Thursday, October 5, 2023

കനവുകൾ

 കനവുകൾ 


കനവുകൾ 


ഒക്ടോബർ  05 2023 


ഇന്ന് എന്നത്തേയും പോലെ ഒരു ദിവസമായില്ല ഭാഗ്യം. ഞാൻ എത്രനാളായി എന്തെങ്കിലും

ഇതിൽ എഴുതിയിട്ട്, മടി തന്നെ കാര്യം. ഞാൻ അതിന്റെ കാരണത്തിലേക്കു കടക്കാൻ

നോക്കി. യഥാർത്ഥത്തിൽ അതിന്റെ ഉത്തരം ഏതോ അസ്ഥിവാരത്തിൻ മറവിൽ

ഒളിച്ചിരിപ്പുണ്ട്. എപ്പോഴെങ്കിലും പുറത്തു വരുമായിരിക്കും. ഇതാ ഇതെഴുതുമ്പോഴും

ആ മടി എന്നെ കീഴ്‌പ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്. ഉച്ച ഉറക്കത്തിന്റെ ആലസ്യത്തിൽ

എഴുന്നേറ്റു പ്രജ്ഞ യുടെ ലോകത്തിൽ എത്തിയാലുടൻ തുടങ്ങും എന്തിന് എഴുന്നേറ്റു,

എന്ത് ചെയ്യാൻ, വ്യർത്ഥമായ ജീവിതം, തുടങ്ങിയ ചിന്തകൾ ഇഴഞ്ഞിഴഞ്ഞു സിരകളെ

വരിഞ്ഞു കെട്ടി നൊമ്പരപ്പെടുത്തുന്നു. ജോലിയിൽ നിന്നും വിരമിച്ചവരുടെ പ്രശ്നമായി

എല്ലാവരും പറയുമായിരിക്കും. ജോലി, വിരമിക്കൽ, ഈ ചിന്ത ഒഴിവാക്കാൻ പറ്റിയാൽ

ചിലപ്പോൾ ഈ സന്നിഗ്‌നവസ്ഥ തരണം ചെയ്യാൻ പറ്റിയേക്കാം. പക്ഷെ എങ്ങനെ. ആരോട്

പറയും, ആർക്കു നേരമുണ്ട്, ഈ വരട്ടു ചിന്തകൾ കേൾക്കാൻ. അങ്ങനെ ഇരിക്കുമ്പോൾ

ആണ് അവൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചെറു വണ്ട് അവൻ മണ്ണ് തുപ്പൽ

കൊണ്ട് നനച്ചു ഉരുളകളാക്കി തള്ളി നീക്കുകയാണ് ഉരുട്ടുന്നതിനിടെ ആ

ഗോളത്തിന്റെ വലുപ്പവും കൂടി വരുന്നുണ്ട്. ഈ ചെറു ജീവി ഭാരിച്ച ഒരു പ്രവൃത്തി

ആത്മാർഥമായി ചെയ്തുകൊണ്ടിരിക്കുന്നു. ഉറുമ്പുകൾ അവരുടെ കഴിവ് ഉപയോഗിച്ച്

ഭക്ഷണ സാധനങ്ങൾ സമാഹരിക്കുന്നു. കിളികൾ ഓരോ കാര്യം ചെയ്‌യുന്നു, ആരും

വെറുതെ ഇരിക്കുന്നില്ല. അണ്ണാൻ തേൻ ഊറ്റുന്നു. അതെ എല്ലാവരും ഓരോന്ന് ചെയ്യുന്നു.

ആ ബോധമാണ് ഇന്ന് എന്നെ ഈ ചെറു എഴുത്തിനു പ്രേരിപ്പിച്ചത്. എന്തെങ്കിലും

ചെയ്യുക എപ്പോഴെങ്കിലും പ്രധാനമായ ചിലതു ചെയ്യാൻ അവസരമുണ്ടായി വന്നേക്കാം

അപ്പോൾ നാം തയ്യാറായി നില്ക്കാൻ, തുരുമ്പെടുത്തു പോവാതിരിക്കാൻ എന്തെങ്കിലും

ചെയ്യുക.



Tuesday, October 3, 2023

 മത്തായി പുത്രി ഷെറിന്റെ മനഃസ്സമ്മതം ..ഒന്നാം ദിവസം …


ബഹുമാനപ്പെട്ട, അല്ലെങ്കിൽ വേണ്ട എത്രയും സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട മത്തായി നേരത്തെ തന്നെ മകളുടെ Betrothal  ചടങ്ങിന് ക്ഷണിച്ച കാരണം കോട്ടയത്തേക്ക് ട്രെയിനിൽ, കേരള എക്സ്പ്രസ്സ് ഇൽ ബുക്ക് 18 ഫെബ്രുവരി, ബുക്ക് ചെയ്തു. ഒരുമണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. പ്രിയ സതീർത്ഥരെ കാണാനുള്ള ആകാംഷയാണ് കാരണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭരണങ്ങാനത്തെ തണുപ്പ് കാലാവസ്ഥ മനസ്സിൽ വിചാരിച്ചു ചൂടുള്ള കംപാർട്മെന്റിൽ കംഫർട് ആയി യാത്ര. കൂടെ യാത്ര ക്കാരെല്ലാം അവരവരുടെ മൊബൈലിൽ മുഖം പൂഴ്ത്തി വിരൽ കൊണ്ട് തലങ്ങും വിലങ്ങും  മാന്തി കൊണ്ടിരുന്നു. ഭാഗ്യം, ഈ മൊബൈലിനു കൈയും കാലും ഇല്ലാത്തത്, ഉണ്ടായിരുന്നെകിൽ അത് ഇവന്മാരെ ശരിക്കും പെരുമാറിയേനെ. അതോ മൊബൈൽ കണ്ടുപിടിച്ച പഹയൻ ഒരു ചൊറിയൻ ആയിരുന്നോ. ഞാൻ ഏതായാലും ചൊറിഞ്ഞു നോക്കുന്നില്ല. എന്റെ അടുത്തിരുന്നത്  ചെറുപ്പക്കാരായ ഒരച്ഛനും അമ്മയും കുട്ടിയും ആയിരുന്നു. മാതാപിതാക്കൾ ഇരിപ്പുറപ്പിച്ചയുടൻ മൊബൈലിൽ മുഴുകി. കൊച്ചു പയ്യൻ കൂട്ടിലിട്ട വെരുകിനെ പ്പോലെ അക്ഷമനായി ഇടക്കിക്കിടെ അമ്മയെ ശല്യം ചെയ്‌തു കൊണ്ടിരുന്നു. ഒന്നും ഏശാത്തപ്പോൾ അവൻ എന്റെ ബുക്കിലേക്ക് എത്തി നോക്കി എ,ബി സി ഡി വായിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു “മോൻ lkg ആണോ?” “അല്ല, first സ്റ്റാൻഡേർഡ് എ” “OK, എങ്ങോട്ടാ?” കുറ്റിയും പറിച്ചിട്ടു എന്നു മനസ്സിൽ പറഞ്ഞു. “പാലക്കാട്ട്”. “ഓഹോ അപ്പോൾ മലമ്പുഴ കാണാൻ പോവുന്നുണ്ടോ?” ഉത്തരം ഞാൻ അല്ലല്ലോ പറയേണ്ടത് എന്ന മുഖ ഭാവത്തോടെ “അറിയില്ല” എന്ന് പറഞ്ഞു അച്ഛനെ നോക്കി.അദ്ദേഹം ഒന്നും അറിയുന്നേയില്ല. “മലമ്പുഴയിൽ പോയാൽ ഡാം കാണാം”. ഞാൻ അവനെ സന്തോഷിപ്പിക്കാൻ പറഞ്ഞു. “ഡാം? അതെന്താ “. ഞാൻ എന്ന എഞ്ചിനീയർ ഉഷാറായി ഡാം എന്നാൽ എന്ത്, അതിന്റെ ആവശ്യകത, കൺസ്ട്രക്ഷൻ, പവർ ജിൻേറഷൻ എല്ലാം പറഞ്ഞു കൊടുത്തു.സപ്ലി ആവാത്ത രീതിയിൽ പഠിപ്പിച്ചു വിട്ടു….ഏതായാലും കോട്ടയം എത്തി. ഒരു ചായയും യൂണിവേഴ്സൽ സ്നാക് ആയ പഴം പൊരിയും ശാപ്പിട്ടു. ചിറിയും തുടച്ചു യാത്രാ ദൗത്യം വെയ്റ്റർ മുമ്പിൽ അവതരിപ്പിച്ചു. ഓട്ടോ പിടിക്കാനോ “വേണ്ട..നടന്നാൽ മതി” രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും. തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ ടാക്കണേ ഒരു ബസ്സിൽ കേറി ksrtc ബസ്റ്റാന്റിൽ ഇറങ്ങി. കണ്ടക്ടറുടെ ഉപദേശ പ്രകാരം പാലാ ബസിൽ കേറി. ഞാനും ഡ്രൈവറും കണ്ടക്ടറും കൂടാതെ വേറെ ഒരു നാലു പേരും. KSRTC ജീവനക്കാരുടെ ദയനീയ അവസ്ഥയെ ക്കുറിച്ചു പാലാ എത്തുന്നത് വരെ കണ്ടക്ടർ പറഞ്ഞു കൊണ്ടേ യിരുന്നു. ഒരു വീഗാലാൻഡ് റോളർ കോസ്റ്റർ യാത്ര പോലുണ്ടായിരുന്നു ksrtc യാത്ര. ശമ്പളം കിട്ടാഞ്ഞത് കൊണ്ടായിരിക്കും അരിശം മുഴുവൻ സ്റ്ററിങ്ങിനോട് കാണിക്കുന്നതു എന്ന് മനസ്സിൽ ചിന്തിച്ചു. എന്നാൽ കണ്ടക്ടർ അങ്ങനെ അല്ല. വളയം പിടിക്കാത്ത കൊണ്ടായിരിക്കണം.

ഇത്രയും മുഷിയാതെ കേട്ടത് കൊണ്ടായിരിക്കണം അയാൾ ഭരണങ്ങാനത്തെ ക്കുള്ള ബസ് കാണിച്ചുതന്നു. “എല്ലാം ശരിയാവും” എന്ന് പറയാതെ പിന്നെ കാണാം എന്ന് പറഞ്ഞു അടുത്ത ബസിൽ കേറി ഭരണങ്ങാനം ഇറങ്ങി. എല്ലാസമയവും ഗൂഗിൾ ദേവൻ സഹായം ഉണ്ടാവും എന്ന over confidence കൊണ്ട് മത്തായി യെ ഉപദ്രവിക്കണ്ട എന്ന് വിചാരിച്ചു ധൈര്യ പൂർവം ഒരു ഔട്ടോ ക്കാരനെ വിളിച്ചു ഹോശാന കുന്നിലേക്കു പുറപ്പെട്ടു. അവിടെ compound ഉള്ളിൽ കേറി കുറെ ചെറിയ ബിഎൽഡിങ്‌സ് അവിടവിടെ. പെൺ കുട്ടികൾ ഷട്ടിൽ കളിക്കുന്നടുത്തു എത്തിയപ്പോൾ ഓട്ടോ ഇൽ നിന്നും ഇറങ്ങി. ഒരു കൊച്ചിന്റെ അടുത്ത് ഇവിടെ മത്തായി യൂടെ മകളുടെ ബെട്രോതിൽ ഫങ്ക്ഷന് വന്നവർ എവിടെയാ താമസിക്കുന്നത്? 


എല്ലാവരുടെയും മുഖത്ത് ചോദ്യം മനസ്സിലാവാത്ത യൂണിവേഴ്സിറ്റി ചോദ്യ  പേപ്പർ കണ്ടപോലെ.. ഏതു മത്തായി?...ബൈബിൾ വായിച്ചിട്ടില്ലേ എന്ന് ചോദിച്ചില്ല.. NSS ഇലെ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഇവർക്ക് മനസ്സിലാവില്ല..ഓഫീസ എവിടെ യാണെന്ന് ചോദിച്ചു…ഉത്തരം അവിടെ ഒരു പാലിയേറ്റീവ് കെയർ ഉണ്ട് അവിടെ ചോദിക്കൂ..മത്തായി നമ്മളെ പാലിയേറ്റീവ് കെയർ ഇൽ ആക്കാനുള്ള പരിപാടി ആണോ എന്ന് മത്തായി ആയതു കൊണ്ട് ശങ്കിച്ചില്ല… .അവിടെ പ്പോയി കാര്യം നടന്നില്ല..

രണ്ടും കൽപ്പിച്ചു മത്തായി യെ തന്നെ കൂപ്പിടാൻ തീരുമാനിച്ചു വിളിച്ചു..യാതൊരു തിരക്കും കാണിക്കാതെ മത്തായി കെയർ ടേക്കറുടെ നമ്പറും ചെങ്ങായിയെ വിളിച്ചു കാര്യവും പറഞ്ഞു. റോഷൻ അതാണ് കെയർ ടേക്കറുടെ പേര്. പേര് പോലെ ആൾ രോഷാകുലനാണൊന്നും അല്ല. മത്തായിയെ പ്പോലെ തന്നെ. പഞ്ച പാവം…”സാറിന് മുകളിൽ വേണോ താഴെ വേണോ..” റൂമിന്റെ ലൊക്കേഷന്റെ കാര്യമാ റോഷൻ ചോദിക്കുന്നത്. നമ്മൾ ആദ്യം മുകളിലോട്ടു വിടും അത് താഴെ പിന്നെ എത്തും അതാ പതിവ്. അതുകൊണ്ടു മുകളിൽ മതി…എസി വേണോ നോൺ എസി വേണോ..മോളിൽ എന്താനുള്ളത് “എസി “ റോഷൻ…മതി..ഇനി സിംഗിൾ വേണോ ഡബിൾ വേണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.. 


അങ്ങനെ ഒരു പുണ്യ പുരാതന കുറ്റം പറയരുതല്ലോ നല്ല ആന്റിക്ക് ലുക്ക് ഉള്ള സുഖമുള്ള എ സി ഉണ്ടെകിലും ആവശ്യമില്ല എന്ന് കെയർ ടേക്കർ പറഞ്ഞിട്ടുണ്ട്..അതുകൊണ്ടു എ സി ഇടാതെ നോക്കി കുഴപ്പമില്ല..നമ്മുടെ മത്തായി ആൾ കറന്റ് മത്തായി ആണല്ലോ അധികം ഉപയോഗിക്കാതെ നോക്കണമല്ലോ…


അതാ മുറ്റൊത്തൊരു മൈന…അല്ല ഒരു തൊപ്പി ക്കാരൻ…പുറകിൽ നിൽക്കുന്ന എന്നെ ഫോണിൽ വിളിക്കുന്നു…ആര്…ബാരെ…പാച്ചൻ ബാരെ …ഓൻ സെറ്റപ്പ് കോട്ടയത്താക്കി…ഷട്ടിൽ കോർട്ടിന്റെ അടുത്ത് ചുറ്റി പ്പറ്റി……അങ്ങനെ..


“എന്തിഷ്ട ആരേം കാണാനില്ലല്ലോ?”


“നീ ഏതു റൂമാ…” ഞാൻ കോട്ടയത്ത് ഒന്ന് ഒപ്പിച്ചിട്ടുണ്ട് നാളെ അവിടെ ഒരു പരിപാടി ഉണ്ട്. അപ്പൊ ഊണിവിടെയും ഉറക്കം അവിടെയും ഓക്കേ അല്ലേലും മൾട്ടി ടാസ്ക് ആണല്ലോ ചെങ്ങായിയുടെ പരിപാടി..കുറച്ചു’കഴിഞ്ഞപ്പോൾ അനീഷ് വന്നു ഞങ്ങൾ ഹോസ്റ്റലിൽ റൂം മേറ്റ്സ് ആയിരുന്നു. അതുകൊണ്ടു രണ്ടാൾക്കും സന്തോഷമായി റൂം ഷെയർ ചെയ്യാൻ.


അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും, ചായ് പേ ചർച്ച യിൽ നിർമിതബുദ്ധി ധാരാളം കേറിവന്നു…ഞാൻ സംസാരിക്കുന്നതും മനസ്സിൽ വിചാരിക്കുന്നതും ഫോർ എക്സാമ്പിൾ അണ്ടർ വെയർ എടുത്തിട്ടുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു എന്നിരിക്കട്ടെ ദാ…മെസ്സേജ്…ബൈ ഒന്നു ഗെറ്റ് രണ്ടു ..എല്ലാരും കാൺകെ ഡിസ്പ്ലേ സ്‌ക്രീനിൽ…എന്തെര് പാപമാ ഞാൻ ചെയ്തത്..ഇവൻ ഇങ്ങനെ ഓവർസ്മാർട് ആയാൽ…

ഞങ്ങൾ പാച്ചന്റെ ഇന്നോവയിൽ മത്തായി ഭവനം ലക്ഷ്യമാക്കി വിട്ടു. അവിടെ മത്തായിയും നല്ല പാതി യും മക്കളും ഉണ്ടായിരുന്നു.സ്വീകരിക്കാൻ. ആൾക്കാർ ജപ്പാൻ കുടി വെള്ളം പോലെ ഉറ്റു യൂറ്റായി വരാൻ തുടങ്ങുന്നതേ ഉള്ളൂ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഫുൾ ഫ്‌ലോ ആയി. 


വച്ച് താമസിപ്പിക്കണ്ട എന്ന് കരുതി മത്തായി ഞങ്ങളെ മുകളിലോട്ടു വിട്ടു. അവിടെ വിശാലമായ സൗകര്യങ്ങൾ നല്ലവനായ മത്തായി ഒരുക്കിയിരുന്നു. KD പാട്ടുമായി അരങ്ങു ഉണർത്തി. നാടൻ പാട്ടു രണ്ടു വീശി. പോൾ സിഡി കാര്യമായി തന്നെ ആണ് ഇറങ്ങിയത്. മത്തായിയെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല eOne  സ്റ്റാൻഡേർഡ് കീപ് ചെയ്യാൻ വേണ്ടത്ര പാനീയവും അതിനുവേണ്ട touchings എല്ലാം കൊണ്ടാണ് വരവ്. ഇദ്ദേഹത്തെ കോളേജ് കഴിഞ്ഞു ഇപ്പോഴാണ് കാണുന്നതെന്ന് തോന്നുന്നു. വലിയ മാറ്റമൊന്നുമില്ല. പെരുത്ത് സന്തോഷമായി എന്ന് പറയേണ്ടല്ലോ. 

ആരെയും ഭാവ ഗായകനാക്കും നമ്മുടെ KD പാച്ചൻ കുത്തു (ഇതെല്ലം കൂട്ടുകാരുടെ ഇരട്ടപ്പേരാണ്, ഇനി അവർക്കു അവരുടെ പേരുതന്നെ അറിയുമോ എന്തോ എന്ന് സംശയിക്കാറും ഉണ്ട്) വായ തുറക്കാൻ പറ്റുന്ന എല്ലാരും സംഘഗാനമായും അല്ലാതെയും പാട്ടു പാടി തകർത്തു. ഇത്രയും ആയപ്പോൾ അതാ ഒരുസംഘം കയറും പൊട്ടിച്ചു വരുന്നു മത്തായി വയനാട്ടിൽ നിന്നും കൊണ്ടുവന്ന സുഹൃത് സംഘം. ഹാർദമായി സ്വാഗതം ചെയ്തു രണ്ടു സംഘങ്ങളും സംഗമിച്ചു ജോയിന്റ് ഓർക്കസ്ട്ര തന്നെ നടന്നു. പിന്നെ പുറത്തേക്കെഴുന്നള്ളത്തു. താഴെ മുറ്റത്തു KD പുതിയ നാടൻ പുറത്തെടുത്തു കുടുംബക്കാരും വന്ദ്യ വയോധികരും ഉത്തേചിതരായി നൃത്തം വച്ച്. 


മത്തായി യുടെ ആതിഥേയം ഗംഭീരം ആയി അടുത്ത ദിവസത്തെ ഒരുക്കത്തുനായി പിരിഞ്ഞു.


Sunday, July 30, 2023

എന്റെ ചാർധാം യാത്ര 


ഹിമാലയം കാണുക എന്നത് എന്നും മനുഷ്യന്റെ പ്രത്യേകിച്ച് ഭാരതീയരുടെ ആത്മ സാക്ഷത്കാരമാണ്. ഇത്രയധികം ആഗ്രഹിച്ചു സാധിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഹിമവാനെ അങ്ങനെ നോക്കി യിരുന്നു പോവും എന്ന് പറഞ്ഞാൽ അതിശയമല്ല.  


അസ്തിത്വരസ്യാം ദിശി ദേവതാത്മാ 

ഹിമാലയോ നാമ നാഗാധിരാജാ:പൂർവാപരഃ 

തോയ നിഥിവിഗാഹ്യ : സ്ഥിതഃ 

പൃഥിവഃ   ഇവ മാനദണ്ഡ: 


(മലയാളം ടൈപ്പ് ചെയ്യുമ്പോൾ തെറ്റ് വരുന്നു) 


എന്ന് കാളിദാസൻ കുമാരസംഭവത്തിൽ വിവരിച്ച ഹിമവാനെ ആണല്ലോ കണ്ടത് എന്ന് മനസ്സിനെ ബോധിപ്പിച്ചു. ഹിമവാൻ ഈ ഭൂമിയെ അളക്കാനുള്ള അളവ് കോലായി കിഴക്കുനിന്നും പടിഞ്ഞാറോട്ടു  നീണ്ടു നിവർന്ന്  അങ്ങനെ തൂവെള്ള നിറത്തിൽ കിടക്കുകയാണ്. 


ഞങ്ങൾ 27 പേർ മെയ്‌മാസം 20 നു പുലർച്ചെ തിരുവനന്തപുരത്തു നിന്നും ഡൽഹി ക്കു തിരിച്ചു സൂര്യ ടൂർസ് ആൻഡ് ട്രാവെൽസ് ആണ് യാത്ര സംഘടിപ്പിച്ചത് അതിൽ പകുതി പേരും മധ്യ വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ആണ്. തിരുവനന്തപുരത്തെ ആവി പറക്കുന്ന ചൂടിൽ നിന്നും ചൂളയുടെ ചൂടുള്ള ഡൽഹിയിൽ ഇറങ്ങി. ഡൽഹിയിൽ നിന്നും ഹരിദ്വാറിലേക്കാണ് പോയത് ബസ്സിൽ. അവിടെ ഹർകി പുടി എന്ന സ്ഥലത്തു ഗംഗാ ആരതി കണ്ടു. ധാരാളം ആൾക്കാർ ഗംഗയുടെ ശുചീകരണത്തിന് വേണ്ടി പ്രതിജ്ഞ ചൊല്ലി അത് ഒരു നല്ല കാര്യമായി തോന്നി. ഗംഗ ഇവിടെ അത്ര മലിനമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും നായയുടെ വാൽ പന്തീരാണ്ടു ഓട ക്കുഴലിലിട്ടാലും വളഞ്ഞു തന്നെ കിടക്കും എന്ന് പറഞ്ഞപോലെ ആൾക്കാർ മാലിന്യം ഗംഗയിലേക്കു തന്നെ വലിച്ചെറിയുന്നതും കാണാം. അന്ന് രാത്രി അവിടുത്തെ ഒരു ഹോട്ടലിൽ തങ്ങി. രാവിലെ ഹരിദ്വാറിനു ചുറ്റുമുള്ള ചില പ്രധാന ആശ്രമങ്ങൾ സന്ദർശിച്ചു. ഒരു ഗൈഡിനെയും ഏർപ്പാടാക്കിയിരുന്നു. അദ്ദേഹം ഈഭൂഭാഗം ആദി ശങ്കരന്റെ പാദസ്പർശം കൊണ്ട് പുണ്യമായതാണ് എന്ന് പറഞ്ഞപ്പോൾ അഭിമാനം തോന്നി. എന്നാൽ പിന്നീട് ഉണ്ടായ സംസാരങ്ങൾ അലോസരപ്പെടുത്തുന്നതായിരുന്നു. ഇപ്പോൾ കേരളത്തിൽ ഹിന്ദുക്കൾ എത്ര ശതമാനം വരും എന്നായി. ആരോ പറഞ്ഞു 54 % എന്ന്. കേരള സ്റ്റോറിൽ ഇതിന്റെ കാരണം ഉണ്ടത്രേ. നമ്മുടെ കൂട്ടത്തിൽ ഉള്ള എല്ലാവരും അത് ശരിവെക്കുന്ന രീതിയിൽ തലയാട്ടി. എന്നാൽ ഉത്തരം പതിറ്റാണ്ടു കൾ ക്കു മുമ്പ് മഹാനായ സ്വാമി വിവേകാനന്ദൻ നൽകിയിട്ടുണ്ട് കേരളം ഒരു ഭ്രാന്താലയം ആണ് എന്നത്. ആ ഉത്തരം ഇദ്ദേഹവും മറ്റും അംഗീകരിക്കില്ല എന്നറിയാം എന്നത് കൊണ്ട് പ്രതികരിച്ചില്ല. കേവലം മൂന്നു മതം മാറ്റമാണ് ആ ചിത്രത്തിൽ പറഞ്ഞത് അതായതു കേരളത്തിൽ ഒരുദിവസം റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ ഇതിലും കൂടുതൽ ആണ് . ഇത്തരം ചിന്തകൾ എന്റെ യാത്രയുടെ സുഖത്തെ ഭംഗപ്പെടുത്തി.

എന്നാൽ ഈ പരിസരം ദേവ ഭൂമി എന്നാണ് അറിയപ്പെടുന്നത് നൂറു ശതമാനവും ഹിന്ദുക്കൾ മാത്രം താമസിക്കുന്നു. വേറെ മതക്കാരുടെ ദേവാലയങ്ങൾ ഇല്ല എന്നതും പ്രത്യേകം പറഞ്ഞു. ഇതെല്ലം മഹത്തായ കാര്യങ്ങൾ ആണ് എന്ന നിലയിലാണ് അദ്ദേഹം പറഞ്ഞത്. ബഹുസ്വരതയുടെ സൗന്ദര്യം നമ്മുടെ നാട്ടിന് നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യം എന്നെ തെല്ലൊന്നുമല്ല മഥിച്ചതു.


ഹരിദ്വാറും ഋഷി കേശും അടുത്തടുതുള്ള സ്ഥലങ്ങളാണ്. ഹിമാലയ യാത്രയുടെ തുടക്കം ഇവിടെ നിന്നും ആണ്. ഇവിടെ താമസസ്ഥലത്തിനടുത്തു സംഘത്തിലെ ചെറുപ്പക്കാർ ഒരുചെടി യുടെ പടമെടുക്കുന്നു. വേണമെങ്കിൽ പടം മാത്രം എടുത്തോ ചെടിയുടെ ഒരു ഭാഗങ്ങളും എടുത്തു പോകരുത് എന്ന് മുന്നറിയിപ്പും തന്നു. എന്താ ഈ ചെടിക്കു ഇത്ര വിശേഷം. കഞ്ചാവ് ചെടിയാണത്രെ നോക്കുമ്പോൾ കാടു പോലെ എല്ലാ സ്ഥലത്തും തഴച്ചു വളർന്നിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ വെട്ടി നശിപ്പിക്കുകയും പോലീസ് കേസ് എടുക്കുകയും ചെയ്യാനുള്ള വകുപ്പാണ്. 


പിന്നീട് പോയത് ബാറാക്കോട്ട എന്ന സ്ഥലത്തേക്കാണ് യമുനോത്രി ക്കു പോകാനുള്ള താഴ്‌വര. ഇവിടെ ഒന്നും വലിയ തണുപ്പില്ല ഫാൻ വേണ്ട ഉറങ്ങാൻ. താപനില ഒരു 16 ഡിഗ്രി വരും. യമുനോത്രി യിലേക്കുള്ള യാത്രയിൽ ഉടനീളം മഞ്ഞു മൂടിയ മലനിരകളും പച്ച പുതച്ച കുന്നുകളും അഗാധ താഴ്ചയിൽ ഒഴുകി കൊണ്ടിരിക്കുന്ന യമുനയേയും കാണാം. യമുനയിൽ ഇപ്പോൾ വെള്ളം കുറവാണു ആയതിനാൽ തീരങ്ങളിൽ പലതരം കൃഷികൾ ചെയ്യുന്നുണ്ട്. കുന്നിൻ മുകളിൽ തട്ടു തട്ടാക്കി തിരിച്ചാണ് കൃഷി. യമുനോത്രി വളരെ ഉയരമുളള തൂക്കാൻ കുത്തായ പർവതത്തിന്റെ മുകളിലാണ് ഏകദേശം ആറു കിലോമീറ്റർ കയറണം. പ്രാണവായുവിന്റെ അളവ് കുറവാണു. ആയതിനാൽ ഒന്നുകിൽ ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകണം അല്ലെങ്കിൽ സാവധാനം നടക്കാം. കുതിരയുടെ  പുറത്തു യാത്രചെയ്യാം. കൂടാതെ മനുഷ്യരെ ചുമലിലേറ്റി യും കുട്ടകളിൽ ചുമന്നും കൊണ്ട് പോകും. അതിൽ കുതിരയുടെ പുറത്തുള്ള യാത്ര കുറച്ചു അപകടമാണ് എന്ന് തോന്നി. കാരണം പോകുന്ന വഴി മുഴുവൻ വഴുക്കൽ ഉണ്ട്. കുതിരകൾ കാൽ വഴുതി വീഴുന്നത് കാണാനും ഇടയായി. ഞങ്ങൾ നടന്നാണ് കയറിയത്. ഒരു കിലോമീറ്റർ നടക്കാൻ ഒരു മണിക്കൂർ വേണം. ഇറങ്ങാൻ വലിയ പ്രയാസം ഇല്ല. ഇടക്ക് ഇരുന്നും നടന്നും മുകളിൽ എത്തി. ആ കാഴ്ചകൾ കണ്ടപ്പോൾ നടന്ന വിഷമം തീർന്നു. യമുനാ നദി പുറപ്പെടുന്ന സ്ഥലം കാണാൻ പറ്റി. അവിടെ നല്ല മഞ്ഞു മൂടിയ മലനിരകളാൽ ചുറ്റപ്പെട്ട കാഴ്ച്ച അതി മനോഹരം തന്നെ. തപ്ത കുണ്ഡം ഒരു hot water spring, ചൂടുള്ള ജലം നിർഗമിക്കുന്നതു, ഗന്ധകത്തിന്റെ മണത്തോടെ ഒരു അതിശയം തന്നെ. ഭൂമിക്കടിയിൽ നിന്നും ബഹിർഗമിക്കുന്നതാണ് അത് മുകളിലൂടെ മഞ്ഞുരുക്കി ശീതീകരിച്ചു ഒഴുകുന്ന യമുനയിൽ ലയിക്കുന്നു.ഞങ്ങളിൽ ചിലർ ആ വെള്ളത്തിൽ കുളിച്ചു. ഇവിടെ തപ്ത കുണ്ഡിലെ വെള്ളത്തിൽ അരി വേവിച്ചു നിവേദ്യം അർപ്പിക്കുന്ന ഏർപ്പാടും ഉണ്ട്. ഇവിടെയുള്ള അമ്പലങ്ങൾ ഒക്കെ ചെറിയവയാണ് എന്ന് നമ്മുടെ വഴികാട്ടി ഓർമിപ്പിച്ചു പക്ഷെ തെക്കൻ ഭാരതത്തിലെ പ്രതിഷ്ഠകളെക്കാളും ഊർജം ഉള്ളതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  


യാത്രയിലുടനീളം ശ്രദ്ധിച്ച കാര്യം മലകൾ എല്ലാം അടുക്കുപാറകൾ കൊണ്ട് നിര്മിതമായതാണ് എന്നാണ്.അതായതു പാറകളുടെ പലകകൾ എന്ന് പറയാം . ഒരു അടുക്കും അടുത്ത അടുക്കും തമ്മിൽ ബന്ധമില്ല. പെറുക്കി വച്ചതുപോലെ. ആയതിനാൽ മലയിടിച്ചിൽ വ്യാപകം ആണ്. അതുപോലെ ഉരുളൻ കല്ലുകളുടെ സാന്നിധ്യം മലകളുടെ മുകളിൽ കാണാം. അതായതു കൂടെക്കൂടെ നദികൾ വഴിമാറി ഒഴുകിയിരിക്കണം.അല്ലെങ്കിൽ ഉരുളൻ കല്ലുകൾ നദി വഴി ഏതോകാലത്തു സമുദ്രത്തിൽ അടിഞ്ഞതും ഉയർന്നു വന്നപ്പോൾ മലയുടെ ഭാഗം ആയതും ആവാം. ഈ ഉരുളൻ കല്ലുകൾ രൂപപ്പെടാൻ ലക്ഷക്കണക്ക് വർഷങ്ങൾ കൊണ്ട് ജലപ്രവാഹത്താൽ ചെത്തി മിനുക്കി ഉണ്ടാക്കിയതാണ്. ഇത്തരം മലകൾ രൂപപ്പെടുന്നത് കടലിൽ നിന്നും ഉയർന്നു വന്നത് കൊണ്ടാണത്രേ. അടുക്കു ശിലകളും ആഗ്നേയ ശിലകളും ആണ് പർവതങ്ങളുടെ ആധാരം. ഹിമാലയം അടുക്കു ശിലയായതുകൊണ്ടാണ് ഇവ കടലിൽ നിന്നും ഉയർന്നു വന്നതാണെന്ന് പറയുന്നത്. തെളിവായി അവിടവിടെ മാർബിൾ ശിലകളും കാണാം. മാർബിളിൽ അധികവും കാൽസ്യം അടങ്ങിയതാണല്ലോ അവക്ക് കടലുമായാണ് കൂടുതൽ ബന്ധം. കൂടാതെ ഇവിടെ ഉപ്പു പാറകളും ഉണ്ടത്രേ. ഭൂഖണ്ഡങ്ങൾ തമ്മിൽ ഉണ്ടാകുന്ന കൂട്ടിയിടി യുടെ ഫലമാണത്രെ ഹിമാലയം. ഈ പ്രതിഭാസം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതായതു അത് ഇപ്പോഴും വളർന്നു കൊണ്ടും ഇരിക്കുന്നു. വളരെയധികം ഇളകി കിടക്കുന്ന മണ്ണ് അടുക്കു പാറകളുടെ ഇടയിൽ ഉള്ളത് ആശങ്ക ജനിപ്പിക്കുന്നതാണ്. 

തെഹ്‌രി അണക്കെട്ട് വൃഷ്ടി പ്രദേശം


അടുക്കുപാറ                               തെഹ്‌രി അണക്കെട്ടു 




ഇനി അടുത്തതു ഗംഗോത്രിയാണ്. ഗുപ്ത കാശി യാണ് താമസിക്കേണ്ട സ്ഥലം. യാത്ര നേരത്തേതിനേക്കാളും നയന മനോഹരമാണ്. താഴെ ഭാഗീരഥി കലങ്ങി മറിഞ്ഞു ഒഴുകുന്നു. ബഹ്‌ഗീരഥൻ വലിച്ചു കൊണ്ടുപോകുന്ന ദേഷ്യം അവളുടെ ഗതിയിൽ ദർശിക്കാം. സ്ത്രീ ജനങ്ങൾ പരമേശ്വരനെ ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു കാരണം നേരിയ നൂലുപോലുള്ള റോഡിൽ കൂടെ കയം കാണാത്ത മാലംചെരിവുകളിലൂടെ യുള്ള യാത്രയാണ്. ആഴം കൂടിക്കൂടി വരുമ്പോൾ പ്രാർത്ഥന ഉച്ചത്തിൽ ആവുകയും ചെയ്തു. ഈ നരകത്തിൽ നിന്നും കാരകേറ്റീടേണം   എന്നാണ് പ്രാർത്ഥന. പാത രണ്ടു വരി ആയി അപകടം ഒഴിവായി എന്ന് തോന്നിയാൽ ഭജന ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയമുണ്ടോ എന്ന ചലച്ചിത്ര ഗണത്തിലേക്ക് അമ്മൂമ്മ മാർ പരകായ പ്രവേശം നടത്തിയത് രസകരമായി. ഗംഗോത്രി ഗംഗ ഉദ്ഭവിക്കുന്ന സ്ഥലം ആണ് എന്നാൽ ഗംഗോത്രിയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ അകലെ ഗോമുഖം എന്ന കൊടുമുടിയിൽ നിന്നും ആണ് ഗംഗ പുറപ്പെടുന്നത്. എന്നാൽ ഗംഗോത്രിയിൽ നിന്നും നോക്കിയാൽ മനോഹരമായ ഗോമുഖം കാണാം. ഉത്സാഹികൾ അവിടേക്കു പർവതാരോഹണം നടത്താറുണ്ട്. 


ഗംഗോത്രി കോവിൽ, ഗോമുഖം ഗംഗ 


ഗംഗോത്രിയിൽ ഉള്ള കോവിലിൽ നിന്നും നല്ല നറും നെയ്യിൽ വലിയ നീളമുള്ള ബസ്മതി അരിയിൽ ഉണ്ടാക്കിയ തേനൂറും പായസം ആവോളം ഭുജിച്ചു. ഇവിടെയും ചൂടുള്ള ഉറവകൾ ഉണ്ട്. കൈ കഴുകാൻ ഗംഗയെ സമീപിച്ചപ്പോൾ ആണ് നദി യുടെ ഒഴുക്കിന്റെ ശക്തി മനസ്സിലായത്. 


പിന്നീട് പോയത് ഉത്തരകാശിയിലേക്കാണ് പോകുന്നവഴി ഞങ്ങൾ തെഹ്‌രി ഡാം ചുറ്റിയാണ് പോയത് മുകളിൽ നിന്നും നോക്കിയാൽ വലിയ മരതക പച്ചയും ഇന്ദ്രനീലവും കളർന്ന നിറമുള്ള തടാകം കണ്ണിനു ആനന്ദം പകരുന്ന കാഴ്ചയാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ അണക്കെട്ടിൽ ഒന്നാണ് എന്ന് ഗൈഡ് പറഞ്ഞു. എന്നാൽ മണ്ണിടിച്ചിൽ ഉള്ള പ്രദേശമായതിനാൽ അണക്കെട്ടു ചെളിയും മണ്ണും പറയും വന്നു മൂടാനാണ് വിധി എന്നാണ് ആയതിനാൽ സാമ്പത്തികമായി പ്രയോജനം കുറവാണെന്നു വിമർശനവും ഉണ്ട്. എന്നാൽ നദികളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ പറ്റും എന്ന മറു വാദവും ഉണ്ട്. അവാച്യമായ സുന്ദര ദൃശ്യങ്ങളും കണ്ടു ബസ് പതുക്കെ മുന്നോട്ടു നീങ്ങി.


നമ്മൾ പിപ്പൽകോട് എന്ന സ്ഥലത്താണ് താമസിക്കേണ്ടത്. പോകുന്ന വഴിയിൽ ഒരു കാശി വിശ്വനാഥ ക്ഷേത്ര മുണ്ടു. വലിയ ജനക്കൂട്ടം സന്ധ്യാ പൂജക്ക്‌ കൂടിയിട്ടുണ്ട്. ചെറിയ ചാറ്റൽ മഴയത്തു വലിയ ക്യൂ വിൽ നിന്നു ദർശനം ചെയ്തു. ശ്രദ്ധിച്ച ഒരുകാര്യം പറയാം തീരെമെലിഞ്ഞ പോഷകാഹാര കുറവ് തോന്നിക്കുന്ന കൂനുള്ള പ്രായം ഒരു അറുപതു കാണും അവർ ഈ തിരക്കിനെ അവഗണിച്ചു വലിയ തൂക്കിയിട്ട മണി പൂജ തീരുന്നതു വരെ അടിച്ചു കൊണ്ടിരുന്നു. അവർ അക്ഷരാർഥത്തിൽ മണിയിൽ തൂങ്ങി നിന്നാണ് തന്റെ ഭക്തി യുടെ ശക്തി പ്രകടിപ്പിച്ചത് എന്നെ ആശ്ചര്യ പ്പെടുത്തി. ഇതേ വഴിയിൽ ശിവ ഗുഹ എന്ന ചെറിയ അമ്പലം ഉണ്ട്.ഒരു കി.മി. കയറണം എന്നിട്ടു ഒരു ഗുഹയിലേക്ക് നൂണിറങ്ങണം. അതിനകത്തു calcium carbonate അടിഞ്ഞു കൂടി വിവിധ രൂപങ്ങൾ തൂങ്ങിയും തറയിൽ നിന്നും പൊങ്ങിയും കാണാം. ഓരോന്നും ഓരോ ദൈവ സങ്കല്പങ്ങളായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

ജോഷീമട് 


പിപ്പൽകോട്ട് നിന്നും ഞങൾ ജോഷീമട്ട് ലേക്ക് പോയി. നല്ല വൃത്തിയുള്ള അമ്പലം. ചുറ്റിലും അല്പസ്വല്പം മഞ്ഞു മൂടിയ മലനിരകളാൽ സംരക്ഷിച്ചു നിർത്തിയ പോലുണ്ട്. ശങ്കരാചാര്യർ താമസിച്ച മുറികളും തന്റെ യോഗ ദണ്ഡും മറ്റും ഭംഗി യായി വച്ചിട്ടുണ്ട്. മലയാളികൾക്ക് വലിയ ആദരവാണ് അവിടുത്തുകാർ നൽകുന്നത്. ബദരീനാഥിലെ വിഗ്രഹം വലിയ അകമ്പടിയോടെ ശരത് കാലത്തു എഴുന്നള്ളിച്ചു ഇവിടെ പ്രതിഷ്ഠിക്കും. ഇവിടെയും ചുറ്റിലും ആ സമയത്തു മഞ്ഞു വിരിച്ചിരിക്കും എന്നാലും ബാരരീനാഥ് പോലെ കഠിനമല്ല. 


ഇനി നമ്മൾ പോകുന്നത് മാനാ ഗ്രാമത്തിലേക്കാണ്. ഭാരതത്തിന്റെ ചൈനാ അതിർത്തിയിലുള്ള പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 3200 മീറ്റർ  ഉയരത്തിലുള്ള സ്ഥലം. ഇവിടെ ഇന്ത്യയിലെ അവസാനത്തെ ചായ ക്കട എന്ന് ആലേഖനം ചെയ്ത ഒരു കട കാണാനിടയായി. ഒരു ഗുഹ ക്ഷേത്രവും ഉണ്ട് 5530 കൊല്ലം പഴക്കമുള്ളതാണത്രേ. 


ഇവിടെ തന്നെയാണ് സുന്ദരിയായ സരസ്വതി ഉത്‌ഭവിക്കുന്നതു. കളകളാരവത്തോടെ ഒഴുകുന്ന നദിയെ കാണേണ്ടതു തന്നെ. ഇത് ഉത്ഭവിച്ചു പിന്നീട് അപ്രത്യക്ഷമാവും എന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നദി ഗുഹാ പ്രവേശം ചെയ്യാറുണ്ടത്രെ. 



സരസ്വതി നദി      മഞ്ഞു മൂടിയ മലനിരകൾ 

ബദ്രിനാഥിൽ ആണ് നമ്മൾ ഇന്ന് രാത്രി തങ്ങുന്നത്. സ്വാമിമാർ നടത്തുന്ന ഒരു സത്രം പോലുള്ള എന്നാൽ ചൂടുവെള്ളം കിട്ടുന്ന സൗകര്യ മുള്ള സ്ഥലത്താണ് തങ്ങിയത്. രാത്രി തണുത്തു വിറച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല താപനില പൂജ്യത്തിൽ താഴെ ആയിരുന്നു. രാവിലെ ചൂട് വെള്ളത്തിൽ കുളിച്ചു വിറച്ചു കോവിലിലേക്കു പോയി. വലിയ ഭക്ത നിരകൾ ഉണ്ട്. കാൽ പാദം തറയിൽ വെക്കാൻ വേണ്ടി മെതിയടി പോലുള്ള ചെരുപ്പ് വാങ്ങിച്ചു. ഇവിടെ പൂജ ചെയ്യുന്നത് മലയാളിയായ റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന നമ്പൂതിരി ആണ്. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഒരു ഇല്ലത്തിൽ പെട്ട ആളാണ്. റാവൽജിക്ക്‌ വലിയ പ്രാധാന്യമാണ് ഉത്തര്ഖണ്ഡില് ഉള്ളത്. 

ഞങ്ങൾ വീണ്ടും പിപ്പൽകോട്ടിൽ നേരത്തെ താമസിച്ച ഹോട്ടലിൽ തന്നെ താമസിച്ചു. രാവിലെ മുതൽ കർണ പ്രയാഗ് രുദ്ര പ്രയാഗ് തുടങ്ങിയ നദീതടങ്ങളിൽ കുളിക്കുകയും തണുത്ത വെള്ളത്തിന്റെ ഉണർവും  സുഖവും  അനുഭവിക്കയും ചെയ്തു. കര്ണപ്രയാഗിൽ ആണത്രേ ഭഗവൻ കൃഷ്ണന്റെ കാർമികത്വത്തിൽ കര്ണനെ സംസ്കരിച്ചത്. ഇത് ഒരു സംസ്കാര ഘട്ട് ആണ് . ഇവിടെ കര്ണന്റെ ചെറിയ ഒരു കോവിൽ നദിക്കരയിൽ ഉണ്ട്. പിന്നീട് നമ്മൾ കേദാർനാഥ് കാണാൻ പോയെങ്കിലും കാലാവസ്ഥ അനുകൂല മാവാത്തതിനാൽ ഒരു ദിവസം ഗുപ്തകാശി യിൽ താമസിച്ചു തിരിച്ചു പോരേണ്ടി വന്നു.  

ബദരീനാഥ്     തെളിഞ്ഞ  അളകനന്ദ കലങ്ങിയ പിണ്ഡാർ നദി 


പിണ്ഡാർ നദിയെ ഭാഗീരഥി എന്നും പറയും കലങ്ങി ആണ് ഒഴുക്ക് ഇത് തെളിഞ്ഞ അളകാനന്ദയുമായി കര്ണപ്രയാഗിൽ സംഗമിക്കും. 


കേദാർ നാഥിൽ നിന്നും വീണ്ടും ഋഷികേശിൽ എത്തി. പിന്നീട് ഡൽഹി വഴി നാട്ടിൽ ഒരുപറ്റം നല്ല ഓർമകളുമായി തിരിച്ചെത്തി.


അടുക്കുപാറ                               തെഹ്‌രി അണക്കെട്ടു 




ഇനി അടുത്തതു ഗംഗോത്രിയാണ്. ഗുപ്ത കാശി യാണ് താമസിക്കേണ്ട സ്ഥലം. യാത്ര നേരത്തേതിനേക്കാളും നയന മനോഹരമാണ്. താഴെ ഭാഗീരഥി കലങ്ങി മറിഞ്ഞു ഒഴുകുന്നു. ബഹ്‌ഗീരഥൻ വലിച്ചു കൊണ്ടുപോകുന്ന ദേഷ്യം അവളുടെ ഗതിയിൽ ദർശിക്കാം. സ്ത്രീ ജനങ്ങൾ പരമേശ്വരനെ ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു കാരണം നേരിയ നൂലുപോലുള്ള റോഡിൽ കൂടെ കയം കാണാത്ത മാലംചെരിവുകളിലൂടെ യുള്ള യാത്രയാണ്. ആഴം കൂടിക്കൂടി വരുമ്പോൾ പ്രാർത്ഥന ഉച്ചത്തിൽ ആവുകയും ചെയ്തു. ഈ നരകത്തിൽ നിന്നും കാരകേറ്റീടേണം   എന്നാണ് പ്രാർത്ഥന. പാത രണ്ടു വരി ആയി അപകടം ഒഴിവായി എന്ന് തോന്നിയാൽ ഭജന ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയമുണ്ടോ എന്ന ചലച്ചിത്ര ഗണത്തിലേക്ക് അമ്മൂമ്മ മാർ പരകായ പ്രവേശം നടത്തിയത് രസകരമായി. ഗംഗോത്രി ഗംഗ ഉദ്ഭവിക്കുന്ന സ്ഥലം ആണ് എന്നാൽ ഗംഗോത്രിയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ അകലെ ഗോമുഖം എന്ന കൊടുമുടിയിൽ നിന്നും ആണ് ഗംഗ പുറപ്പെടുന്നത്. എന്നാൽ ഗംഗോത്രിയിൽ നിന്നും നോക്കിയാൽ മനോഹരമായ ഗോമുഖം കാണാം. ഉത്സാഹികൾ അവിടേക്കു പർവതാരോഹണം നടത്താറുണ്ട്. 


ഗംഗോത്രിയിൽ ഉള്ള കോവിലിൽ നിന്നും നല്ല നറും നെയ്യിൽ വലിയ നീളമുള്ള ബസ്മതി അരിയിൽ ഉണ്ടാക്കിയ തേനൂറും പായസം ആവോളം ഭുജിച്ചു. ഇവിടെയും ചൂടുള്ള ഉറവകൾ ഉണ്ട്. കൈ കഴുകാൻ ഗംഗയെ സമീപിച്ചപ്പോൾ ആണ് നദി യുടെ ഒഴുക്കിന്റെ ശക്തി മനസ്സിലായത്. 


പിന്നീട് പോയത് ഉത്തരകാശിയിലേക്കാണ് പോകുന്നവഴി ഞങ്ങൾ തെഹ്‌രി ഡാം ചുറ്റിയാണ് പോയത് മുകളിൽ നിന്നും നോക്കിയാൽ വലിയ മരതക പച്ചയും ഇന്ദ്രനീലവും കളർന്ന നിറമുള്ള തടാകം കണ്ണിനു ആനന്ദം പകരുന്ന കാഴ്ചയാണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ അണക്കെട്ടിൽ ഒന്നാണ് എന്ന് ഗൈഡ് പറഞ്ഞു. എന്നാൽ മണ്ണിടിച്ചിൽ ഉള്ള പ്രദേശമായതിനാൽ അണക്കെട്ടു ചെളിയും മണ്ണും പറയും വന്നു മൂടാനാണ് വിധി എന്നാണ് ആയതിനാൽ സാമ്പത്തികമായി പ്രയോജനം കുറവാണെന്നു വിമർശനവും ഉണ്ട്. എന്നാൽ നദികളിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ പറ്റും എന്ന മറു വാദവും ഉണ്ട്. അവാച്യമായ സുന്ദര ദൃശ്യങ്ങളും കണ്ടു ബസ് പതുക്കെ മുന്നോട്ടു നീങ്ങി.


നമ്മൾ പിപ്പൽകോട് എന്ന സ്ഥലത്താണ് താമസിക്കേണ്ടത്. പോകുന്ന വഴിയിൽ ഒരു കാശി വിശ്വനാഥ ക്ഷേത്ര മുണ്ടു. വലിയ ജനക്കൂട്ടം സന്ധ്യാ പൂജക്ക്‌ കൂടിയിട്ടുണ്ട്. ചെറിയ ചാറ്റൽ മഴയത്തു വലിയ ക്യൂ വിൽ നിന്നു ദർശനം ചെയ്തു. ശ്രദ്ധിച്ച ഒരുകാര്യം പറയാം തീരെമെലിഞ്ഞ പോഷകാഹാര കുറവ് തോന്നിക്കുന്ന കൂനുള്ള പ്രായം ഒരു അറുപതു കാണും അവർ ഈ തിരക്കിനെ അവഗണിച്ചു വലിയ തൂക്കിയിട്ട മണി പൂജ തീരുന്നതു വരെ അടിച്ചു കൊണ്ടിരുന്നു. അവർ അക്ഷരാർഥത്തിൽ മണിയിൽ തൂങ്ങി നിന്നാണ് തന്റെ ഭക്തി യുടെ ശക്തി പ്രകടിപ്പിച്ചത് എന്നെ ആശ്ചര്യ പ്പെടുത്തി. ഇതേ വഴിയിൽ ശിവ ഗുഹ എന്ന ചെറിയ അമ്പലം ഉണ്ട്.ഒരു കി.മി. കയറണം എന്നിട്ടു ഒരു ഗുഹയിലേക്ക് നൂണിറങ്ങണം. അതിനകത്തു calcium carbonate അടിഞ്ഞു കൂടി വിവിധ രൂപങ്ങൾ തൂങ്ങിയും തറയിൽ നിന്നും പൊങ്ങിയും കാണാം. ഓരോന്നും ഓരോ ദൈവ സങ്കല്പങ്ങളായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

ജോഷീമട് 


പിപ്പൽകോട്ട് നിന്നും ഞങൾ ജോഷീമട്ട് ലേക്ക് പോയി. നല്ല വൃത്തിയുള്ള അമ്പലം. ചുറ്റിലും അല്പസ്വല്പം മഞ്ഞു മൂടിയ മലനിരകളാൽ സംരക്ഷിച്ചു നിർത്തിയ പോലുണ്ട്. ശങ്കരാചാര്യർ താമസിച്ച മുറികളും തന്റെ യോഗ ദണ്ഡും മറ്റും ഭംഗി യായി വച്ചിട്ടുണ്ട്. മലയാളികൾക്ക് വലിയ ആദരവാണ് അവിടുത്തുകാർ നൽകുന്നത്. ബദരീനാഥിലെ വിഗ്രഹം വലിയ അകമ്പടിയോടെ ശരത് കാലത്തു എഴുന്നള്ളിച്ചു ഇവിടെ പ്രതിഷ്ഠിക്കും. ഇവിടെയും ചുറ്റിലും ആ സമയത്തു മഞ്ഞു വിരിച്ചിരിക്കും എന്നാലും ബാരരീനാഥ് പോലെ കഠിനമല്ല. 


ഇനി നമ്മൾ പോകുന്നത് മാനാ ഗ്രാമത്തിലേക്കാണ്. ഭാരതത്തിന്റെ ചൈനാ അതിർത്തിയിലുള്ള പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള സ്ഥലം. ഇവിടെ ഇന്ത്യയിലെ അവസാനത്തെ ചായ ക്കട എന്ന് ആലേഖനം ചെയ്ത ഒരു കട കാണാനിടയായി. ഒരു ഗുഹ ക്ഷേത്രവും ഉണ്ട് 5530 കൊല്ലം പഴക്കമുള്ളതാണത്രേ. 


ഇവിടെ തന്നെയാണ് സുന്ദരിയായ സരസ്വതി ഉത്‌ഭവിക്കുന്നതു. കളകളാരവത്തോടെ ഒഴുകുന്ന നദിയെ കാണേണ്ടതു തന്നെ. ഇത് ഉത്ഭവിച്ചു പിന്നീട് അപ്രത്യക്ഷമാവും എന്നാണ് പറയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നദി ഗുഹാ പ്രവേശം ചെയ്യാറുണ്ടത്രെ. 



സരസ്വതി നദി      മഞ്ഞു മൂടിയ മലനിരകൾ 

ബദ്രിനാഥിൽ ആണ് നമ്മൾ ഇന്ന് രാത്രി തങ്ങുന്നത്. സ്വാമിമാർ നടത്തുന്ന ഒരു സത്രം പോലുള്ള എന്നാൽ ചൂടുവെള്ളം കിട്ടുന്ന സൗകര്യ മുള്ള സ്ഥലത്താണ് തങ്ങിയത്. രാത്രി തണുത്തു വിറച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല താപനില പൂജ്യത്തിൽ താഴെ ആയിരുന്നു. രാവിലെ ചൂട് വെള്ളത്തിൽ കുളിച്ചു വിറച്ചു കോവിലിലേക്കു പോയി. വലിയ ഭക്ത നിരകൾ ഉണ്ട്. കാൽ പാദം തറയിൽ വെക്കാൻ വേണ്ടി മെതിയടി പോലുള്ള ചെരുപ്പ് വാങ്ങിച്ചു. ഇവിടെ പൂജ ചെയ്യുന്നത് മലയാളിയായ റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന നമ്പൂതിരി ആണ്. ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഒരു ഇല്ലത്തിൽ പെട്ട ആളാണ്. റാവൽജിക്ക്‌ വലിയ പ്രാധാന്യമാണ് ഉത്തര്ഖണ്ഡില് ഉള്ളത്. 

ഞങ്ങൾ വീണ്ടും പിപ്പൽകോട്ടിൽ നേരത്തെ താമസിച്ച ഹോട്ടലിൽ തന്നെ താമസിച്ചു. രാവിലെ മുതൽ കർണ പ്രയാഗ് രുദ്ര പ്രയാഗ് തുടങ്ങിയ നദീതടങ്ങളിൽ കുളിക്കുകയും തണുത്ത വെള്ളത്തിന്റെ ഉണർവും  സുഖവും  അനുഭവിക്കയും ചെയ്തു. കര്ണപ്രയാഗിൽ ആണത്രേ ഭഗവൻ കൃഷ്ണന്റെ കാർമികത്വത്തിൽ കര്ണനെ സംസ്കരിച്ചത്. ഇത് ഒരു സംസ്കാര ഘട്ട് ആണ് . ഇവിടെ കര്ണന്റെ ചെറിയ ഒരു കോവിൽ നദിക്കരയിൽ ഉണ്ട്. പിന്നീട് നമ്മൾ കേദാർനാഥ് കാണാൻ പോയെങ്കിലും കാലാവസ്ഥ അനുകൂല മാവാത്തതിനാൽ ഒരു ദിവസം ഗുപ്തകാശി യിൽ താമസിച്ചു തിരിച്ചു പോരേണ്ടി വന്നു.  

ബദരീനാഥ്     തെളിഞ്ഞ  അളകനന്ദ കലങ്ങിയ പിണ്ഡാർ നദി 


പിണ്ഡാർ നദിയെ ഭാഗീരഥി എന്നും പറയും കലങ്ങി ആണ് ഒഴുക്ക് ഇത് തെളിഞ്ഞ അളകാനന്ദയുമായി കര്ണപ്രയാഗിൽ സംഗമിക്കും. 


കേദാർ നാഥിൽ നിന്നും വീണ്ടും ഋഷികേശിൽ എത്തി. പിന്നീട് ഡൽഹി വഴി നാട്ടിൽ ഒരുപറ്റം നല്ല ഓർമകളുമായി തിരിച്ചെത്തി.


Wednesday, May 17, 2023

 ഓർമയിലെ  ആദ്യത്തെ ക്രിസ്തുമസ് …മൂന്നാം ഭാഗം



ഒരു വിദൂര ദൃശ്യത്തിൽ ഗ്രാമജീവിതം ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെ  തോന്നിയാൽ അതിശയിക്കാനൊന്നുമില്ല…പക്ഷെ അതൊരു മിഥ്യാ ധാരണയാണെന്നു അതിന്റെ .ആഴങ്ങളിലേക്ക് ഇറങ്ങാൻ തുനിഞ്ഞാൽ മനസ്സിലാവും  …. സങ്കീർണമായ ജീവിത പ്രശ്നങ്ങളുടെ ചുഴികളും അടിയൊഴുക്കും അനുഭവപ്പെടും… സൂര്യൻ കിഴക്കുദിച്ചു പടിഞ്ഞാറോട്ടു എന്നും കിതച്ചു കൊണ്ട് നാടിനെ തന്റെ രശ്മികളാൽ തലോടി പകൽ അന്തി യോളം ഓടി തളർന്നു പടിഞ്ഞാറു കടലിൽ നീരാടാൻ ഇറങ്ങുന്നു….പക്ഷികൾ ചിലച്ചു പുലര്കാലം ആഘോഷിച്ചു…വൈകുന്നേരം ഏതെങ്കിലും മരച്ചില്ലകളിൽ കലപിലകൂട്ടി രാവ് കനക്കും വരെ ഗ്രാമത്തെ സജീവമാക്കുന്നു…എന്നാൽ മനുഷ്യനോ…അവൻ ഇന്നത്തെയും നാളെത്തെയും കാര്യങ്ങൾ നേരെയാക്കാൻ പെടാ പാട് പെടുന്നു…അവൻ പുലര്കാലം അറിയുന്നത് നാട്ടിലെ ഏതെങ്കിലും കോഴി യുടെ ഉച്ചത്തിൽ കളിയാക്കിയുള്ള  കൂവൽ കേട്ടിട്ടാണ്…എടോ എണീക്കു നിനക്കുള്ള ഇന്നത്തെ സമസ്യ ഇതാ..തുടങ്ങിക്കോ…സമയം കളയാതെ …എന്ന സന്ദേശമാണ് ഈ കൂവൽ.എന്ന് തോന്നും..ഓരോദിവസവും എണ്ണി എണ്ണി നീക്കു ക യാണ് മിക്കവരും. എന്നാൽ പൊതുവെ കുട്ടികൾ ഈ സങ്കീര്ണതകളുടെ നൂലാമാലയിൽ പെടാൻ മുതിർന്നവർ അനുവദിക്കാറില്ല…അറിയിച്ചിട്ട് എന്ത് കാര്യം. അല്ലേ?  .വര്ഗീസും അങ്ങനെതന്നെ…എന്നാൽ ഗ്രാമത്തിലെ കുട്ടികൾ എല്ലാം അറിഞ്ഞും മനസ്സിലാക്കിയും തന്നെ യാണ് ജീവിതം പഠി ക്കുന്നത്.


വര്ഗീസ് തന്റെ കുടുംബത്തെ പ്രത്യേകിച്ച് മേരിയെ ഒരു നല്ല നിലയിൽ എത്തിക്കാനുള്ള കഠിന പ്രയക്നത്തിലാണ്…എല്ലാ സംരംഭങ്ങളും ആ ഒരൊറ്റ ലക്ഷ്യത്തിലേക്ക് തിരിച്ചാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്….ചെറിയ ചെറിയ വിജയങ്ങൾ കുറച്ചൊന്നുമല്ല വർഗീസിനെ ഉത്തേജിപ്പിക്കുന്നതു .ഒരു നല്ല നാളെ ഉണ്ടാവും…ആ വിശ്വാസമാണ് പ്രചോദനം… 


കുന്നിൻ മുകളിൽ കൃഷി ചെയ്യുന്ന  പച്ചക്കറികളും കപ്പയും മാർക്കറ്റിൽ വിറ്റിട്ടാണ് ജീവിതം ഒരുവിധം മുന്നോട്ടു നീക്കുന്നത്..”എടീ ത്രേസ്യ..നീ ആ കപ്പത്തണ്ടു എല്ലാം വെട്ടി വച്ചേ…തെക്കു വശത്തുള്ള ചെരിവിൽ നടാം..” വര്ഗീസ് ഉത്സാഹത്തോടെ പറഞ്ഞു…ത്രേസ്യ ക്കു കപ്പ നടലും വിളവെടുപ്പും ഒട്ടും പുത്തരിയല്ല… നടുക്കടലിൽ അകപ്പെട്ട തോണിയിലെ കപ്പിത്താനെ  പ്പോലെയാണ് ത്രേസ്യ ഇപ്പോൾ ….തീരം എവിടെ ആണെന്ന് അറിയാൻ പറ്റുന്നില്ല പിന്നെ രണ്ടും കൽപ്പിച്ചു ഒരു ദിക്കിലേക്ക്  തന്നെ തുഴയുക…കർത്താവ് കാത്ത് ഒരു കരക്കെത്തിക്കും…ആ വിശ്വാസമാണ് ത്രേസ്യയെ മുന്നോട്ടു നടത്തുന്നതു. 




താഴ്വാരത്തുനിന്നും കാര്യമായ ജോലികളൊന്നും വര്ഗീസിനെ തേടി എത്തിയില്ല. പൊതുവെ വിളിക്കാത്ത അതിഥി കളായി ആണ് നാട്ടുകാർ ഈ കുടുംബത്തെ കണക്കാക്കിയത്…പുറമ്പോക്കു പോലുള്ള സ്ഥലമാണ് ആ കുന്നു എങ്കിലും നാട്ടുകാർ അവരുടെ കന്നു കാലികളെ മേയാൻ വിട്ടിരുന്ന സ്ഥലമാണ്. അതിന്റെ അസ്തിത്വത്തെ പറ്റി ഈ കൈയേറ്റത്തിന് ശേഷമാണ് നാട്ടുകാർ അന്വേഷിക്കുന്നത്.. “നമ്പ്യാർ മാഷേ ..ഈ വസ്തു കോലോം വകയല്ലേ…” രാമൻ നായർ നമ്പ്യാരെ ഒന്ന് പ്രകോപിപ്പിച്ചു. നമ്പ്യാർ സ്ഥലത്തെ പ്രമാണിയും ഒരു ചെറിയ ജന്മി യും സ്കൂളിലെ പ്യൂൺ ഉം ആണ്… പക്ഷെ പ്യൂൺ ജോലി ചെയ്യാറില്ല..പക്ഷെ മാഷ് എന്നാണ് നാട്ടിൽ വിളിക്കുന്നത്..നാട്ടിലെ എല്ലാം അറിയുന്ന ആൾ എന്നും ഉള്ള ഒരു വിചാരം അദ്ദേഹത്തിനുണ്ട്…പക്ഷെ ഈ കൈമാറ്റ പ്രക്രിയ അറിഞ്ഞില്ല അതിന്റെ ജാള്യത ഉണ്ട്.കൂടാതെ ഇതിന്റെ പേരിൽ നാട്ടുകാർ  തന്നെ ചെറുതാക്കുന്നുണ്ടോ എന്ന സംശയവും ഉണ്ട്. 


“എനിക്കറിയാം രാമൻ നായരേ..ഇത് ആ #### കാര്യസ്ഥൻ ഒപ്പിച്ച പണിയാ ..തമ്പുരാനെ പറ്റിച്ചു ഉള്ള മലയോരം മൊത്തം ചുളു വിലക്ക് പതിച്ചു കൊടുത്തു ഇപ്പൊ ഈ കുന്നും…അതെങ്ങനാ ആ തമ്പുരാന് ഈ സ്ഥലത്തെ പറ്റി വല്ല വിവരുണ്ടോ…ഇന്നേവരെ സ്ഥലം കണ്ടിട്ട് കൂടിയില്ല…ഞാൻ ഒരീസം തമ്പുരാനെ കാണുന്നുണ്ട്..”


“അത് പോട്ടെ…ഈ വര്ഗീസ് എങ്ങനാ..ഇടപെടാൻ ?” മാഷ് ചോദിച്ചു..


“കൊഴപ്പക്കാരെന്നാ കേട്ടത്…ആ പെണ്ണുങ്ങടെ കൈ അയാൾ കൊതിയതത്രെ…അല്ലേലും അവനവൻറെ രാജ്യം വിട്ടു ഇങ്ങോട്ടു എന്തെങ്കിലും കാരണമില്ലാതെ വരുമോ ?..”


നമ്പ്യാർ കേട്ടപ്പോൾ ഒന്ന് ഞെട്ടി..”ഒ ഓ സൂക്ഷിക്കണം…ഇവരെ ഇവിടെ നിർത്തിയാൽ ശരിയാവില്ല..” നമ്പ്യാർ പിറുപിറുത്തു. ഇത്രയും ആയപ്പോൾ രാമൻ നായർക്ക് സന്തോഷായി.


ഈ വര്ഷം എസ് എസ് എൽ സി ആണ് നല്ല മാർക്കോടെ ജയിക്കണം..ഒരു നല്ല ജോലി സമ്പാദിക്കണം അപ്പന്റെയും അമ്മച്ചിയുടെയും കഷ്ടപ്പാടിന് ഒരു അവസാനം ഉണ്ടാവണം..എന്നൊക്കെ പാവം മേരി ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചു. അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് തുടങ്ങുമ്പോഴേക്കും ചേർന്നു പഠി ക്കാൻ തുടങ്ങി. 


ട്യൂഷൻ സെന്ററിൽ ക്ലാസ് തുടങ്ങിയ വിവരം മേരിയാണ് അമ്മയോട് പറഞ്ഞത്. ഞാൻ മധ്യവേനൽ അവധി കളിച്ചു നടന്നു ചൂണ്ടലിട്ടും മറ്റും ആഘോഷിക്കുകയായിരുന്നു. പത്താം ക്ലാസ്സിന്റെ കാര്യം തന്നെ മറന്നു. പിന്നെ സ്കൂൾ തുറന്നും ഇല്ലല്ലോ. എന്നാൽ അമ്മക്ക് എസ് എസ് എൽ സി യുടെ പ്രാധാന്യം ശരിക്കും അറിയാം..ആയതിനാൽ മേരിയോട് അമ്മക്ക് സ്നേഹവും കടപ്പാടും തോന്നി…ഞാനും മേരിയോടുത്തു ട്യൂഷൻ സെന്ററിയിൽ പോവാൻ തുടങ്ങി..കുറച്ചു ക്ലാസ് നഷ്ടപ്പെട്ടതിനാൽ ഒന്നും മനസ്സിലായില്ല…എന്നാൽ നേരത്തെ പഠിപ്പിച്ച ഭാഗങ്ങളെല്ലാം മേരി ഉത്സാഹത്തോടെ പറഞ്ഞുതന്നു..ഒരുപക്ഷെ മേരിക്ക് എന്നെ പഠിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ഉള്ളതുപോലെ..മേരി നല്ല കുട്ടിയാണെന്ന് തോന്നി…”നല്ലോണം പഠിക്കണം പത്താംക്ലാസ് കഴിഞ്ഞാൽ കോളേജിൽ പോകണം..”

വലിയ കോളേജ് ..വലിയ കെട്ടിടങ്ങൾ ലൈബ്രറി …പരീക്ഷണ ശാലകൾ..ബസിൽ യാത്ര അങ്ങനെ പലതും മേരി പറഞ്ഞു ഇത് വല്ലതും നടക്കുമോ..ഞാൻ ചിരിച്ചു..മേരിക്ക് ശുണ്ഠി കേറി… 


“ങ്ങും..എന്താ…ചിരിക്കേണ്ട …ടീച്ചർ പറഞ്ഞിട്ടില്ലേ..വലുതായി പാന്റ്സ് ഒക്കെ ഇട്ടു നടക്കും..ജോലി കിട്ടും എന്നൊക്കെ?...ടീച്ചർ മാർ പറഞ്ഞാൽ ശരിയായിരിക്കും…” മേരിക്ക് പറയാതിരിക്കാനായില്ല .


“ങ്ങാ കേൾക്കാൻ സുഖമുണ്ട്…പത്താം ക്ലാസ് പാസ്സാവട്ടെ…” ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കാതെ പറഞ്ഞു.



അന്ന് കാലത്തുതന്നെ നമ്പ്യാർ വര്ഗീസിനെ യാണ് കണികണ്ടതു. തലേന്നത്തെ മഴയിൽ നനഞ്ഞ മുറ്റത്തു ഒരു ചെറു മഴുവും പിടിച്ചു നിവർന്നു നിൽക്കുന്നു. രാമൻ നായർ പറഞ്ഞ കാര്യങ്ങൾ കാതിൽ മുഴങ്ങി..ചെറിയ ഭയം..പക്ഷെ പുറത്തു കാണിക്കാതെ..കോലായിൽ നിന്നും ചോദിച്ചു.


“വര്ഗീസ് എന്താ രാവിലെതന്നെ …ഇങ്ങോട്ട് ?” 


“മാഷ് ഒരു ഉപകാരം ചെയ്യണം..വല്യ വിഷമത്തിലാ..”


“എന്ത് ഉപകാരം ?”  മാഷ് മനസ്സിൽ ആലോചിച്ചു പിറുപിറുത്തു .


“മാഷുടെ പറമ്പിലെ പഴയ കമുക് കിട്ടിയാൽ കൊള്ളാം തട്ടി ഉണ്ടാക്കാനാ ..”


മാഷ് എന്ന വിളിയിൽ നമ്പ്യാർ ചെറുതായി അലിഞ്ഞു..


രണ്ടു മൂന്നു കമുകുകൾ വീഴാറായി നിൽപ്പുണ്ട്..കാശ് കൊടുത്തു മുറിക്കാനിരിക്കയായിരുന്നു…ഉള്ളാലെ നമ്പ്യാർക്ക് ഒരു സന്തോഷം ഉണ്ടായി ചുളുവിൽ കാര്യം നടക്കാൻ പോകുന്നു.


“രണ്ടു മൂന്നെണ്ണമുണ്ട് നോക്കി ശ്രദ്ധിച്ചു മുറിക്കണം നിനക്ക് ഉപകാരപ്പെടുമെങ്കിൽ അങ്ങനെ ആവട്ടെ”...ഒരു സൗജന്യം ചെയ്ത ചാരിതാർഥ്യത്തോടെ അനുമതി കൊടുത്തു.


 “വല്യ ഉപകാരം ഒരു പ്രശനവും ഇല്ലാതെ ഞാൻ മുറിക്കാം”


വര്ഗീസ് കമുക് മുറിച്ചു നേരിയ, ചെറുവിരൽ വീതി യുള്ള റീപ്പർ കണക്കെ  ആക്കി. പിന്നെ അതിനെ ചീകി  മിനുസപ്പെടുത്തി കയർ കൊണ്ട് മെടഞ്ഞു വാർണീഷ് അടിച്ചു ഭംഗിയുള്ള തട്ടി കൾ ഉണ്ടാക്കി. കണ്ടാൽ ആരും നോക്കിപ്പോകും..ആ കരവിരുതിനെ പ്രശംസിക്കും…ഒരു കമുകിനെ ഇങ്ങനെ രൂപം മാറ്റാൻ മാറ്റുമോ എന്ന് സംശയിക്കും….


ഒരെണ്ണം നമ്പ്യാരുടെ കോലായിൽ വര്ഗീസ് തന്നെ തൂക്കിയിട്ടു..”ഇനി വെയിലും മഴചാറ്റലും അടിക്കില്ല..” വര്ഗീസ് അഭിപ്രായപ്പെട്ടു 

ഒന്നും പറഞ്ഞില്ലെങ്കിലും നമ്പ്യാർക്ക് സന്തോഷമായി എന്ന് കണ്ണുകൾ വ്യക്തമാക്കി.


“വര്ഗീസേ..ഇതിനെത്രവേണം..” നമ്പ്യാർ ആരാഞ്ഞു..

“ഒന്നും വേണ്ട..മരം മാഷ് തന്നതല്ലേ അതന്നെ ധാരാളം.” വര്ഗീസ് ഭവ്യതയോടെ പറഞ്ഞു. “ഏതായാലും നീ ഒരുപാടു പണിത തല്ലേ…വെറും കൈയ്യോടെ പോകേണ്ട “ എന്നും പറഞ്ഞു സാമാന്യം നല്ല ഒരുതുക നമ്പ്യാർ വര്ഗീസിന് കൊടുത്തു.


തട്ടി നിർമാണം മേരിയുടെ കുടുംബത്തിനു സാമ്പത്തികമായി വളരെ സഹായിച്ചു. മേരിയും അമ്മയും വര്ഗീസിനെ തട്ടി നിർമാണത്തിൽ സഹായിച്ചു പോന്നു. ഞാനും വീട്ടിൽ പറഞ്ഞു വാങ്ങിപ്പിച്ചു. മേരിക്ക് സന്തോഷമായി കാരണം നാലെണ്ണം വാങ്ങി. വീട്ടിലും എല്ലാര്ക്കും ഇഷ്ടപ്പെട്ടു. 

  

ഇതൊക്കെ ആണെങ്കിലും സാമ്പത്തികമായി ഞെരുക്കത്തിൽ തന്നെ ആയിരുന്നു മേരിയുടെ കുടുംബം. മേരി ഇടക്കിടെ മ്ലാന വദനയാവും..എന്താ മേരി ഇങ്ങനെ” ഞാൻ സമാധാനിപ്പിക്കാൻ നോക്കും. “അപ്പൻ കുറെ കഷ്ടപ്പെടുന്നുണ്ട്…എല്ലാം എന്റെ ഭാവിക്കു വേണ്ടി യാണ്….അതിനു ഇങ്ങനെ ബുദ്ധിമുട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല….ഈമാസത്തെ ട്യൂഷൻ ഫീസ് കൊടുക്കാൻ പണമില്ല…ആടിനെ വിൽക്കാൻ പറയുന്നു..”


മേരിക്ക് മാത്രമല്ല എനിക്കും ആടിനെ വിൽക്കുന്നതിൽ നല്ല വിഷമം ഉണ്ട്. ഞാൻ പ്രശനം അമ്മയോട് പറഞ്ഞു. അമ്മക്ക് മേരിയോട് നല്ല സ്നേഹമാണ്. നല്ല കുട്ടി യാണ് എന്ന് ഇപ്പോഴും പറയും. അച്ഛൻ ആണെങ്കിൽ പഠിത്തത്തിന്റെ കാര്യത്തിൽ ഏതെങ്കിലും കുട്ടികൾക്ക് വിഷമം ഉണ്ടെങ്കിൽ പറ്റുമെങ്കിൽ സഹായിക്കും. അങ്ങനെ മേരി യുടെ ഫീസ് 'അമ്മ കൊടുത്തു. അതിനു ശേഷം മേരി ഇടക്കിടെ പറയും “നിന്റെ 'അമ്മ കാരണമാ ഞാൻ ഇപ്പോഴും പഠിക്കുന്നതെന്നു.”


മേരിയിപ്പോൾ കോളേജിനെ പറ്റിയൊന്നും സംസാരിക്കാറില്ല..ഞാൻ കോളേജ് കാര്യം പറഞ്ഞാൽ വിഷയം മാറ്റും..”ഇപ്പൊ ഈ കണക്കൊക്കെ ചെയ്തു തീർക്കാം…അതൊക്കെ പിന്നെ ആലോചിച്ചാൽ മതി..” എന്ന് പറയും.


വര്ഗീസ് ഒരുവിധം തട്ടിമുട്ടി മുന്നോട്ടു പോവുമ്പോഴും അടിയൊഴുക്കുകൾ മെല്ലെ മെല്ലെ അടിത്തറയെ ഇളക്കിക്കൊണ്ടിരുന്നു. ഏതോ പോലീസ് കേസ്..പണ്ട് പിറന്ന നാട്ടിൽ വച്ചുണ്ടായ തർക്കത്തിന്റെ ബാക്കി ഇപ്പോഴും പിന്തുടരുന്നു. അത് പൊലിപ്പിച്ചു നാട്ടിൽ പ്രചരിപ്പിക്കാൻ ആൾക്കാരും. 


പത്താം ക്ലാസ് പരീക്ഷ മേരി നന്നായി എഴുതി. ട്യൂഷൻ സെന്ററിലെ പ്രിൻസിപ്പൽ മേരിയെ പ്രത്യേകം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് ആണ് അടുത്ത അധ്യയന വര്ഷം പരസ്യത്തിൽ കൊടുക്കണം. ആയതിനാൽ ഫീസ് ഇളവൊക്കെ കൊടുത്തു. എന്നാൽ മേരിക്ക് വലിയ സന്തോഷമോ ആകാംഷയോ ഉണ്ടായില്ല.


എസ് എസ് എൽ സി റിസൾട്ട് വന്നു. രാവിലെ പത്രത്തിൽ വായിച്ചു  റേഡിയോയിലും കേട്ടു.  ഞാൻ ചെറിയ പേടിയോടു കൂടി മേരിയെയും കൂട്ടി സ്കൂളിലേക്ക് തിരിച്ചു. മേരിക്കെന്തായാലും ഫസ്റ്റ് ക്ലാസ് ഉണ്ടാവും ഞാൻ അഭിപ്രായപ്പെട്ടത് മേരി തീരെ ഗൗനിച്ചില്ല. മഴക്കാലത്ത് മേഘം ഇടക്കിടെ മറക്കുന്ന സൂര്യനെ പ്പോലെ യാണ് ഇപ്പോൾ മേരിയുടെ മനോനില. 


സ്കൂളിൽ എത്തിയതും കൂട്ടുകാർ മേരിയെ പൊതിഞ്ഞു. മേരിക്ക് ഫസ്റ്റ് ക്ലാസ് മാത്രമല്ല നല്ല മാർക്ക് കൂടിയുണ്ട്. “മേരീ…അഭിനന്ദനങ്ങൾ. നല്ല മാർക്കാണല്ലോ മോളെ…” തങ്കമണി ടീച്ചർ തോളിൽ തട്ടി സന്തോഷത്തോടെ പറഞ്ഞു. “ നല്ല കോളേജിൽ തന്നെ ഇഷ്ടപ്പെട്ട വിഷയം കിട്ടും..നന്നായി പഠിക്കണം..ഡോക്ടർ ആവണം ..” എന്നിട്ടു എല്ലാരോടു മായി ടീച്ചർ പറഞ്ഞു.”മേരിയെ കണ്ടു പഠിക്കണം പണമല്ല കാര്യം ആത്മാർത്ഥമായ അധ്വാനം ഫലം ചെയ്യും..” പക്ഷെ മേരി നിസ്സംഗയായി എല്ലാം കാണുക മാത്രം ചെയ്തു.  


മേരിക്ക് പാസ് ആവണം എന്ന ആഗ്രഹം മാത്രമേ  ഉണ്ടായിരുന്നുള്ളു ആൾകാർ തോറ്റ കുട്ടി എന്ന് പറയരുത്..അത്രതന്നെ.. കോളേജ് സ്വപ്‌നങ്ങൾ എപ്പോഴോ കരിഞ്ഞു പോയിരിക്കുന്നു.. 


തിരിച്ചു നടന്നപ്പോൾ ഞാൻ മേരിയോട് പറഞ്ഞു “നീ എന്താ ഇങ്ങനെ… നല്ല മാർക്കല്ലേ കിട്ടിയത്..ടീച്ചറോട് എന്താ ഒന്നും മിണ്ടാഞ്ഞതു..മോശമായി പ്പോയി …” 

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഊഷരമായ മരുഭൂമിയാണ് മുന്നിൽ. ശക്തമായ ഉഷ്ണക്കാറ്റേറ്റു മേരിയുടെ മുഖം കറുപ്പിച്ചിരുന്നു. മനസ്സിൽ വാടി കരിഞ്ഞ സ്വപ്‌നങ്ങൾ…മേരി പൊട്ടിക്കരഞ്ഞു… “അയ്യോ…എന്താ മേരി..ഞാൻ എന്തെങ്കിലും….” എന്ത് ചെയ്യണം എന്നറിയാതെ മേരിയുടെ തോളിൽ തട്ടി..” കരയല്ലേ…” നിനക്കെന്തറിയാം…രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തത്രപ്പെടുന്ന അപ്പൻ മകളെ നല്ല നിലയിൽ എത്തിക്കാൻ തന്റെ ആരോഗ്യവും കൂടെ നോക്കാതെ കഷ്ടപ്പെടുകയാണ്. 


എനിക്കും നല്ല മാർക്കുണ്ട്. മേരിയോടൊത്തു കോളേജിൽ പോവുന്നതും ബസ് യാത്രയും എല്ലാം ഓർക്കുമ്പോൾ ഉൽസാഹം തോന്നിയിരുന്നു. മേരിയുടെ വീട് വരെ പോയി. വര്ഗീസ് മുറ്റത്തു തന്നെ ഉണ്ട് ഇപ്പോൾ എന്നെ വലിയ കാര്യമാണ്..മോനും പാസ്സായി അല്ലെ..കോളേജിൽ ഇനി ചേരേണ്ടേ? 

“ചേരണം” 


മേരിയുടെ വിജയം വര്ഗീസിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും അങ്കലാപ്പിന്റെയും സമ്മിശ്ര വികാര ത്തിന്റെ തിരയിളക്കം സൃഷ്ടിച്ച ഒരു സംഭവമായിപ്പോയി.  പാവം.. 

“ ഇവളെ നല്ല കോളേജിൽ ചേർക്കണം  … നേഴ്സ് ആവാനുള്ള ഗ്രൂപ്പ് ആണ് വേണ്ടത്”. വര്ഗീസ് മേരിയെ ചേർത്ത് പിടിച്ചു.. മേരിയുടെ കണ്ണുകളിൽ ഒരായിരിയം പൂത്തിരികൾ വിടർന്നു..അവ പെട്ടെന്ന് തന്നെ നനഞ്ഞു കെട്ടുപോയി..


എങ്ങനെ എന്ന ചോദ്യം അവളുടെ മനസ്സിൽ തിളച്ചു കൊണ്ടിരിക്കുന്ന സമോവറിലെ നാണയ തുട്ടു കണക്കെ പിടച്ചു കൊണ്ടിരുന്നു. .


മേരി നേഴ്‌സിന്റെ വേഷമൊക്കെ യിട്ട് നെറ്റിയിൽ പനി ഉണ്ടോ എന്ന് നോക്കുന്നതൊക്കെ ആലോചിച്ചപ്പോൾ മേരിക്ക് പറ്റിയ ജോലിയാണെന്ന് തോന്നി.


ദിവസങ്ങൾ ഓരോ സ്വപ്നങ്ങളുടെ ഏടുകൾ പോലെ മറഞ്ഞുകൊണ്ടിരുന്നു. ഓരോദിവസവും കോളേജുകളിലേക്കുള്ള അപ്ലിക്കേഷൻ വാങ്ങലും അവ പൂരിപ്പിച്ചു അയക്കലും അങ്ങനെ തിരക്കുള്ളതായി. മേരി ദൂരെ മിഷനറിമാർ നടത്തുന്ന കോളേജിൽ ഒക്കെ അയച്ചത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നതായിരുന്നു . എല്ലാം മേരിയുടെ അപ്പനാണ് തീരുമാനിക്കുന്നത്, അനുസരിക്കാനെ പറ്റൂ . 


നേരം വളരെ വൈകിയ നേരത്തു വര്ഗീസ് തന്റെ സന്തത സഹചാരിയായ ആയുധവുമായി, ചെറിയ മഴു, വീട്ടിൽ വന്നു. “ അച്ഛനില്ലേ ഇവിടെ..” എന്നോടാണ് ചോദിച്ചത് പക്ഷെ അകത്തുനിന്നും അച്ഛൻ പുറത്തേക്കു വന്നു.

“എന്താ..വര്ഗീസ് സന്ധ്യക്ക്‌ …” മദ്യപിച്ചാണോ വരവ് എന്ന് അച്ഛൻ ശങ്കിച്ചിട്ടുണ്ടാവണം. 


“കൃഷ്ണേട്ടാ അറിയാലോ വലിയ കഷ്ടത്തിലാണ്..മോൾ നല്ല മാർക്കോടെ പാസ്സായി..ഇനി എവിടെയെങ്കിലും ചേർക്കണം..ഇവിടെ നമ്മുടെ ട്യൂഷൻ സെന്റർ സ്കൂൾ എല്ലാം അവൾക്കു വലിയ സഹായമാ ചെയ്തത്…പക്ഷെ ഇനി ഇവിടം ശരിയാവില്ല “  വര്ഗീസ് പറഞ്ഞൊപ്പിച്ചു. സന്ധ്യയുടെ ഇളം വെളിച്ചത്തിൽ പോലും കണ്ണുനീർ കാണാം. “എന്താ പെട്ടന്ന് പ്രശ്നമായത്”   അച്ഛൻ ചോദിച്ചു.


“ഞങ്ങൾ ഇവിടെനിന്നും കിഴക്കേക്കു തന്നെ പോകുവാ…കുന്നു നമ്മൾ കൈയേറിയതൊന്നുമല്ല…നാട്ടുകാർക്ക് അങ്ങനെ ഒരു വിചാരമുണ്ട്  പോട്ടെ…അത് ഇടിച്ചു പാലത്തിന്റെ അപ്പ്രോച്ച് റോഡ് ഉണ്ടാക്കാൻ കൊടുത്തു അത്രേ..” വര്ഗീസ് കണ്ണ് തുടച്ചു. “എനിക്ക് ഒരു അഞ്ഞൂറ് രൂപ വേണം…എപ്പോൾ തിരിച്ചു തരുമെന്നൊന്നും പറയാനാവില്ല”.



അഞ്ഞൂറ് രൂപ ആ കാലത്തു വലിയ സംഖ്യയാണ്. അച്ഛനും അമ്മയും എന്തൊക്കെയോ ആലോചിച്ചു. അവിടെനിന്നും ഇവിടെനിന്നും എടുത്തു മുന്നൂറ്റമ്പതു രൂപ വര്ഗീസിന്റെ കൈയിൽ കൊടുത്തു. “ഇത്രയേ ഉള്ളൂ. വര്ഗീസിന് അറിയാല്ലോ മോനെ അടുത്തുള്ള ഏതെങ്കിലും കോളേജിൽ ചേർക്കണം..അതിനും വേണ്ടേ പണം “ അച്ഛൻ ബുദ്ധിമുട്ടു നമ്മൾക്കും ഉണ്ടെന്നു അറിയിച്ചു. “അയ്യോ മോന്റെ ഫീസിന് വച്ചതാണെങ്കിൽ വേണ്ട “ വര്ഗീസ് പണം തിരികെ നല്കാൻ ഭാവിച്ചു .


“അതുവേണ്ട സാരമില്ല എന്തെങ്കിലും കുറവുണ്ടെങ്കിൽ നാട്ടിൽ നിന്നും എളുപ്പം കിട്ടും. നിങ്ങൾ സമാധാനായി പോവൂ  “ അച്ഛൻ വര്ഗീസിനെ സമാധാനിപ്പിച്ചു.


 വർഗീസ് കൊണ്ടുവന്ന മഴു അവിടെ നിലത്തു ഉമ്മറത്തോടു ചേർത്ത് വച്ചു.

“എനിക്ക് ഇനി ഇതിന്റെ ആവശ്യമില്ല  കൃഷ്ണേട്ടന് ഉപകാരപ്പെടും മരത്തിന്റെ ചില്ലകൾ മുറിക്കാനൊക്കെ…”. നിർബന്ധിച്ചിട്ടും വര്ഗീസ് തിരികെ എടുത്തില്ല..”ഇവിടെ തന്നെ നിന്നോട്ടെ ..” “തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ ആപൽഘട്ടത്തിൽ എല്ലാം തന്നു സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവർ ഇന്ന് നിങ്ങളെപ്പോലെ ഒന്നോ രണ്ടോ ആൾ ക്കാരെ മാത്രമേ കാണൂ”  എന്നും പറഞ്ഞു ധൃതിയിൽ സ്ഥലം വിട്ടു.

 

പിറ്റേന്ന് കാലത്തു തന്നെ താഴ്വാരത്തെ കുന്നിനരികിലേക്കു പുറപ്പെട്ടു. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നു. കുന്നു കൂടുതൽ യൗവന യുക്ത  ആയിട്ടുണ്ട്. മാവുകളിൽ മാങ്ങകൾ തൂങ്ങി നിൽപ്പുണ്ട്. തെങ്ങുകൾ വലുതായി. ധാരാളം മറ്റു ഫലവർഗങ്ങളും ആരോഗ്യത്തോടെ നിൽപ്പുണ്ട്. ധാരാളം പൂക്കളുള്ള ചെടികൾ നയനാനന്ദകരം തന്നെ. എല്ലാം എത്രമാത്രം ശ്രദ്ധയോടെ പരിപാലിച്ചവയാണെന്നു കണ്ടാലറിയാം.


എന്നാൽ കുന്നിൻ മുകളിലെ കാഴ്ച ഹൃദയ ഭേദകം തന്നെ. വീട് പൊളിച്ചിട്ടിരിക്കുന്നു പുൽക്കൂടാരം തകർന്നിരിക്കുന്നു അതിലുള്ള സാധനങ്ങൾ മണ്ണും പൊടിയും കൊണ്ട് മൂടി യിരിക്കുന്നു. ആരെയും കാണാനും ഇല്ല. എല്ലാവരും പോയോ?  മേരി ഒരുവാക്കുപോലും പറയാതെ പോയല്ലോ…”മോനെ..” കുന്നിന്റെ മറ്റേച്ചെരിവിൽ നിന്നും വര്ഗീസ് കയറിവന്നു കൈയിൽ ഓമനയെ കയറു കൊണ്ട് പിടിച്ചിരിക്കുന്നു… “ഞാൻ നിന്നെ പ്രതീക്ഷിച്ചു നിൽപ്പാണ് …വരുമെന്നറിയാം …” കിതച്ചു കൊണ്ട് വര്ഗീസ് പറഞ്ഞു. “ഇതാ ഇതിനെ പിടിച്ചോ..മേരി ഇതിനെ വിൽക്കാൻ സമ്മതിച്ചില്ല നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു …ദാ …” ഓമന യുടെ കയർ എന്നെ ഏൽപ്പിച്ചു. 


“മേരി …” ഞാൻ തിരക്കി..”അവർ കാലത്തേ ഇറങ്ങി…ആരെയും കാണുന്നതിന് മുന്നേ…ഞാൻ ഇതിനെ ഏൽപ്പിക്കാൻ നിന്നത് …” വര്ഗീസ് തിടുക്കപ്പെട്ടു ഇറങ്ങുന്നതിനിടെ പറഞ്ഞു. ഓമന ഒന്നും അറിയാതെ അടുത്തുള്ള തൊട്ടാവാടി ചവച്ചരച്ചു എന്നെ ഉരുമ്മിക്കൊണ്ട് നിന്നു. വർധിച്ച ഹൃദയ ഭാരത്തോടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി… കാലിനു കനം വച്ചപോലെ..മധുരിക്കും ഓർമകുളുടെ ഒരു കുന്നു..ഉരുകി പോകുന്നതുപോലെ. അത് പുഴയായി താഴ്വാരത്തു കൂടി ഒഴുകുമോ. ഓർമയിൽ ഈ കുന്നും വിളിക്കാതെ തന്ന വസന്തവും ഇല്ലാതാവില്ലല്ലോ.…


മേരിയെഇനിക്കാണുമോ…കാണുമായിരിക്കും…നല്ലതൂവെള്ളഉടുപ്പുമിട്ടു..നേഴ്‌സായി…നെറ്റിയിൽ പനിയുണ്ടോ എന്ന് നോക്കി…സ്നേഹത്തോടെ ശുശ്രുഷിക്കുന്ന ഒരു മാലാഖയായി…വേണ്ട ഓർമ്മകൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നവയായി മാറുന്നു…പാലപ്പൂവിന്റെ മാദക ഗന്ധമുള്ള കുന്നു അപ്രത്യക്ഷമാവാൻ ഇനി അധികം നാളുകളില്ല  എന്നോർത്തപ്പോൾ ഹൃദയം വിങ്ങി …..ഓമന അടുത്ത തൊട്ടാവാടി തേടി കുതറി ഓടി…എല്ലാം ഒരു സ്വപ്നം പോലെ… 

 




********