Thursday, June 20, 2024

ഒരു കല്യാണ കഥ കൂടി

 ഒരു കല്യാണ കഥ കൂടി 


കുപ്പായത്തിന്റെ എല്ലാ കുടുക്കുകളും (ബട്ടൻസ്) ഊരി ഗരുഡനെ മനസ്സിൽ ധ്യാനിച്ച് എസ് പി യുടെ മൊട്ടകുന്നു പറവയെപോലെ പറന്നിറങ്ങി വീട്ടിൽ എത്തി. പുസ്തകങ്ങൾ കോലായിലെ മൂലയിൽ നിക്ഷേപിച്ചു. കിതച്ചു കൊണ്ട് കുപ്പായ ചിറകുകൾ ചേർത്ത് വച്ച് ഒരു വിളി…  


“അമ്മാ എന്റെ ക്ലാസ്സിലെ കുഞ്ഞി  കല്യാണം കൈക്കാൻ പോന്നു …”

അന്നത്തെ പ്രധാന വാർത്ത പുറത്തിട്ടു ..

'അമ്മ അത്ര താല്പര്യം കാണിച്ചില്ല..ഇതൊരു വലിയ കാര്യമൊന്നുമല്ല എന്ന ഭാവം. “ഒമ്പതാം ക്ലാസ്സിലുള്ളവർക്കു കല്യാണം കഴിക്കാമോ..” വീണ്ടും ചോദിച്ചപ്പോൾ അമ്മക്ക് ദേഷ്യം പിടിച്ചു..

”എന്താ നിനക്ക് കല്യാണം കഴിക്കണോ…”

 “വേണം …” 'അമ്മ ഞെട്ടി ..”ങേ.. അമ്പട കേമാ.. മുട്ടേന്നു വിരിഞ്ഞിട്ടില്ല.. കൊക്കരക്കണം പോലും…” 

“ഓൾക്ക് കല്യാണം കഴിക്കാലോ പിന്നെ എന്താ എനക്ക് കൊയപ്പം….” വിവരം കെട്ടവൻ പറഞ്ഞു.

“ഈ ട്രൗസർ ഇട്ടു നടക്കുന്ന നിനക്ക് അതിന്റെ പ്രായമായോട ചെക്കാ”  'അമ്മ ചിരിച്ചു.


“ എന്നാ പിന്നെ ഞാൻ മുണ്ടുടുക്കാം… ക്ലാസ്സിലെ സജീവൻ മുണ്ടു ഉടുത്തല്ലേ  വരുന്നത്”..


“ അതിനു നിനക്ക് തോർത്ത് പോരെ എന്തിനാ മുണ്ടു..” 'അമ്മ കളിയാക്കി 

അത് ശരിയാണല്ലോ മുണ്ടു വലുതല്ലേ എങ്ങനെ ഉടുക്കും…

“ നീ എന്തിനാ കല്യാണം കഴിക്കുന്നത്…” 'അമ്മ ക്കു അറിയണം 

“ കല്യാണം കഴിഞ്ഞാൽ സ്കൂളിൽ പോകേണ്ടല്ലോ…”

നടക്കാത്ത സ്വപ്നം ബാക്കിയാക്കി പിറ്റേ ദിവസം സ്കൂളിലെ ചർച്ച കല്യാണ ത്തിന് പോകുന്ന കാര്യത്തെ പറ്റിയാണ്… എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്.. സ്കൂൾ കഴിഞ്ഞു വൈകുന്നേരം പോയാൽ മതി എന്ന് തീരുമാനിച്ചു…എന്ത് സമ്മാനം കൊടുക്കും അതായി അടുത്ത പ്രശ്നം… മിമിക്രി മോഹനൻ ഒരു മാച്ചി മൂലയിൽ നിന്നും വലിച്ചെടുത്തു ശരീരത്തിന് വിലങ്ങനെ വച്ച് “ദേവി കന്യാകുമാരി …” എന്ന് ഉച്ചത്തിൽ പറഞ്ഞു… എന്താ മോഹനാ .. ദേവി കന്യാകുമാരിയുടെ ഫോട്ടോ കൊടുത്താൽ മതി… ആ സമയത്തു ടാക്കീസിൽ കളിക്കുന്ന പടം ആണ്..

അത് വേണ്ട… പക്ഷെ വലിയ തുക സമാഹരിക്കാൻ പറ്റിയും ഇല്ല…

ഒരു കാര്യം ചെയ്യാം നല്ല വീണ വായിക്കുന്ന സരസ്വതി യുടെ ഫോട്ടോ കൊടുക്കാം.. അന്നത്തെ കാലത്തു  വധൂ വരന്മാർക്കു മംഗളം എന്ന് ആലേഖനം ചെയ്ത ഫോട്ടോകൾ കൊടുക്കുന്ന പതിവുണ്ട്…ദൈവത്തിന്റെയോ രാഷ്ട്രീയ നേതാക്കന്മാരുടെയോ ഒക്കെ പടമായിരിക്കും ഉണ്ടാവുക.


അങ്ങനെ കമല ദളത്തിൽ ഇരുന്നു വീണ മീട്ടുന്ന ഒരു സാമാന്യം വലിയ ഫോട്ടോ വാങ്ങി. ജീവിതം വീണാ നാദം പോലെ സാന്ദ്രവും സംഗീതാത്മകവും ആവട്ടെ എന്നൊന്നും അന്ന് ആലോചിക്കാൻ ഇടയില്ല. അതുപോലെ കമലദളം നായികയുടെ പേരുമായി സാമ്യമുണ്ടായതും യാദൃശ്ചികം തന്നെ എന്ന് പിൽക്കാലത്തു ഓർത്തുപോയി.


എല്ലാവരും കൂടെ വൈകുന്നേരം മടായി പാറയുടെ തീരെ സൗഹൃദമല്ലാത്ത പരുപരുത്ത പാറ പുറത്തുകൂടെ മിക്കവരും നഗ്ന പാദരായി നടന്നു പാറയിൽ അള്ളിപിടിച്ച മുൾച്ചെടികളുടെ മൂർച്ച ആള്ക്കാര് നടന്നു മിനുസമാക്കിയത് പാറയുടെ പരുക്കൻ സ്വഭാവം നിഷ്പ്രഭമാക്കി എന്നാലും കൂട്ടുകാരി യുടെ വീട്ടിലേക്കുള്ള യാത്രക്ക് യാതൊരു സന്തോഷക്കുറവും ആർക്കും ഇല്ല. ഉത്സാഹത്തോടെ  വീട്ടിൽ പോയി കൊടുത്തു എന്നാണ് ഓർമ്മ. കഥാ നായിക ലജ്ജാ വിവശയായി ചെറുമന്ദഹാസത്തോടെ ഞങ്ങളെ സ്വീകരിച്ചു. മുറ്റത്തു കൊച്ചു പന്തലിന്റെ പണി നടക്കുന്നത് കാണാം. എല്ലാവരും ചായയും ചെറു പലഹാരവും കഴിച്ചു കൂട്ടുകാരിക്കു മംഗളങ്ങളും നേർന്നു പിരിഞ്ഞു. 


ഇപ്പോൾ കല്യാണത്തിന് ഫോട്ടോ കൊടുത്തു എന്ന് പറഞ്ഞപ്പോൾ കുട്ടികൾ ക്കു പൊട്ടിച്ചിരിയാണ്…”അച്ഛൻ പണ്ടേ പൊട്ടത്തരമേ കളിക്കൂ അല്ലേ ..” മകന്റെ പരിഹാസം കേട്ട് ഞാനും ചിരിച്ചു…


No comments:

Post a Comment