Tuesday, February 28, 2023

 

ആയിശുമ്മ…….

 

ഇത് ആയിശുമ്മയുടെ കഥയാണ്. അവരെ, ഏതൊരു ഗ്രാമ വൃദ്ധയെയും പോലെ ആരും തന്നെ ഇത് വരെ  ശ്രദ്ധിച്ചിട്ടില്ല എന്നിട്ടു വേണ്ടേ അവരെപ്പറ്റി എഴുതാൻ. അവർ മിക്കവാറും ഈ  കോലായിൽ ഇങ്ങനെ  ഇരിക്കുന്നത് കാണാത്ത ആരും ഈ നാട്ടിൽ ഉണ്ടാവില്ല. എത്ര വയസ്സായി കാണും ആയിഷുമ്മക്കു. ഇതേ വേഷത്തിൽ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട്‌. തേഞ്ഞു നിറം മങ്ങിയ കസവു കരയുള്ള തട്ടം. യഥാർത്ഥ നിറം മഞ്ഞയാണോ എന്ന് സംശയം. പിന്നെ പച്ചക്കരയുള്ള മുണ്ടു. കൈ മുഴുവൻ മറക്കുന്ന നീളൻ കൈയുള്ള ജുബ്ബ പോലുള്ള ഉടുപ്പ്. മുക്ക് പണ്ടത്തിൻറെ  കമ്മൽ. നേരിയതും ചെറുതുമായ സ്വർണ മാല. ഇത്രയും ആണ് വേഷം. മുഖത്ത് എപ്പോഴും വല്ലാത്ത ആവലാദിയുടെ മായാത്ത കറുത്ത രേഖകൾ. എന്നാലും ആരെക്കണ്ടാലും നിറയെ സ്നേഹവായ്‌പോടെ പുഞ്ചിരിക്കും. കുട്ടികളോട് പ്രത്യേകിച്ചും. കുശലവും പറയും. 

വിശാലമായ പാടത്തിന്റെ നടുവിൽ ഒരു മൺ ദ്വീപ്, കുനിമ്മൽ എന്ന് നാട്ടു ഭാഷ്യം, അതിൽ ഓലയും ഓടും കൊണ്ടുള്ള ഒരു ചെറിയ പുര. അവിടെ ഉമ്മയും മകൻ ഹസ്സനും താമസിക്കുന്നു.

ഹസ്സന്റെ ബാപ്പയെ ആരും കണ്ടിട്ടില്ല. നമ്മൾ അരൂപിയായി എവിടെ യെങ്കിലും ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു. ഉമ്മാക്ക് ഹസ്സനോട് ദേഷ്യം വരുമ്പോൾഹറാം പിറന്നോന്റെ മോനെ ….എന്ന് അഭിസംഭോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. ഹസ്സൻ ബാപ്പാനെ ഓർക്കാറുണ്ടെന്ന് തോന്നുന്നില്ല. അവന് ബാപ്പയും ഉമ്മയും ആയിശുമ്മ തന്നെ. 

ഉമ്മ യുടെ പ്രധാന ജീവനോപാധി എണ്ണ പലഹാരങ്ങൾ ഉണ്ടാക്കി അടുത്തുള്ള കടകളിൽ വിറ്റു കിട്ടുന്നവരുമാനം ആണ്. മധുരം നിറച്ച സമോസ രൂപത്തിലുള്ള മൊരിഞ്ഞ പലഹാരം ഉമ്മയുടെ മാസ്റ്റർ പീസ് ആണ്. കൂടാതെ പൊട്ടി അപ്പം (diamond cut), പലതരം മുറുക്കുകൾ, എണ്ണ പത്തിരി എല്ലാം ഒന്നിനൊന്നു സ്വാദിഷ്ടം. ഉമ്മയുടെ കൈ പുണ്യം പിന്നെ സ്നേഹത്തിൻെറ തേൻ കൂടെ ചേർത്തതാണ് സ്വാദിന്റെ രഹസ്യം എന്ന് നാട്ടുകാർ പറയും. ഉൽസവ കാലങ്ങളിൽ ധാരാളം ഉണ്ടാക്കും. നല്ല ചിലവാണ്. ധ്യാന നിരതയായി ഉമ്മ പലഹാരം ഉണ്ടാക്കുന്നത് കൗതുകത്തോടെ കുട്ടികൾ വായിൽ വെള്ളം ഊറിക്കൊണ്ടു നോക്കിനിൽക്കും. 

ആയിശുമ്മക്കു നമ്മൾ കുട്ടികളെ വലിയ ഇഷ്ടമാണ്. ഞങ്ങളാണ് പലഹാരത്തിന്റെ പ്രധാന ആവശ്യക്കാർ. അതും ഇഷ്ടത്തിന് ഒരു കാരണം ആണ്. രണ്ടാമത്തേത് രസകരമായ കാര്യമാണ്. ഉമ്മ പുകവലിക്കും, പൊതുവെ സ്ത്രീകൾ ആരും തന്നെ ചെയ്യാത്തകാര്യം ആയതിനാൽ  നാട്ടുകാർക് അതൊരു കൗതുകമായിരുന്നു. ഞങ്ങൾ കുട്ടികളുടെ ജോലി ഉമ്മാക്ക് വേണ്ടി, ആൾക്കാർ വഴിയിൽ വലിച്ചു കളഞ്ഞ നല്ല ഉണങ്ങിയ ബീഡിക്കുറ്റികൾ പെറുക്കി കൊടുക്കലാണ്. പകരം പൊടിഞ്ഞ പലഹാര കഷണങ്ങൾ തരും.

പൊട്ടിയായാലെന്താ….തിന്നുമ്പോൾ പൊട്ടില്ലേ?....” അതാ ഉമ്മയുടെ ന്യായം. അംഗീകരിക്കുകയെ നിവൃത്തിയുള്ളു. ഞാൻ ഹസ്സന്റെ അടുത്ത കൂട്ടുകാരൻ ആയതു കൊണ്ട് സ്വകാര്യമായി പൊട്ടാത്തതു കിട്ടും. അത് മറ്റുള്ളോർക്കു അസൂയ ഉണ്ടാവാൻ പൊക്കി കാണിക്കുകയും ചെയ്യും.ഓൻ ചെറിയതല്ലേ അതാ കൊടുത്തതു…ഉമ്മ പറയും.

ഒഴിവു ദിനങ്ങളിൽ ഹാസ്സനോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോകൽ വലിയ സന്തോഷമുള്ള കാര്യമാണ്. ഹസ്സൻ തഞ്ചത്തിൽ മീൻ പിടിക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുതരും. ഹസ്സന് എല്ലാത്തിലും നല്ല പ്രാവീണ്യമാണ്. ഒരേറിനു ഏതു ഉയരത്തിലുള്ള മാങ്ങയും താഴത്തെത്തിക്കും. എന്റെ ഏറു മരത്തിന്റെ പകുതി വരെ എത്തിയാൽ ആയി. നല്ല ബലവാനാണ് ആൾ. 

ഞങ്ങൾ മീനൊക്കെ ഉമ്മയെ ഏൽപ്പിക്കും. ഉമ്മ തിണ്ണയിൽ ഇരുന്നു അകലെ കാറ്റു തലോടുന്ന പച്ച പാടവും, നീലാകാശത്തിനെ  മെല്ലെ വേദനിപ്പിക്കാതെ തലോടുന്ന മയിൽ പീലി തെങ്ങോലകളെയും നോക്കി യിരിപ്പാണ്. മധ്യാഹ്നത്തെ ഇളം ചൂടുള്ള വായു ഉമ്മയെ തലോടി. ഏതോ അഗാധ ചിന്തയിൽ മുഴുകി വിവിധ ഭാവങ്ങൾ ഉമ്മയുടെ മുഖത്ത് കൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ഉമ്മ അനക്കം കേട്ട് ഉണർന്നു.ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കയാണ്…ഇവന്റെ ഉപ്പാ നമ്മളെ ഒറ്റക്കാക്കി ഒറ്റ പോക്ക് പോയി.. അത് ബല്യ സങ്കടല്ല… ഇവന്റെ ഇക്ക, ന്റെ മോൻ പോയതാ.. സഹിക്കാൻ പറ്റാത്തത് …

ഏതോ ഏജന്റ വഴി ഉരുവിൽ അറബി നാട്ടിലേക്കു പോയതാ..പിന്നീട് ഒരുവിവരവും ഇല്ല. ചില ആൾക്കാർ അവിടെ കണ്ടു എന്നൊക്കെ സമാധാനിപ്പിക്കാനാണെന്നു തോന്നുന്നു പറയും. പാവം അത് വിശ്വസിക്കും. അറബി നാട് ഞങ്ങൾക്കെന്നപോലെ ഉമ്മക്കും എവിടെയാണെന്ന് ഒരുവിവരവും ഇല്ല. കടലിനക്കരെ ഉള്ള ദ്വീപോ മറ്റോ.. അവിടെ പോയാൽ പൊന്നു, വിലകൂടിയ അത്തർ, കനമില്ലാത്ത റ്റെർലിൻ തുണിത്തരങ്ങൾ അങ്ങനെ പലതും ധാരാളം കൊണ്ടുവരാം.ദാരിദ്ര്യം എല്ലാം മാറും. ഒരിക്കൽ എന്റെ മോനും തിരിച്ചുവരും വരാതിരിക്കില്ല ഉമ്മ ഹസ്സനെ തലോടിക്കൊണ്ട് സമാധാനപ്പെടും.നീ എവിടെയും പോകണ്ട..ഉമ്മ ഹസ്സനോടായി പറയും. ഇക്ക കൈ നിറയെ അറബി സാധനങ്ങളും ആയി വരും എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്കും സന്തോഷമാകും. ഉമ്മ ഭംഗിയായി പുഞ്ചിരിച്ചു.

 

എല്ലാ ഓണത്തിനും മറ്റുവിശേഷ ദിവസങ്ങളിലും സദ്യ വട്ടങ്ങൾ ആയിഷുമ്മ യുടെ വീട്ടിൽ ചുറ്റുവട്ടത്തുള്ളവർ നിര്ബന്ധമായി എത്തിക്കും. ഓണമാണെങ്കിൽ ഹസ്സൻ മിക്കവാറും ഏതെങ്കിലും വീട്ടിൽ നിന്നും സദ്യ കഴിച്ചിട്ടുണ്ടാവും. ഉമ്മയുടെ പുരയുടെ ചുറ്റുമുള്ള പാടത്തുനിന്നും കുട്ടികൾ പൂക്കൾ ശേഖരിക്കും ഹസ്സൻ മുൻപന്തിയിൽ തന്നെ ഉണ്ടാവും. പൂക്കളമത്സരത്തിനു എല്ലാവരും ചേർന്ന് വലിയ പൂക്കളം മാഷുടെ വീട്ടിൽ ഒരുക്കും. അതാ പതിവ്.  

 

ഈആഘോഷങ്ങൾ എല്ലാം ഉമ്മയും മറ്റുള്ളവരെ പ്പോലെ ആസ്വദിച്ചിരുന്നു. എന്നാലും ഹസ്സനെ ഓർത്തു ആവലാതി പ്പെടും. കാരണം, ഇക്ക യെ പ്പോലെ ഇവനും അറബി നാട്ടിൽ പോകുമോ എന്ന ഭയം. ഹസ്സൻ പഠിത്തത്തിൽ അത്ര ശ്രദ്ധിക്കുന്ന കൂട്ടത്തിൽ അല്ല. എന്നാൽ കണക്കു കൂട്ടാൻ മിടുക്കനാണ്. അവനു കടപ്പുറത്തെ വലിയ മീൻ കച്ചോട കക്കാരനായി ഹാജിയാരെ പ്പോലെ വിലസണം അതാ ആഗ്രഹം എന്ന് ഇടക്കിടെ പറയും. അതുകൊണ്ടു ഉമ്മയെ പറഞ്ഞു സമാധാനിപ്പിക്കും ഞാൻ.

 

ഇത്തവണത്തെ ഓണം പൊടി പൊടിക്കണം. കടപ്പുറത്തേക്ക് ഒരു യാത്രയോ ടൗണിലെ ടാൽകീസിൽ നിന്നും ഒരു സിനിമ അതും കൂടി ആലോചിച്ചു. നേരത്തെ ഹസ്സനുമായി സംസാരിച്ചതാ. പ്രാതലും കഴിഞ്ഞു ഹസ്സന്റെ പുരയിലേക്ക് പുറപ്പെട്ടു. ഒരുനിശ്ശബ്ദത ആളനക്കം ഇല്ല. എന്തുപറ്റി. വീട് പൂട്ടിക്കിടക്കുന്നു. വാടക ഒടുക്കാഞ്ഞതിനു കുറച്ചു നാൾ മുമ്പ് ഒരാൾ വന്നു ഒച്ച വച്ചിരുന്നു. ഒരു പൂച്ച സങ്കടത്തോടെ ചുറ്റും നടക്കുന്നുണ്ട്. കൂടെ ഞാനും ചുറ്റിലും നടന്നു.ഹസ്സൻ പറയാതെ പോയതിൽ എല്ലാർക്കും വിഷമമായി. അവർ കടപ്പുറം ഭാഗത്തേക്ക് താമസം മാറി എന്ന് തോന്നുന്നു ആൾക്കാർ പറഞ്ഞു.  അമ്മക്ക് ഹസ്സൻ കൂടെയുണ്ട് എന്നറിഞ്ഞാൽ വലിയ ധൈര്യമായിരുന്നു. അവൻ എല്ലാവരെയും ശ്രദ്ധിക്കും. കടപ്പുറത്തേക്കാണെങ്കിൽ പറഞ്ഞിട്ട് പോയാൽപ്പോരേ. ഒരു പ്രാവശ്യം ഹസ്സന്റെ കൂടെ കിലോമീറ്ററുകൾക്കപ്പുറമുള്ള കടപ്പുറത്തേക്ക് പോയതാ. നേരം ഇരുട്ടടിയിട്ടും അവൻ തിരിച്ചു വരാൻ മടിച്ചിരുന്നു. കടലിന്റെ പരപ്പിൽ മുങ്ങാംകുഴി ഇടുന്ന കടലാനയെ അന്നാണ് കണ്ടത്. പിന്നീടാണ് അത് dolphin അന്നെന്നു മനസ്സിലായത്. അവൻ കടലിന്റെ അനന്തതയിലേക്ക്…ദൂരെ ഇളക്കമില്ലാത്ത ജലപ്പരപ്പു ചക്രവാളത്തെ ചുംബിച്ചു ചുവപ്പിക്കുന്നു, ഒരു നേർ രേഖ. അങ്ങനെ അവിടെ കണ്ണും നട്ടു നിൽപ്പാണ് . അവിടെ നിന്നായിരിക്കും അവന്റെ ഇക്ക അബ്ദു കൈ നിറയെ പൊന്നുമായി അനുജന്റെ അടുത്തേക്ക് നീന്തി വരിക. അവന്റെ കണ്ണുകൾ തിളങ്ങി. ഹസ്സാ നേരം ഒരുപാടായി പോവാം. ഞാൻ പലപ്രാവശ്യം പ്രറയേണ്ടി വന്നു .  

 

  കാലം പലപ്രാവശ്യം ഓണം ആഘോഷിച്ചു കടന്നു പോയി. ആചാരങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെ. ഓണത്തിന്റെ പൂപ്പറിക്കലും പങ്കുവെക്കലും ആർക്കും ആവശ്യമില്ലാതായി. ഗൾഫിൽ നിന്നും നാട്ടിൽ വരുമ്പോൾ ഒക്കെ കടപ്പുറത്തേക്ക് പോണം എന്ന് എപ്പോഴും വിചാരിക്കും. ഒരിക്കലും പറ്റിയിരുന്നില്ല. ഞാൻ ഈ ഓണത്തിന് അങ്ങോട്ട് തന്നെ പോയി. നമ്മുടെ  ഹസ്സൻ ചിലപ്പോൾ അവിടെ ഉണ്ടായാലോ. കടപ്പുറം ആകെ മാറിയിരിക്കുന്നു. അവിടവിടെ കടകൾ. ഓളപ്പരപ്പിലൂടെ ചീറിപ്പായുന്ന ബോട്ടുകൾ. ഇരിക്കാൻ ചാരു കസേരകൾ, വർണ കുടകൾ. വലിയ പാർക്ക് രൂപം കൊണ്ടിരിക്കുന്നു. കുറച്ചകലെ ഒരു സ്റ്റാളിൽ നിന്നുംമീനെ …മീനെ….എന്ന വിളി. ഹസ്സന്റെ ശബ്ദം എവിടെ നിന്നായാലും തിരിച്ചറിയും.എടാ…പഹയാ…ആരാണ് ആദ്യം പറഞ്ഞത് എന്ന് പറയാനാവില്ല. കൈലുള്ള മീൻ വെള്ളമൊന്നും കൂസാതെ അവൻ എന്നെ കെട്ടി പുണർന്നു.എടാ രമേശാ എത്രനാളായി.. നീ മറന്നില്ലല്ലോ…അവൻ സന്തോഷം കൊണ്ട് കരയുന്ന വക്കിലെത്തി. 

 

ഞങ്ങൾ ഹസ്സന്റെ വീട്ടിലേക്കു തിരിച്ചു.ആരിതു… എന്റെ മോൻ ലമേശ നല്ലേ…ഉമ്മാക്ക് മനസ്സിലാവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. എന്റെ അതിശയം കണ്ടിട്ട് ഉമ്മ പറഞ്ഞു.നിന്നെയെങ്ങനെ മറക്കും…ആരോടും പറയാതെ പോയതിൽ ഞാൻ പരിഭവപ്പെട്ടു. എല്ലാം പെറുക്കി ഉടൻ ഇറങ്ങണം എന്ന് പറഞ്ഞാൽ എന്താ ചെയ്യാ..നമ്മളെ പുരയല്ലല്ലോ…ഉമ്മ ആവും വിധം സൽക്കരിച്ചു.

ഒരിടം വരെ പോണം ഒന്നും മറുത്തു പറയണ്ട. നിർബന്ധിച്ചു പറഞ്ഞപ്പോൾ ഹസ്സനും ഉമ്മയും കാറിൽ കയറി.ഉമ്മാ രമേശന്റെ പുതിയ കാർ ആണ്….

എനക്ക് പെരുത്ത് സന്തോഷായി.. എന്റെ മോൻ നന്നായല്ലോ ….ഉമ്മ കണ്ണ് തുടച്ചു .ഞാൻ ഇതുവരെ ബസിലെ കേറീട്ടുള്ളു.. ആദ്യമായി നിന്റെ കാറിൽ തന്നെ കേറിയതു എന്റെ ഭാഗ്യം “...ഉമ്മ മർദ്ദവമുള്ള ഇരിപ്പിടം സ്പർശിച്ചു. ഉമ്മക്കു  യാത്ര ഇഷ്ടമായി.

 

കാർ  വീട്ട് മുറ്റത്തു നിർത്തി.ഇത് നമ്മൾ പണ്ട് താമസിച്ച കുനി അല്ലെ … ആരതാ ഈ പുതിയ വീട് …ഞാൻ കുനി വാങ്ങിയതും റോഡ് ഉണ്ടാക്കിയതും വീട് വച്ചതും എല്ലാം പറഞ്ഞു. മുറ്റത്തെ വലിയ പൂക്കളവും സദ്യയും ഉമ്മയും ഹസ്സനും ആവോളം ആസ്വദിച്ചു. എല്ലാവർക്കും എനിക്ക് പ്രത്യേകിച്ചും സന്തോഷമായി. 

ഉമ്മാ ഇനി ഇവിടെ താമസിച്ചാൽ മതി…ഞാൻ നാളെ ഗൾഫിലേക്ക് പോകും ഇവിടെ ആരും താമസിക്കാൻ ഇല്ല …

അയ്യോ …അതുവേണ്ട.. നീ ഈ പറഞ്ഞത് തന്നെ പടച്ചോന്റെ കൃപ..എനിക്ക് ആ കടപ്പൊറം തന്നെ ഇനി ഉള്ള ജീവിതം …..” 

 

ഹസ്സനെയും ഉമ്മയെയും കടപ്പുറത്തു വീട്ടിൽ കൊണ്ട് വിട്ടു. അസ്തമന സൂര്യൻ സന്ധ്യക്ക്‌ വഴിമാറി കടലിന്റ അഗാധതയിലേക്കു ഊളിയിട്ടു. മധുരമുള്ള ഒരുവേദന യായി ഈ ഓണം ഓർമയിൽ ഉണ്ടാവും ….

 

************

 


No comments:

Post a Comment