ഓർമയിലെ ആദ്യത്തെ ക്രിസ്തുമസ് …..
ഒന്നാം ഭാഗം
എട്ടാംക്ലാസിൽ പഠിക്കുമ്പോള്‍ ആണെന്നാണ് ഓര്‍മ....വീട്ടിനടുത്തുള്ള വലിയ കുന്നിൻ മുകളില്‍ ഒരു വീട് പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടു എന്ന് പറയാൻ കാരണം കുറച്ചു നാൾ മുന്നേ അതിലൂടെ പോയപ്പോൾ കണ്ടിട്ടില്ല.. ഞാന്‍ ഇന്ന് ആദ്യമായി ട്ടാണ് കാണുന്നത്. ഞാൻ വളരെ ചെറിയ കുഞ്ഞാണ് എന്ന വിചാരം കാരണം വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അപ്പുറം ഇതുവരെ വിട്ടിട്ടില്ല. ഇനി വീടിന്റെ കാര്യത്തിലേക്കു വരാം. വീട് എന്ന് പറയുന്നത് ഒരു അതിശയോക്തി ആണെന്ന് തോന്നാം, കുറെ ചില്ലകളും ഷീറ്റും കൊണ്ടു ഉണ്ടാക്കിയതാണ്. അതിനു ചുറ്റും പൂമ്പാറ്റ പോലെ ഒരു പെണ്‍കുട്ടി ഓടി നടക്കുന്നതു കാണാം. ഒരു കൈയില്ലാത്ത സ്ത്രീ, കുട്ടിയുടെ അമ്മ ആണെന്ന് തോന്നുന്നു മണ്ണില്‍ എന്തൊക്കെയോ നടുന്നു. കൈയില്ലാത്ത കാര്യം മറക്കാൻ അവർ പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട്.
കുന്നു താഴ്വാരത്തിൽ നിന്നും കണ്ടാൽ ഒരു കൊച്ചു കൊടുമുടി പോലെ തോന്നിക്കും.
മുകളിൽ നിന്നും ഒന്നു നിരങ്ങി യാല്‍ മതി താഴെ എത്തും. ധാരാളം പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നത് താഴ്‌വാരത്തു നിന്നും കാണാം, നല്ല ഭംഗി.
ഞാൻ ആയിടക്കാണ് ഈ സ്ഥലത്തുനിന്നും കുറച്ചകലെ ഉള്ള സ്കൂളിൽ
എട്ടാം ക്ലാസ്സിൽ ചേര്‍ന്നത്. ഈ താഴ്വാരത്തു കൂടെ സ്കൂളിലേക്ക് വഴിയുണ്ടോ എന്ന് അറിയാൻ വീട്ടുകാർ അറിയാതെ ഇറങ്ങിയതാ. പെട്ടെന്ന്
ആരോ അശരീരി പോലെ എന്റെ പേര് വിളിച്ചു. കുന്നിൻ മുകളില്‍ നിന്നും ആണ്. ഇങ്ങോട്ട്
നോക്കൂ….ഞാന്‍ മേരി…. ഓടി നടന്ന കൊച്ചു, ക്ലാസ്സിലെ മേരി ആണ്.
മേരിയാണ് നമ്മുടെ നാട്ടിലെ ആദ്യത്തെ കൃസ്ത്യാനി പെൺ കുട്ടി
എന്ന് പറയേണ്ടി വരും. വേറെ ആൾക്കാരുണ്ട്, അവരൊക്കെ ദാരിദ്ര്യം കൊണ്ട് മതം
മാറിയതാത്രേ. അവരെ ക്രിസ്‌ത്യൻ ആയി ആരും കണക്കാക്കിയില്ല. മേരി
അങ്ങനെ അല്ലാ, നമ്മുടെ ഭാഷ അല്ല അവര്‍ സംസാരിക്കുന്നതു. ഒരുതരം പാഠ
പുസ്തക, അച്ചടി ഭാഷ. ആദ്യ ദിവസം തന്നെ മേരി
ക്ളാസിൽ പാട്ടുപാടി ....വാതിൽ തുറക്കൂ നീ കാലമേ... കണ്ടോട്ടെ സ്നേഹ സ്വരൂപമേ...
മനോഹരമായി പാടി എല്ലവരും കൈയടിച്ചു.
ആ മേരി യാണു വിളിക്കുന്നത്. കേറി വാ... ഇവിടെ പട്ടി ഒന്നുമില്ല... നമ്മൾ നായ
എന്നാണ് പറയാറ്..ശങ്കിച്ചു ഞാന്‍ പടികൾ കേറാന്‍ തുടങ്ങി സ്വർഗ ത്തിലോട്ടുള്ള പടികൾ പോലെ തോന്നിച്ചു രണ്ടു ഭാഗത്തും വയലറ്റ് നിറത്തിലുള്ള ധാരാളം നാലു മണി
പൂക്കള്‍ വിടര്‍ന്നു നിൽക്കുന്നു. ചെണ്ടുമല്ലി, റോസ്, അങ്ങനെ പലതും. ഏതോ ലോകത്തേക്ക് ആരുടെയോ പ്രലോഭനത്താല്‍
നീങ്ങുന്നു, കുളിര് പരക്കുന്ന വൈകുന്നേരത്തെ ചെറു തെന്നൽ
തലോടിക്കൊണ്ട്കൂട്ടി കൊണ്ടുപോകുന്നതായ് തോന്നി. വേഗം വാ...മേരി മുകളില്‍ നിന്നും
സന്തോഷത്തോടെ വിളിച്ചു കൊണ്ടേയിരുന്നു. ഞാൻ മുകളില്‍ എത്തി. ചെറിയ കുടില്‍. നല്ല
വൃത്തി. ഒരു പുൽകൂട്ടില്‍ എന്തൊക്കെയോ ചെയതു വച്ചിട്ടുണ്ട്. ഞാൻ അതിശയത്തോടെ
നോക്കി നിന്നു.
ഇതു പുല്‍ക്കൂട് യേശു ജനിച്ച സ്ഥലം. എന്നെ സംബന്ധിച്ചു ഇതെല്ലാം പുതിയ
അറിവാണ്…. കാഴ്ചയാണ്. നബി തിരുമേനിയെ മാത്രമെ കേട്ടിട്ടുള്ളൂ അത് അള്ളാ എന്ന് വിളി. നമ്മൾ ഹിന്ദുക്കളും പലപ്പോഴും അള്ളാ
എന്ന് വിളിക്കും. അള്ളാ നീ പണി പറ്റിച്ചാ..എന്നിങ്ങനെ.
ഞാൻ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണി ക്രിസ്തുവിനെ കൈകള്‍കൊണ്ട്
തഴുകി. ഞങ്ങളുടെ ഇടയിലൂടെ ഒരു പിടി അന്തി കതിര്‍ തിക്കി
തിരക്കി പുല്‍ക്കൂടിലോട്ട് എത്തി നോക്കി. അവിടം സ്വർണ രശ്മി
കളാൽ പ്രഭാ പൂരിതമായി.
എന്റെ ആദ്യത്തെ Christmas. ഞങ്ങളുടെ ചുണ്ടുകളിൽ ആനന്ദത്തിന്റെ ചിരി വിടര്‍ന്നു. ഞാൻ മേരിയുടെ കൂടെ എല്ലാം
നോക്കിക്കണ്ടു. നാളത്തെ Christmas ആഘോഷത്തിനാണ് ഇതൊക്കെ. എനിക്കും ആ നാട്ടുകാരായ കൂട്ടുകാര്‍ക്കും ഒരാഴ്ച ഒഴിവ്
അത് മാത്രമാണ് Christmas. വേറെ പ്രാധാന്യമൊന്നും കല്പിച്ചിട്ടില്ല. ഇന്ന് മേരി
അതു മാറ്റി മറിച്ചു .
മേരിയുടെ അമ്മ വിളിച്ചു ഒരു കഷ്ണം cake തിന്നാൻ തന്നു...
കഴിച്ചേ...ഇറച്ചി ഒന്നും അല്ലാ.. മേരി മൊഴിഞ്ഞു.
ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്ന പുതിയ ഒരു പലഹാരം…. cake... എന്തൊക്കെയോ മണം അനുഭവപ്പെട്ടു പാലപ്പൂവിന്റെ മാദക ഗന്ധം തന്നെ
പ്രധാനമായും തോന്നിയത് പിന്നെ പല പല സാധനങ്ങൾ നിറച്ച നല്ല സ്വാദുള്ള പലഹാരം.. അറിയാതെ എന്റെ മുഖം
സന്തോഷം കൊണ്ടു വിടർന്നത് മേരി കൌതുകത്തോടെ
ആസ്വദിച്ചു….ഇഷ്ടായോ.....
ചിരിച്ചു കൊണ്ട് ഞാന്‍ തല ആട്ടി .
എന്റെ ആദ്യത്തെ Christmas cake.
ഏലക്ക ഇട്ട ചുക്ക് കാപ്പിയും
കുടിച്ചു...
മേരി പറഞ്ഞു “ഹാപ്പി Christmas….. “
തിരിച്ചു എന്ത് പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി...
ഹാപ്പി Christmas എന്ന് തിരിച്ചു പറഞ്ഞാമതി...മേരിയുടെ അമ്മ
ഇത്രയേ ഉള്ളൂ...ഹാപ്പി Christmas ഞാൻ തെല്ലു നാണത്തോടെ പറഞ്ഞു.. മേരിയുടെ അമ്മ എന്റെ
കവിളിൽ ചെറുതായി നുള്ളി.
Christmas ഗിഫ്റ്റ് തരണം. ...നാളെ വരണം എന്നു പറഞ്ഞു യാത്രയാക്കി…
Cake ന്റെ മധുരം നുണഞ്ഞു പടികള്‍ ഇറങ്ങി. കൂടെ അസ്തമന സൂര്യനും. ഇരുട്ടിന്റെ യവനികക്കുള്ളിലേക്ക്
കുന്നും കുടിയും മാഞ്ഞു പോയി.
നാളെ എന്ത് സമ്മാനം
കൊടുക്കും....അത് മാത്രമായി ചിന്ത.
**********
No comments:
Post a Comment