Sunday, April 16, 2023

 

തറവാട്ടിലെ ഏതാനും തെയ്യങ്ങൾ 

 

കണ്ണൂരിൽ മിക്കവാറും വലിയ തറവാടുകളിൽ, വീടിനോടു അനുബന്ധിച്ചു ഒരു കാവ് ഉണ്ടാവും..കാവും അമ്പലവും തമ്മിൽ വ്യത്യാസമുണ്ട്. പ്രധാനമായും കാവുകളിൽ നിത്യ പൂജകൾ ഉണ്ടാവില്ല എന്നാൽ എല്ലാദിവസവും പണ്ടുകാലങ്ങളിൽ വൈകുന്നേരം വിളക്ക് തെളിയിക്കും. രാത്രി കാലങ്ങളിൽ വഴിയാത്രക്കാർക്ക് ഈ ഇത്തിരി വെട്ടം തുണയാകാറുണ്ട്. കാവിനോട് അനുബന്ധിച്ചു ചെറുതും വലുതുമായ ഒരു  കാടു സംരക്ഷിച്ചു പോന്നിരുന്നു. ഈ കാവുകൾ നാട്ടിന് കുളിർമയും പരിസ്ഥിതി സൗഹൃദവുമാണെന്നു പറയേണ്ടല്ലോ. കാവുകൾക്കു വിശാലമായ മുറ്റവും ഉണ്ടാവും. അവിടെവെച്ചാണ് തെയ്യങ്ങൾ കെട്ടി ആടുന്നത്. 

 

തെയ്യങ്ങൾ, ആൺ തെയ്യവും പെൺ തെയ്യവും ഉണ്ട്. മുത്തപ്പൻ, കുട്ടിച്ചാത്തൻ, വിഷ്ണുമൂർത്തി, കതിർവർണൂർ വീരൻ മുതലായ ആൺ തെയ്യങ്ങൾ. ഇവ വിഷ്ണു വിന്റേയും ശിവന്റെയും അവതാരങ്ങൾ ആയിട്ടാണ് കരുതുന്നത്. മിക്ക തെയ്യങ്ങൾക്കും ഓരോരോ ഐതിഹ്യങ്ങൾ ഉണ്ട്. ആ ഐതിഹ്യങ്ങൾ  മിക്കവാറും കീഴാള ജാതിയിൽ പെട്ടവരെ ചതിച്ചു കൊന്നിട്ടുള്ളതായിരിക്കും പിന്നീട് മരിച്ചവർ മൂർത്തികളായി അവതരിക്കുകയാണ്. പെൺ തെയ്യങ്ങളും അങ്ങനെതന്നെ. വലിയ തമ്പുരാട്ടി, ഉച്ചിട്ട, പൈഞ്ചുരുളി, ഭദ്രകാളി തുടങ്ങി തെയ്യങ്ങൾ വലിയ ശക്തി യുള്ള താനെന്നാണ് കരുതുന്നത്. 

 

 

കുട്ടിച്ചാത്തൻ                                             കുട്ടിച്ചാത്തൻ തോറ്റം  







പൊട്ടൻ തെയ്യത്തിനു വേറെത്തന്നെ പ്രത്യേകത ഉണ്ട്. ശങ്കരാചാര്യർ സർവജ്ഞപീഠം  കയറി വിജയശ്രീ ലാളിതനായി തിരിച്ചു വരുമ്പോൾ മേലാസകലം ചെളിയുമായി ഒരു കീഴ്‌ജാതി ക്കാരൻ കർഷകൻ വഴിയിൽ 



 

ഭഗവതി  10 അടി പൊക്കമുള്ള മുടി 

 

 

ചാമുണ്ടി 

 

 

പൊട്ടൻ തെയ്യം 

 

ഉച്ചിട്ട അപൂർവം കെട്ടിയാടുന്ന തെയ്യം 




വരമ്പത്തു നിൽക്കുന്നു. ശങ്കരാചാര്യർ വഴിമാറാൻ പറഞ്ഞു. വഴിമാറാൻ താങ്കൾ ആരാണ് എന്ന് പണിക്കാരൻ. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾക്ക് തന്നെ പറ്റി അറിയാത്തത് വലിയ തെറ്റൊന്നു മല്ലല്ലോ. ആചാര്യർ ആരാണെന്നു പറഞ്ഞു. സർവജ്ഞപീഠം കയറിയ ആളാണെന്നും ആയതിനാൽ വഴിമാറി തരണമെന്നും പറഞ്ഞു. 

 

അപ്പോൾ കൃഷിക്കാരൻ ഞാനും ഒട്ടും മോശമില്ലാത്ത ആളാണെന്നു പറഞ്ഞു തുടങ്ങുന്ന തോറ്റം (തെയ്യത്തിനു കോലം കിട്ടുന്നതിന് മുന്നെ  ഐതിഹ്യങ്ങൾ പാട്ടുരൂപത്തിൽ പാടിഅവതരിപ്പിക്കുന്നത്)   പാട്ടു ഏറെ പ്രശസ്തമാണ്. എന്റെ ശരീരത്തിലും നിന്റെ ശരീരത്തിലും ഓടുന്ന രക്തത്തിനു നിറവ്യത്യാസമില്ല. ഞാൻ ശരീരത്തിൽ ചെളി തേക്കുന്നത് മണക്കാനല്ല പിന്നെ നാട്ടുകാർക്ക് വിശപ്പടക്കാനാണ്…ഇത്രയും ആയപ്പോൾ ആചാര്യർക്കു സർവജ്ഞപീഠം കയറിയ ആളാണെങ്കിലും ഇനിയും പഠിക്കാനുണ്ട് എന്ന് മനസ്സിലായി. മുന്നിൽ നിൽക്കുന്ന ആൾ സാധാരണ ക്കാരനല്ല ഭഗവാൻ ശിവൻ തന്നെ യാണെന്നും മനസ്സിൽ തെളിഞ്ഞു. 

 

തെയ്യങ്ങൾ  മലയൻ, വണ്ണാൻ തുടങ്ങി കീഴാള സമുദായക്കാരാണ് കെട്ടിയാടുക. രാജാവ് തൊട്ട് എല്ലാ സവർണരും തെയ്യത്തെ വണങ്ങുന്നത് എല്ലാ വിഭാഗങ്ങളും ഒന്നാണെന്ന് ഉള്ള ബോധ്യം ഉണ്ടാവാൻ സാധിക്കു മാറാവൻ കഴിഞ്ഞെങ്കിൽ നന്നായേനെ.


Thursday, April 6, 2023

 

ഓർമയിലെ  ആദ്യത്തെ ക്രിസ്തുമസ് …..

 രണ്ടാം ഭാഗം

Cake ന്റെ മധുരം നുണഞ്ഞു പടികള്‍ ഇറങ്ങി. കൂടെ അസ്തമന സൂര്യനും. ഇരുട്ടിന്റെ യവനികക്കുള്ളിലേക്ക് കുന്നും കുടിയും മാഞ്ഞു പോയി.

നാളെ എന്ത് സമ്മാനം കൊടുക്കും....അത് മാത്രമായി ചിന്ത.

 മേരിയെ കണാന്‍ പോയ കാര്യം അമ്മയോട് പറഞ്ഞു. 'അമ്മ എന്നെ അടിച്ചില്ല എന്നേയുള്ളൂ. അവരെ പറ്റീ നല്ല അഭിപ്രായമില്ല നാട്ടുകാര്‍ക്ക് എന്ന് അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. പരിചയം ഇല്ലാത്ത ആൾക്കാരുടെ അടുത്ത് പോകരുത് എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന ശാസന കിട്ടി. മേരി എന്റെ ക്ലാസ്സിൽ  ആണ് എന്ന് പറഞ്ഞപ്പോഴാണ് അമ്മ തണുത്തതു. അവിടെ കണ്ട കാഴ്ച വിശദമായി പറഞ്ഞു. അനിയത്തിയും കേട്ടു. ഒരു ഗിഫ്ട്  കൊടുക്കണം. ഗിഫ്റ്റ് .....ന്നാൽ സമ്മാനം ഞാൻ ബോധ്യപ്പെടുത്തി...അതെല്ലാം എനിക്കുംഅറിയാം നീ പഠിപ്പിക്കേണ്ട...എന്നായി 'അമ്മ.

.

ദൈവത്തിന്റെ ഫോട്ടോ പോരെ… അനിയത്തി നിർദ്ദേശിച്ചു. അതാവുമ്പോൾ നമ്മുടെ പടിഞ്ഞാറ്റ (പൂജാ മുറി) യിൽ നിന്ന് ഒരെണ്ണം പൊക്കിയാൽ മതി. പക്ഷെ അവര്‍ക്കു നമ്മുടെ  ശിവന്റെയും പാര്‍വ്വതിയുടെയും പടങ്ങൾ  പറ്റില്ല. കുടിലിൽ  വിളക്കിന്  പകരം മെഴുകുതിരി ആണ് കത്തിക്കുന്നത്. അവിടെ രക്തം  ഒലിച്ചിറങ്ങുന്ന  ക്രിസ്തു രൂപം കണ്ടു എനിക്ക് വിഷമം തോന്നി. മറിയത്തിന്റെ ചിരിക്കുന്ന പടം മതിയായിരുന്നു അത് കിട്ടാൻ നിവൃത്തി യില്ല..

 ആ സമയത്തൊക്കെ സമ്മാനം കൊടുക്കുന്നത് കൃഷ്ണൻറെയും രാധയുടെയും, അല്ലെങ്കിൽ EMS & AKG, NEHRU & GANDHIJI എന്നിവരുടെ ചിത്രങ്ങൾ   അടിയില്‍ വധൂവരൻമാർക്കു  ആശംസകള്‍ എന്ന് ആലേഖനം ചെയ്തിട്ടു ഉണ്ടാവും..  ഒമ്പതാം ക്ലാസിലെ കമലാക്ഷി യുടെ കല്യാണത്തിനു എല്ലാരും പിരിവെടുത്ത് വീണ വായിക്കുന്ന സരസ്വതി യുടെ ഫോട്ടൊ ആണ് സമ്മാനമായി കൊടുത്തത്.

 അമ്മാ നമ്മുടെ ചിറ്റയുടെ ചെറിയ  ആടിനെ അടിച്ചു മാറ്റിയാലോ... പോടാ..... അമ്മയുടെ വക ഒരു ആട്ട്....എന്നാപ്പിന്നെ കോഴി കുഞ്ഞ്....അനിയത്തി ആണു ഇപ്രാവശ്യം എതിര്‍ത്തത്... കോഴി കുഞ്ഞു അവളുടെ സമ്പത്താണ്...

 നാളെ ആവട്ടെ...അമ്മ പറഞ്ഞു.  അമ്മക്ക് ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടെന്ന്‌ തോന്നി.. 

അടുക്കളയില്‍ നിന്ന് നറും വെണ്ണ ഉരുകുന്ന മണം കുമു കുമാ മൂക്കില്‍ തുളച്ചു കയറി. മണം പിടിച്ച് അടുക്കളയില്‍ എത്തി.... പായസം വെക്കുന്നുണ്ടോ എന്റെ ചോദ്യം . 

 ...അല്ല.....കാര (ഉണ്ണി) അപ്പം..അമ്മ ശങ്ക  ഒന്നും ഉണ്ടാക്കിയില്ല.

 നല്ല ഭംഗിയുള്ള വലിയ ചോക്ലേറ്റ് ടിന്നില്‍ നിറയെ മൊരിഞ്ഞ ഉണ്ണി അപ്പം നിറച്ച്  പേപ്പറിൽ പൊതിഞ്ഞു തന്നു. സമ്മാനം എനിക്ക് ഇഷ്ടപ്പെട്ടു. അത് എടുത്ത് താഴ്‌വാരത്തോട്ട് ഓടി. കുന്ന് മുഴുവൻ വര്‍ണ കടലാസ്സു കൊണ്ട് അലങ്കാരി ച്ചിട്ടു ണ്ട്. മൊത്തത്തില്‍ ഒരു വലിയ Christmas ട്രീ ചരിച്ചു വച്ച പോലെ. ക്ഷണം പടികള്‍ കയറി. നാലുമണി പൂക്കള്‍ വിടർന്നിട്ടില്ല.. മറ്റ് പൂക്കള്‍ വിടര്‍ന്നു കാറ്റില്‍ ആടി രസിക്കുന്നു. ഞാൻ മുകളിലെത്തി…

 നിശബ്ദതയുടെ നേര്‍ത്ത പാട പതുക്കെ ഭേദിച്ച് ഞാൻ മേരിയെ 2 തവണ വിളിച്ചു. 

 ആരാ..ഒരു കനത്ത ശബ്ദം..

 അകത്തുനിന്നും ഒരു അജാനബാഹു നൂണിറങ്ങി വന്നു...വര്ഗീസ് ..സിനിമ യിലെ പണ്ടത്തെ പ്രധാന വില്ലന്റെ  ഛായ, ചുരുട്ടിയ മീശ യുടെ താഴെ മുറി ബീഡി  വായിക്കകത്തേക്കും പുറത്തേക്കുമായി നീങ്ങുന്നു. പുക ചുരുള്‍ പല ഭാഗത്തേക്ക് ചീറ്റുന്നു. ഞാന്‍ പേടിച്ച് ജീവനും കൊണ്ട് ഓടാൻ  റെഡി ആയി.

പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു..പാല പൂവിന്റെ മണം. മേരിയുടെ മെലിഞ്ഞ നനവുള്ള കൈകൾ. സാമാന്യം ശക്തിയുണ്ട്...ഞാൻ മേരിയെ പെട്ടെന്ന്‌ കെട്ടിപിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു കരയാൻ തുടങ്ങി...

 അയ്യേ.. കരയുന്നോ...അപ്പാ ഒന്നും ചെയ്യത്തില്ല മേരി ധൈര്യം പകരാൻ ശ്രമിച്ചു...ഞാൻ പേടിച്ചു വിറച്ചു...നാണിച്ചു നിന്നു

കയ്യില്‍ എന്താ...നോക്കട്ടെ...

 മേരി എന്റെ കയ്യിലെ പൊതി കൈക്കലാക്കി...ഹായ്...നല്ല മണം...മേരി ഒന്നെടുത്ത് തിന്നു നോക്കി നല്ല സ്വാദ്...എന്തു മധുരം...ഒരെണ്ണം അവളുടെ അപ്പാക്ക് കൊടുത്തു അയാൾ മൊത്തം വായിലിട്ടു സ്വാദ് ഉണ്ട് എന്ന അര്‍ത്ഥത്തില്‍ മൂളി..

മേരി എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അനുസരണയോടെ അകത്ത് കടന്നു... മാഷുടെ മോനാ.. അല്ലേ...ഗുഹാന്തർ ഭാഗത്തുനിന്നും അയാളുടെ ശബ്ദം. ഞാന്‍ തല കുലുക്കി...

 

മേരിയുടെ അമ്മ പലവിധ പലഹാരങ്ങൾ നിരത്തി കൂട്ടത്തിൽ ഉണ്ണി അപ്പവും..ഒരു വിരുന്നു കാരന്‍ കൂടെ ഉണ്ടായിരുന്നു. ഒരു കുഞ്ഞാട്...അത് കാല്‍ പൊക്കി എന്റെ ശരീരത്തിലേക്ക്  വച്ചു...എന്നിട്ട്..പ്ലേറ്റ്ന്റെ മണം പിടിച്ചു..അതിനു ഒരു കഷ്ണം ഉണ്ണിയപ്പം കൊടുത്തു...

കറു മുറെ തിന്നു…

 ഇതെനിക്ക് Christmas gift കിട്ടീ….താ ഇതിന് അമ്മകൂടെ ഉണ്ട്...മേരി മൊഴിഞ്ഞു...ഒരാടിനെയും കുട്ടിയെയും വാങ്ങിയതാണ്.

ഇതിന് പേരുണ്ടോ?...ധൈര്യം സംഭരിച്ചു ചോദിച്ചു...ഇല്ല...നിന്റെ പേര് ഇടട്ടെ.....മേരി കളി ആയി പറഞ്ഞു.

വേണ്ട....ഞാന്‍  അല്പം ശബ്ദം കൂട്ടി തന്നെ പറഞ്ഞു.

എന്താ മോനേ നിന്റെ പേരിട്ടാൽ???...മേരിയുടെ അമ്മ

നിങ്ങ അതിനെ കൊന്നു കറി വെക്കില്ലേ....

എല്ലാവരും പൊട്ടി ചിരിച്ചു...

ഇതിനെ ഞാൻ ആര്‍ക്കും കൊടുക്കില്ല... മേരി ഉറപ്പിച്ചു...

 എന്നാൽ മോന്‍ ഒരു പേര് പറ…

 ഓമന...എല്ലാവരും അത് അംഗീകരിച്ചു.. ഓമന ….ഞങ്ങൾ കുഞ്ഞ് ആടിന് ‌ പേരിട്ടു. സമയം ഇരുട്ടിത്തുടങ്ങി…

 വല്ലപ്പോഴും വരണം...ചെടി കൾ തരാം...

 ഞാൻ കുന്നിൻറെ പടവുകൾ ഇറങ്ങി...

 മേരിയെ Christmas അവധി കഴിഞ്ഞു ക്ലാസിൽ  കാണാമെന്ന വിശ്വാസത്തോടെ....

ഓര്‍മയില്‍ എന്നും മാഞ്ഞ് പോകാത്ത…പാലപ്പൂ മണമുള്ള  Christmas....

 പില്ക്കാലത്തെ  മറ്റൊരു Christmas ഓര്‍മ്മ കള്‍ക്കും മേരിയുടെ Christmas ന്റെ ആർദ്രത  ഉണ്ടായിരുന്നില്ല.



*******


 

ഓർമയിലെ  ആദ്യത്തെ ക്രിസ്തുമസ് …..

 ഒന്നാം ഭാഗം 

 എട്ടാംക്ലാസിൽ പഠിക്കുമ്പോള്‍ ആണെന്നാണ് ഓര്‍മ....വീട്ടിനടുത്തുള്ള വലിയ കുന്നിൻ മുകളില്‍ ഒരു വീട് പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടു എന്ന് പറയാൻ കാരണം  കുറച്ചു  നാൾ മുന്നേ അതിലൂടെ പോയപ്പോൾ കണ്ടിട്ടില്ല.. ഞാന്‍ ഇന്ന് ആദ്യമായി ട്ടാണ്  കാണുന്നത്. ഞാൻ വളരെ ചെറിയ കുഞ്ഞാണ് എന്ന വിചാരം കാരണം വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അപ്പുറം ഇതുവരെ വിട്ടിട്ടില്ല. ഇനി വീടിന്റെ കാര്യത്തിലേക്കു വരാം. വീട് എന്ന് പറയുന്നത് ഒരു അതിശയോക്തി ആണെന്ന് തോന്നാം, കുറെ ചില്ലകളും ഷീറ്റും  കൊണ്ടു ഉണ്ടാക്കിയതാണ്. അതിനു ചുറ്റും പൂമ്പാറ്റ പോലെ ഒരു പെണ്‍കുട്ടി ഓടി നടക്കുന്നതു കാണാം. ഒരു കൈയില്ലാത്ത സ്ത്രീ, കുട്ടിയുടെ അമ്മ ആണെന്ന് തോന്നുന്നു മണ്ണില്‍ എന്തൊക്കെയോ നടുന്നു. കൈയില്ലാത്ത കാര്യം മറക്കാൻ അവർ പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട്.

 

കുന്നു താഴ്വാരത്തിൽ നിന്നും കണ്ടാൽ ഒരു കൊച്ചു കൊടുമുടി പോലെ തോന്നിക്കും. മുകളിൽ നിന്നും ഒന്നു നിരങ്ങി യാല്‍ മതി താഴെ  എത്തും. ധാരാളം പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നത് താഴ്‌വാരത്തു നിന്നും കാണാം, നല്ല ഭംഗി.

 

ഞാൻ  ആയിടക്കാണ് ഈ സ്ഥലത്തുനിന്നും കുറച്ചകലെ ഉള്ള സ്കൂളിൽ എട്ടാം ക്ലാസ്സിൽ  ചേര്‍ന്നത്. ഈ താഴ്വാരത്തു കൂടെ  സ്കൂളിലേക്ക് വഴിയുണ്ടോ എന്ന് അറിയാൻ വീട്ടുകാർ അറിയാതെ ഇറങ്ങിയതാ. പെട്ടെന്ന് ആരോ അശരീരി പോലെ എന്റെ പേര്‌ വിളിച്ചു. കുന്നിൻ മുകളില്‍ നിന്നും ആണ്. ഇങ്ങോട്ട് നോക്കൂ….ഞാന്‍ മേരി…. ഓടി നടന്ന കൊച്ചു, ക്ലാസ്സിലെ  മേരി ആണ്.

 

മേരിയാണ്  നമ്മുടെ നാട്ടിലെ ആദ്യത്തെ കൃസ്ത്യാനി പെൺ കുട്ടി എന്ന് പറയേണ്ടി വരും. വേറെ ആൾക്കാരുണ്ട്, അവരൊക്കെ ദാരിദ്ര്യം കൊണ്ട് മതം മാറിയതാത്രേ. അവരെ ക്രിസ്‌ത്യൻ  ആയി ആരും കണക്കാക്കിയില്ല. മേരി അങ്ങനെ അല്ലാ, നമ്മുടെ ഭാഷ അല്ല അവര്‍ സംസാരിക്കുന്നതു. ഒരുതരം പാഠ പുസ്തക, അച്ചടി  ഭാഷ. ആദ്യ ദിവസം തന്നെ മേരി ക്ളാസിൽ പാട്ടുപാടി ....വാതിൽ തുറക്കൂ നീ കാലമേ... കണ്ടോട്ടെ സ്നേഹ സ്വരൂപമേ... മനോഹരമായി പാടി എല്ലവരും കൈയടിച്ചു.

 

ആ മേരി യാണു വിളിക്കുന്നത്. കേറി വാ... ഇവിടെ പട്ടി ഒന്നുമില്ല... നമ്മൾ നായ എന്നാണ് പറയാറ്..ശങ്കിച്ചു ഞാന്‍ പടികൾ കേറാന്‍ തുടങ്ങി സ്വർഗ ത്തിലോട്ടുള്ള  പടികൾ പോലെ തോന്നിച്ചു രണ്ടു ഭാഗത്തും വയലറ്റ് നിറത്തിലുള്ള ധാരാളം നാലു മണി പൂക്കള്‍ വിടര്‍ന്നു നിൽക്കുന്നു. ചെണ്ടുമല്ലി, റോസ്, അങ്ങനെ പലതും. ഏതോ ലോകത്തേക്ക് ആരുടെയോ പ്രലോഭനത്താല്‍ നീങ്ങുന്നു, കുളിര് പരക്കുന്ന വൈകുന്നേരത്തെ ചെറു തെന്നൽ തലോടിക്കൊണ്ട്കൂട്ടി കൊണ്ടുപോകുന്നതായ് തോന്നി. വേഗം വാ...മേരി മുകളില്‍ നിന്നും സന്തോഷത്തോടെ വിളിച്ചു കൊണ്ടേയിരുന്നു. ഞാൻ മുകളില്‍ എത്തി. ചെറിയ കുടില്‍. നല്ല വൃത്തി. ഒരു പുൽകൂട്ടില്‍ എന്തൊക്കെയോ ചെയതു വച്ചിട്ടുണ്ട്. ഞാൻ അതിശയത്തോടെ നോക്കി നിന്നു. 

ഇതു പുല്‍ക്കൂട് യേശു ജനിച്ച സ്ഥലം. എന്നെ സംബന്ധിച്ചു ഇതെല്ലാം പുതിയ അറിവാണ്…. കാഴ്ചയാണ്. നബി തിരുമേനിയെ മാത്രമെ  കേട്ടിട്ടുള്ളൂ അത് അള്ളാ എന്ന് വിളി. നമ്മൾ ഹിന്ദുക്കളും പലപ്പോഴും അള്ളാ എന്ന് വിളിക്കും. അള്ളാ നീ പണി പറ്റിച്ചാ..എന്നിങ്ങനെ.

 

ഞാൻ പുൽക്കൂട്ടിൽ കിടക്കുന്ന  ഉണ്ണി ക്രിസ്തുവിനെ കൈകള്‍കൊണ്ട് തഴുകി.  ഞങ്ങളുടെ ഇടയിലൂടെ ഒരു പിടി അന്തി കതിര്‍ തിക്കി തിരക്കി   പുല്‍ക്കൂടിലോട്ട് എത്തി നോക്കി. അവിടം സ്വർണ രശ്മി കളാൽ പ്രഭാ പൂരിതമായി.

 

എന്റെ ആദ്യത്തെ Christmas.  ഞങ്ങളുടെ ചുണ്ടുകളിൽ ആനന്ദത്തിന്റെ ചിരി വിടര്‍ന്നു. ഞാൻ മേരിയുടെ കൂടെ എല്ലാം നോക്കിക്കണ്ടു. നാളത്തെ Christmas ആഘോഷത്തിനാണ് ഇതൊക്കെ. എനിക്കും ആ നാട്ടുകാരായ കൂട്ടുകാര്‍ക്കും ഒരാഴ്ച ഒഴിവ് അത് മാത്രമാണ് Christmas. വേറെ പ്രാധാന്യമൊന്നും കല്പിച്ചിട്ടില്ല. ഇന്ന് മേരി അതു മാറ്റി മറിച്ചു .

 

മേരിയുടെ അമ്മ വിളിച്ചു ഒരു കഷ്ണം cake തിന്നാൻ തന്നു... കഴിച്ചേ...ഇറച്ചി ഒന്നും അല്ലാ.. മേരി മൊഴിഞ്ഞു. 

 

ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്ന പുതിയ ഒരു പലഹാരം…. cake... എന്തൊക്കെയോ മണം അനുഭവപ്പെട്ടു  പാലപ്പൂവിന്റെ മാദക ഗന്ധം തന്നെ പ്രധാനമായും തോന്നിയത്  പിന്നെ പല പല സാധനങ്ങൾ  നിറച്ച നല്ല സ്വാദുള്ള  പലഹാരം.. അറിയാതെ എന്റെ മുഖം സന്തോഷം  കൊണ്ടു വിടർന്നത് മേരി കൌതുകത്തോടെ ആസ്വദിച്ചു….ഇഷ്ടായോ.....

 

ചിരിച്ചു കൊണ്ട്  ഞാന്‍ തല ആട്ടി  .

എന്റെ ആദ്യത്തെ Christmas cake.

ഏലക്ക ഇട്ട ചുക്ക് കാപ്പിയും കുടിച്ചു...

 

മേരി പറഞ്ഞുഹാപ്പി Christmas….. “

തിരിച്ചു എന്ത് പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി... 

ഹാപ്പി Christmas എന്ന് തിരിച്ചു പറഞ്ഞാമതി...മേരിയുടെ അമ്മ

ഇത്രയേ ഉള്ളൂ...ഹാപ്പി Christmas ഞാൻ തെല്ലു നാണത്തോടെ പറഞ്ഞു.. മേരിയുടെ അമ്മ എന്റെ കവിളിൽ  ചെറുതായി നുള്ളി.  Christmas ഗിഫ്റ്റ് തരണം. ...നാളെ വരണം എന്നു പറഞ്ഞു യാത്രയാക്കി…

 

Cake ന്റെ മധുരം നുണഞ്ഞു പടികള്‍ ഇറങ്ങി. കൂടെ അസ്തമന സൂര്യനും. ഇരുട്ടിന്റെ യവനികക്കുള്ളിലേക്ക് കുന്നും കുടിയും മാഞ്ഞു പോയി.

നാളെ എന്ത് സമ്മാനം കൊടുക്കും....അത് മാത്രമായി ചിന്ത.

 

**********