Thursday, April 6, 2023

 

ഓർമയിലെ  ആദ്യത്തെ ക്രിസ്തുമസ് …..

 രണ്ടാം ഭാഗം

Cake ന്റെ മധുരം നുണഞ്ഞു പടികള്‍ ഇറങ്ങി. കൂടെ അസ്തമന സൂര്യനും. ഇരുട്ടിന്റെ യവനികക്കുള്ളിലേക്ക് കുന്നും കുടിയും മാഞ്ഞു പോയി.

നാളെ എന്ത് സമ്മാനം കൊടുക്കും....അത് മാത്രമായി ചിന്ത.

 മേരിയെ കണാന്‍ പോയ കാര്യം അമ്മയോട് പറഞ്ഞു. 'അമ്മ എന്നെ അടിച്ചില്ല എന്നേയുള്ളൂ. അവരെ പറ്റീ നല്ല അഭിപ്രായമില്ല നാട്ടുകാര്‍ക്ക് എന്ന് അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. പരിചയം ഇല്ലാത്ത ആൾക്കാരുടെ അടുത്ത് പോകരുത് എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന ശാസന കിട്ടി. മേരി എന്റെ ക്ലാസ്സിൽ  ആണ് എന്ന് പറഞ്ഞപ്പോഴാണ് അമ്മ തണുത്തതു. അവിടെ കണ്ട കാഴ്ച വിശദമായി പറഞ്ഞു. അനിയത്തിയും കേട്ടു. ഒരു ഗിഫ്ട്  കൊടുക്കണം. ഗിഫ്റ്റ് .....ന്നാൽ സമ്മാനം ഞാൻ ബോധ്യപ്പെടുത്തി...അതെല്ലാം എനിക്കുംഅറിയാം നീ പഠിപ്പിക്കേണ്ട...എന്നായി 'അമ്മ.

.

ദൈവത്തിന്റെ ഫോട്ടോ പോരെ… അനിയത്തി നിർദ്ദേശിച്ചു. അതാവുമ്പോൾ നമ്മുടെ പടിഞ്ഞാറ്റ (പൂജാ മുറി) യിൽ നിന്ന് ഒരെണ്ണം പൊക്കിയാൽ മതി. പക്ഷെ അവര്‍ക്കു നമ്മുടെ  ശിവന്റെയും പാര്‍വ്വതിയുടെയും പടങ്ങൾ  പറ്റില്ല. കുടിലിൽ  വിളക്കിന്  പകരം മെഴുകുതിരി ആണ് കത്തിക്കുന്നത്. അവിടെ രക്തം  ഒലിച്ചിറങ്ങുന്ന  ക്രിസ്തു രൂപം കണ്ടു എനിക്ക് വിഷമം തോന്നി. മറിയത്തിന്റെ ചിരിക്കുന്ന പടം മതിയായിരുന്നു അത് കിട്ടാൻ നിവൃത്തി യില്ല..

 ആ സമയത്തൊക്കെ സമ്മാനം കൊടുക്കുന്നത് കൃഷ്ണൻറെയും രാധയുടെയും, അല്ലെങ്കിൽ EMS & AKG, NEHRU & GANDHIJI എന്നിവരുടെ ചിത്രങ്ങൾ   അടിയില്‍ വധൂവരൻമാർക്കു  ആശംസകള്‍ എന്ന് ആലേഖനം ചെയ്തിട്ടു ഉണ്ടാവും..  ഒമ്പതാം ക്ലാസിലെ കമലാക്ഷി യുടെ കല്യാണത്തിനു എല്ലാരും പിരിവെടുത്ത് വീണ വായിക്കുന്ന സരസ്വതി യുടെ ഫോട്ടൊ ആണ് സമ്മാനമായി കൊടുത്തത്.

 അമ്മാ നമ്മുടെ ചിറ്റയുടെ ചെറിയ  ആടിനെ അടിച്ചു മാറ്റിയാലോ... പോടാ..... അമ്മയുടെ വക ഒരു ആട്ട്....എന്നാപ്പിന്നെ കോഴി കുഞ്ഞ്....അനിയത്തി ആണു ഇപ്രാവശ്യം എതിര്‍ത്തത്... കോഴി കുഞ്ഞു അവളുടെ സമ്പത്താണ്...

 നാളെ ആവട്ടെ...അമ്മ പറഞ്ഞു.  അമ്മക്ക് ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടെന്ന്‌ തോന്നി.. 

അടുക്കളയില്‍ നിന്ന് നറും വെണ്ണ ഉരുകുന്ന മണം കുമു കുമാ മൂക്കില്‍ തുളച്ചു കയറി. മണം പിടിച്ച് അടുക്കളയില്‍ എത്തി.... പായസം വെക്കുന്നുണ്ടോ എന്റെ ചോദ്യം . 

 ...അല്ല.....കാര (ഉണ്ണി) അപ്പം..അമ്മ ശങ്ക  ഒന്നും ഉണ്ടാക്കിയില്ല.

 നല്ല ഭംഗിയുള്ള വലിയ ചോക്ലേറ്റ് ടിന്നില്‍ നിറയെ മൊരിഞ്ഞ ഉണ്ണി അപ്പം നിറച്ച്  പേപ്പറിൽ പൊതിഞ്ഞു തന്നു. സമ്മാനം എനിക്ക് ഇഷ്ടപ്പെട്ടു. അത് എടുത്ത് താഴ്‌വാരത്തോട്ട് ഓടി. കുന്ന് മുഴുവൻ വര്‍ണ കടലാസ്സു കൊണ്ട് അലങ്കാരി ച്ചിട്ടു ണ്ട്. മൊത്തത്തില്‍ ഒരു വലിയ Christmas ട്രീ ചരിച്ചു വച്ച പോലെ. ക്ഷണം പടികള്‍ കയറി. നാലുമണി പൂക്കള്‍ വിടർന്നിട്ടില്ല.. മറ്റ് പൂക്കള്‍ വിടര്‍ന്നു കാറ്റില്‍ ആടി രസിക്കുന്നു. ഞാൻ മുകളിലെത്തി…

 നിശബ്ദതയുടെ നേര്‍ത്ത പാട പതുക്കെ ഭേദിച്ച് ഞാൻ മേരിയെ 2 തവണ വിളിച്ചു. 

 ആരാ..ഒരു കനത്ത ശബ്ദം..

 അകത്തുനിന്നും ഒരു അജാനബാഹു നൂണിറങ്ങി വന്നു...വര്ഗീസ് ..സിനിമ യിലെ പണ്ടത്തെ പ്രധാന വില്ലന്റെ  ഛായ, ചുരുട്ടിയ മീശ യുടെ താഴെ മുറി ബീഡി  വായിക്കകത്തേക്കും പുറത്തേക്കുമായി നീങ്ങുന്നു. പുക ചുരുള്‍ പല ഭാഗത്തേക്ക് ചീറ്റുന്നു. ഞാന്‍ പേടിച്ച് ജീവനും കൊണ്ട് ഓടാൻ  റെഡി ആയി.

പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു..പാല പൂവിന്റെ മണം. മേരിയുടെ മെലിഞ്ഞ നനവുള്ള കൈകൾ. സാമാന്യം ശക്തിയുണ്ട്...ഞാൻ മേരിയെ പെട്ടെന്ന്‌ കെട്ടിപിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു കരയാൻ തുടങ്ങി...

 അയ്യേ.. കരയുന്നോ...അപ്പാ ഒന്നും ചെയ്യത്തില്ല മേരി ധൈര്യം പകരാൻ ശ്രമിച്ചു...ഞാൻ പേടിച്ചു വിറച്ചു...നാണിച്ചു നിന്നു

കയ്യില്‍ എന്താ...നോക്കട്ടെ...

 മേരി എന്റെ കയ്യിലെ പൊതി കൈക്കലാക്കി...ഹായ്...നല്ല മണം...മേരി ഒന്നെടുത്ത് തിന്നു നോക്കി നല്ല സ്വാദ്...എന്തു മധുരം...ഒരെണ്ണം അവളുടെ അപ്പാക്ക് കൊടുത്തു അയാൾ മൊത്തം വായിലിട്ടു സ്വാദ് ഉണ്ട് എന്ന അര്‍ത്ഥത്തില്‍ മൂളി..

മേരി എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അനുസരണയോടെ അകത്ത് കടന്നു... മാഷുടെ മോനാ.. അല്ലേ...ഗുഹാന്തർ ഭാഗത്തുനിന്നും അയാളുടെ ശബ്ദം. ഞാന്‍ തല കുലുക്കി...

 

മേരിയുടെ അമ്മ പലവിധ പലഹാരങ്ങൾ നിരത്തി കൂട്ടത്തിൽ ഉണ്ണി അപ്പവും..ഒരു വിരുന്നു കാരന്‍ കൂടെ ഉണ്ടായിരുന്നു. ഒരു കുഞ്ഞാട്...അത് കാല്‍ പൊക്കി എന്റെ ശരീരത്തിലേക്ക്  വച്ചു...എന്നിട്ട്..പ്ലേറ്റ്ന്റെ മണം പിടിച്ചു..അതിനു ഒരു കഷ്ണം ഉണ്ണിയപ്പം കൊടുത്തു...

കറു മുറെ തിന്നു…

 ഇതെനിക്ക് Christmas gift കിട്ടീ….താ ഇതിന് അമ്മകൂടെ ഉണ്ട്...മേരി മൊഴിഞ്ഞു...ഒരാടിനെയും കുട്ടിയെയും വാങ്ങിയതാണ്.

ഇതിന് പേരുണ്ടോ?...ധൈര്യം സംഭരിച്ചു ചോദിച്ചു...ഇല്ല...നിന്റെ പേര് ഇടട്ടെ.....മേരി കളി ആയി പറഞ്ഞു.

വേണ്ട....ഞാന്‍  അല്പം ശബ്ദം കൂട്ടി തന്നെ പറഞ്ഞു.

എന്താ മോനേ നിന്റെ പേരിട്ടാൽ???...മേരിയുടെ അമ്മ

നിങ്ങ അതിനെ കൊന്നു കറി വെക്കില്ലേ....

എല്ലാവരും പൊട്ടി ചിരിച്ചു...

ഇതിനെ ഞാൻ ആര്‍ക്കും കൊടുക്കില്ല... മേരി ഉറപ്പിച്ചു...

 എന്നാൽ മോന്‍ ഒരു പേര് പറ…

 ഓമന...എല്ലാവരും അത് അംഗീകരിച്ചു.. ഓമന ….ഞങ്ങൾ കുഞ്ഞ് ആടിന് ‌ പേരിട്ടു. സമയം ഇരുട്ടിത്തുടങ്ങി…

 വല്ലപ്പോഴും വരണം...ചെടി കൾ തരാം...

 ഞാൻ കുന്നിൻറെ പടവുകൾ ഇറങ്ങി...

 മേരിയെ Christmas അവധി കഴിഞ്ഞു ക്ലാസിൽ  കാണാമെന്ന വിശ്വാസത്തോടെ....

ഓര്‍മയില്‍ എന്നും മാഞ്ഞ് പോകാത്ത…പാലപ്പൂ മണമുള്ള  Christmas....

 പില്ക്കാലത്തെ  മറ്റൊരു Christmas ഓര്‍മ്മ കള്‍ക്കും മേരിയുടെ Christmas ന്റെ ആർദ്രത  ഉണ്ടായിരുന്നില്ല.



*******


No comments:

Post a Comment