാണത്തിൽ സഹായിച്ചു പോന്നു. ഞാനും വീട്ടിൽ പറഞ്ഞു വാങ്ങിപ്പിച്ചു. മേരിക്ക് സന്തോഷമായി കാരണം നാലെണ്ണം വാങ്ങി. വീട്ടിലും എല്ലാര്ക്കും ഇഷ്ടപ്പെട്ടു. 

  

ഇതൊക്കെ ആണെങ്കിലും സാമ്പത്തികമായി ഞെരുക്കത്തിൽ തന്നെ ആയിരുന്നു മേരിയുടെ കുടുംബം. മേരി ഇടക്കിടെ മ്ലാന വദനയാവും..എന്താ മേരി ഇങ്ങനെ” ഞാൻ സമാധാനിപ്പിക്കാൻ നോക്കും. “അപ്പൻ കുറെ കഷ്ടപ്പെടുന്നുണ്ട്…എല്ലാം എന്റെ ഭാവിക്കു വേണ്ടി യാണ്….അതിനു ഇങ്ങനെ ബുദ്ധിമുട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല….ഈമാസത്തെ ട്യൂഷൻ ഫീസ് കൊടുക്കാൻ പണമില്ല…ആടിനെ വിൽക്കാൻ പറയുന്നു..”


മേരിക്ക് മാത്രമല്ല എനിക്കും ആടിനെ വിൽക്കുന്നതിൽ നല്ല വിഷമം ഉണ്ട്. ഞാൻ പ്രശനം അമ്മയോട് പറഞ്ഞു. അമ്മക്ക് മേരിയോട് നല്ല സ്നേഹമാണ്. നല്ല കുട്ടി യാണ് എന്ന് ഇപ്പോഴും പറയും. അച്ഛൻ ആണെങ്കിൽ പഠിത്തത്തിന്റെ കാര്യത്തിൽ ഏതെങ്കിലും കുട്ടികൾക്ക് വിഷമം ഉണ്ടെങ്കിൽ പറ്റുമെങ്കിൽ സഹായിക്കും. അങ്ങനെ മേരി യുടെ ഫീസ് 'അമ്മ കൊടുത്തു. അതിനു ശേഷം മേരി ഇടക്കിടെ പറയും “നിന്റെ 'അമ്മ കാരണമാ ഞാൻ ഇപ്പോഴും പഠിക്കുന്നതെന്നു.”


മേരിയിപ്പോൾ കോളേജിനെ പറ്റിയൊന്നും സംസാരിക്കാറില്ല..ഞാൻ കോളേജ് കാര്യം പറഞ്ഞാൽ വിഷയം മാറ്റും..”ഇപ്പൊ ഈ കണക്കൊക്കെ ചെയ്തു തീർക്കാം…അതൊക്കെ പിന്നെ ആലോചിച്ചാൽ മതി..” എന്ന് പറയും.


വര്ഗീസ് ഒരുവിധം തട്ടിമുട്ടി മുന്നോട്ടു പോവുമ്പോഴും അടിയൊഴുക്കുകൾ മെല്ലെ മെല്ലെ അടിത്തറയെ ഇളക്കിക്കൊണ്ടിരുന്നു. ഏതോ പോലീസ് കേസ്..പണ്ട് പിറന്ന നാട്ടിൽ വച്ചുണ്ടായ തർക്കത്തിന്റെ ബാക്കി ഇപ്പോഴും പിന്തുടരുന്നു. അത് പൊലിപ്പിച്ചു നാട്ടിൽ പ്രചരിപ്പിക്കാൻ ആൾക്കാരും. 


പത്താം ക്ലാസ് പരീക്ഷ മേരി നന്നായി എഴുതി. ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പൽ മേരിയെ പ്രത്യേകം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് ആണ് അടുത്ത അധ്യയന വര്ഷം പരസ്യത്തിൽ കൊടുക്കണം. ആയതിനാൽ ഫീസ് ഇളവൊക്കെ കൊടുത്തു. എന്നാൽ മേരിക്ക് വലിയ സന്തോഷമോ ആകാംഷയോ ഉണ്ടായില്ല.


എസ് എസ് എൽ സി റിസൾട്ട് വന്നു. രാവിലെ പത്രത്തിൽ വായിച്ചു  റേഡിയോയിലും കേട്ടു.  ഞാൻ ചെറിയ പേടിയോടു കൂടി മേരിയെയും കൂട്ടി സ്കൂളിലേക്ക് തിരിച്ചു. മേരിക്കെന്തായാലും ഫസ്റ്റ് ക്ലാസ് ഉണ്ടാവും ഞാൻ അഭിപ്രായപ്പെട്ടത് മേരി തീരെ ഗൗനിച്ചില്ല. മഴക്കാലത്ത് മേഘം ഇടക്കിടെ മറക്കുന്ന സൂര്യനെ പ്പോലെ യാണ് ഇപ്പോൾ മേരിയുടെ മനോനില. 


സ്കൂളിൽ എത്തിയതും കൂട്ടുകാർ മേരിയെ പൊതിഞ്ഞു. മേരിക്ക് ഫസ്റ്റ് ക്ലാസ് മാത്രമല്ല നല്ല മാർക്ക് കൂടിയുണ്ട്. “മേരീ…അഭിനന്ദനങ്ങൾ. നല്ല മാർക്കാണല്ലോ മോളെ…” തങ്കമണി ടീച്ചർ തോളിൽ തട്ടി സന്തോഷത്തോടെ പറഞ്ഞു. “ നല്ല കോളേജിൽ തന്നെ ഇഷ്ടപ്പെട്ട വിഷയം കിട്ടും..നന്നായി പഠിക്കണം..ഡോക്ടർ ആവണം ..” എന്നിട്ടു എല്ലാരോടു മായി ടീച്ചർ പറഞ്ഞു.”മേരിയെ കണ്ടു പഠിക്കണം പണമല്ല കാര്യം ആത്മാർത്ഥമായ അധ്വാനം ഫലം ചെയ്യും..” പക്ഷെ മേരി നിസ്സംഗയായി എല്ലാം കാണുക മാത്രം ചെയ്തു.  


മേരിക്ക് പാസ് ആവണം എന്ന ആഗ്രഹം മാത്രമേ  ഉണ്ടായിരുന്നുള്ളു ആൾകാർ തോറ്റ കുട്ടി എന്ന് പറയരുത്..അത്രതന്നെ.. കോളേജ് സ്വപ്‌നങ്ങൾ എപ്പോഴോ കരിഞ്ഞു പോയിരിക്കുന്നു.. 


തിരിച്ചു നടന്നപ്പോൾ ഞാൻ മേരിയോട് പറഞ്ഞു “നീ എന്താ ഇങ്ങനെ… നല്ല മാർക്കല്ലേ കിട്ടിയത്..ടീച്ചറോട് എന്താ ഒന്നും മിണ്ടാഞ്ഞതു..മോശമായി പ്പോയി …” 

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഊഷരമായ മരുഭൂമിയാണ് മുന്നിൽ. ശക്തമായ ഉഷ്ണക്കാറ്റേറ്റു മേരിയുടെ മുഖം കറുപ്പിച്ചിരുന്നു. മനസ്സിൽ വാടി കരിഞ്ഞ സ്വപ്‌നങ്ങൾ…മേരി പൊട്ടിക്കരഞ്ഞു… “അയ്യോ…എന്താ മേരി..ഞാൻ എന്തെങ്കിലും….” എന്ത് ചെയ്യണം എന്നറിയാതെ മേരിയുടെ തോളിൽ തട്ടി..” കരയല്ലേ…” നിനക്കെന്തറിയാം…രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തത്രപ്പെടുന്ന അപ്പൻ മകളെ നല്ല നിലയിൽ എത്തിക്കാൻ തന്റെ ആരോഗ്യവും കൂടെ നോക്കാതെ കഷ്ടപ്പെടുകയാണ്. 


എനിക്കും നല്ല മാർക്കുണ്ട്. മേരിയോടൊത്തു കോളേജിൽ പോവുന്നതും ബസ് യാത്രയും എല്ലാം ഓർക്കുമ്പോൾ ഉൽസാഹം തോന്നിയിരുന്നു. മേരിയുടെ വീട് വരെ പോയി. വര്ഗീസ് മുറ്റത്തു തന്നെ ഉണ്ട് ഇപ്പോൾ എന്നെ വലിയ കാര്യമാണ്..മോനും പാസ്സായി അല്ലെ..കോളേജിൽ ഇനി ചേരേണ്ടേ? 

“ചേരണം” 


മേരിയുടെ വിജയം വര്ഗീസിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും അങ്കലാപ്പിന്റെയും സമ്മിശ്ര വികാര ത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഒരു സംഭവമായിപ്പോയി.  പാവം.. 

“ ഇവളെ നല്ല കോളേജിൽ ചേർക്കണം  … നേഴ്സ് ആവാനുള്ള ഗ്രൂപ്പ് ആണ് വേണ്ടത്”. വര്ഗീസ് മേരിയെ ചേർത്ത് പിടിച്ചു.. മേരിയുടെ കണ്ണുകളിൽ ഒരായിരിയം പൂത്തിരികൾ വിടർന്നു..അവ പെട്ടെന്ന് തന്നെ നനഞ്ഞു കെട്ടുപോയി..


എങ്ങനെ എന്ന ചോദ്യം അവളുടെ മനസ്സിൽ തിളച്ചു കൊണ്ടിരിക്കുന്ന സമോവറിലെ നാണയ തുട്ടു കണക്കെ പിടച്ചു കൊണ്ടിരുന്നു. .


മേരി നേഴ്‌സിന്റെ വേഷമൊക്കെ യിട്ട് നെറ്റിയിൽ പനി ഉണ്ടോ എന്ന് നോക്കുന്നതൊക്കെ ആലോചിച്ചപ്പോൾ മേരിക്ക് പറ്റിയ ജോലിയാണെന്ന് തോന്നി.


ദിവസങ്ങൾ ഓരോ സ്വപ്നങ്ങളുടെ ഏടുകൾ പോലെ മറഞ്ഞുകൊണ്ടിരുന്നു. ഓരോദിവസവും കോളേജുകളിലേക്കുള്ള അപ്ലിക്കേഷൻ വാങ്ങലും അവ പൂരിപ്പിച്ചു അയക്കലും അങ്ങനെ തിരക്കുള്ളതായി. മേരി ദൂരെ മിഷനറിമാർ നടത്തുന്ന കോളേജിൽ ഒക്കെ അയച്ചത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നതായിരുന്നു . എല്ലാം മേരിയുടെ അപ്പനാണ് തീരുമാനിക്കുന്നത്, അനുസരിക്കാനെ പറ്റൂ . 


നേരം വളരെ വൈകിയ നേരത്തു വര്ഗീസ് തന്റെ സന്തത സഹചാരിയായ ആയുധവുമായി, ചെറിയ മഴു, വീട്ടിൽ വന്നു. “ അച്ഛനില്ലേ ഇവിടെ..” എന്നോടാണ് ചോദിച്ചത് പക്ഷെ അകത്തുനിന്നും അച്ഛൻ പുറത്തേക്കു വന്നു.

“എന്താ..വര്ഗീസ് സന്ധ്യക്ക്‌ …” മദ്യപിച്ചാണോ വരവ് എന്ന് അച്ഛൻ ശങ്കിച്ചിട്ടുണ്ടാവണം. 


“കൃഷ്ണേട്ടാ അറിയാലോ വലിയ കഷ്ടത്തിലാണ്..മോൾ നല്ല മാർക്കോടെ പാസ്സായി..ഇനി എവിടെയെങ്കിലും ചേർക്കണം..ഇവിടെ നമ്മുടെ ട്യൂഷൻ സെന്റർ സ്കൂൾ എല്ലാം അവൾക്കു വലിയ സഹായമാ ചെയ്തത്…പക്ഷെ ഇനി ഇവിടം ശരിയാവില്ല “  വര്ഗീസ് പറഞ്ഞൊപ്പിച്ചു. സന്ധ്യയുടെ ഇളം വെളിച്ചത്തിൽ പോലും കണ്ണുനീർ കാണാം. “എന്താ പെട്ടന്ന് പ്രശ്നമായത്”   അച്ഛൻ ചോദിച്ചു.


“ഞങ്ങൾ ഇവിടെനിന്നും കിഴക്കേക്കു തന്നെ പോകുവാ…കുന്നു നമ്മൾ കൈയേറിയതൊന്നുമല്ല…നാട്ടുകാർക്ക് അങ്ങനെ ഒരു വിചാരമുണ്ട്  പോട്ടെ…അത് ഇടിച്ചു പാലത്തിന്റെ അപ്പ്രോച്ച് റോഡ് ഉണ്ടാക്കാൻ കൊടുത്തു അത്രേ..” വര്ഗീസ് കണ്ണ് തുടച്ചു. “എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം…എപ്പോൾ തിരിച്ചു തരുമെന്നൊന്നും പറയാനാവില്ല”.



അഞ്ഞൂറ് രൂപ ആ കാലത്തു വലിയ സംഖ്യയാണ്. അച്ഛനും അമ്മയും എന്തൊക്കെയോ ആലോചിച്ചു. അവിടെനിന്നും ഇവിടെനിന്നും എടുത്തു മുന്നൂറ്റമ്പതു രൂപ വര്ഗീസിന്റെ കൈയിൽ കൊടുത്തു. “ഇത്രയേ ഉള്ളൂ. വര്ഗീസിന് അറിയാല്ലോ മോനെ അടുത്തുള്ള ഏതെങ്കിലും കോളേജിൽ ചേർക്കണം..അതിനും വേണ്ടേ പണം “ അച്ഛൻ ബുദ്ധിമുട്ടു നമ്മൾക്കും ഉണ്ടെന്നു അറിയിച്ചു. “അയ്യോ മോന്റെ ഫീസിന് വച്ചതാണെങ്കിൽ വേണ്ട “ വര്ഗീസ് പണം തിരികെ നല്കാൻ ഭാവിച്ചു .


“അതുവേണ്ട സാരമില്ല എന്തെങ്കിലും കുറവുണ്ടെങ്കിൽ നാട്ടിൽ നിന്നും എളുപ്പം കിട്ടും. നിങ്ങൾ സമാധാനായി പോവൂ  “ അച്ഛൻ വര്ഗീസിനെ സമാധാനിപ്പിച്ചു.


 വർഗീസ് കൊണ്ടുവന്ന മഴു അവിടെ നിലത്തു ഉമ്മറത്തോടു ചേർത്ത് വച്ചു.

“എനിക്ക് ഇനി ഇതിന്റെ ആവശ്യമില്ല  കൃഷ്ണേട്ടന് ഉപകാരപ്പെടും മരത്തിന്റെ ചില്ലകൾ മുറിക്കാനൊക്കെ…”. നിർബന്ധിച്ചിട്ടും വര്ഗീസ് തിരികെ എടുത്തില്ല..”ഇവിടെ തന്നെ നിന്നോട്ടെ ..” “തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ ആപൽഘട്ടത്തിൽ എല്ലാം തന്നു സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവർ ഇന്ന് നിങ്ങളെപ്പോലെ ഒന്നോ രണ്ടോ ആൾ ക്കാരെ മാത്രമേ കാണൂ”  എന്നും പറഞ്ഞു ധൃതിയിൽ സ്ഥലം വിട്ടു.

 

പിറ്റേന്ന് കാലത്തു തന്നെ താഴ്വാരത്തെ കുന്നിനരികിലേക്കു പുറപ്പെട്ടു. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നു. കുന്നു കൂടുതൽ യൗവന യുക്ത  ആയിട്ടുണ്ട്. മാവുകളിൽ മാങ്ങകൾ തൂങ്ങി നിൽപ്പുണ്ട്. തെങ്ങുകൾ വലുതായി. ധാരാളം മറ്റു ഫലവർഗങ്ങളും ആരോഗ്യത്തോടെ നിൽപ്പുണ്ട്. ധാരാളം പൂക്കളുള്ള ചെടികൾ നയനാനന്ദകരം തന്നെ. എല്ലാം എത്രമാത്രം ശ്രദ്ധയോടെ പരിപാലിച്ചവയാണെന്നു കണ്ടാലറിയാം.


എന്നാൽ കുന്നിൻ മുകളിലെ കാഴ്ച ഹൃദയ ഭേദകം തന്നെ. വീട് പൊളിച്ചിട്ടിരിക്കുന്നു പുൽക്കൂടാരം തകർന്നിരിക്കുന്നു അതിലുള്ള സാധനങ്ങൾ മണ്ണും പൊടിയും കൊണ്ട് മൂടി യിരിക്കുന്നു. ആരെയും കാണാനും ഇല്ല. എല്ലാവരും പോയോ?  മേരി ഒരുവാക്കുപോലും പറയാതെ പോയല്ലോ…”മോനെ..” കുന്നിന്റെ മറ്റേച്ചെരിവിൽ നിന്നും വര്ഗീസ് കയറിവന്നു കൈയിൽ ഓമനയെ കയറു കൊണ്ട് പിടിച്ചിരിക്കുന്നു… “ഞാൻ നിന്നെ പ്രതീക്ഷിച്ചു നിൽപ്പാണ് …വരുമെന്നറിയാം …” കിതച്ചു കൊണ്ട് വര്ഗീസ് പറഞ്ഞു. “ഇതാ ഇതിനെ പിടിച്ചോ..മേരി ഇതിനെ വിൽക്കാൻ സമ്മതിച്ചില്ല നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു …ദാ …” ഓമന യുടെ കയർ എന്നെ ഏൽപ്പിച്ചു. 


“മേരി …” ഞാൻ തിരക്കി..”അവർ കാലത്തേ ഇറങ്ങി…ആരെയും കാണുന്നതിന് മുന്നേ…ഞാൻ ഇതിനെ ഏൽപ്പിക്കാൻ നിന്നത് …” വര്ഗീസ് തിടുക്കപ്പെട്ടു ഇറങ്ങുന്നതിനിടെ പറഞ്ഞു. ഓമന ഒന്നും അറിയാതെ അടുത്തുള്ള തൊട്ടാവാടി ചവച്ചരച്ചു എന്നെ ഉരുമ്മിക്കൊണ്ട് നിന്നു. വർധിച്ച ഹൃദയ ഭാരത്തോടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി… കാലിനു കനം വച്ചപോലെ..മധുരിക്കും ഓർമകുളുടെ ഒരു കുന്നു..ഉരുകി പോകുന്നതുപോലെ. അത് പുഴയായി താഴ്വാരത്തു കൂടി ഒഴുകുമോ. ഓർമയിൽ ഈ കുന്നും വിളിക്കാതെ തന്ന വസന്തവും ഇല്ലാതാവില്ലല്ലോ.…


മേരിയെഇനിക്കാണുമോ…കാണുമായിരിക്കും…നല്ലതൂവെള്ളഉടുപ്പുമിട്ടു..നേഴ്‌സായി…നെറ്റിയിൽ പനിയുണ്ടോ എന്ന് നോക്കി…സ്നേഹത്തോടെ ശുശ്രുഷിക്കുന്ന ഒരു മാലാഖയായി…വേണ്ട ഓർമ്മകൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നവയായി മാറുന്നു…പാലപ്പൂവിന്റെ മാദക ഗന്ധമുള്ള കുന്നു അപ്രത്യക്ഷമാവാൻ ഇനി അധികം നാളുകളില്ല  എന്നോർത്തപ്പോൾ ഹൃദയം വിങ്ങി …..ഓമന അടുത്ത തൊട്ടാവാടി തേടി കുതറി ഓടി…എല്ലാം ഒരു സ്വപ്നം പോലെ… 

 




********


No comments:

Post a Comment