Sunday, March 17, 2024

 ടോംസോയർ ഓഫ് അടുത്തില


അടുത്തില 


നമ്മുടെ കൊച്ചു ഗ്രാമം അടുത്തില, ഈ ലോകത്തെ ചെറിയ ഒരു പ്രദേശം അവിടെയുള്ള മനുഷ്യരും സകലമാന ജീവജാലങ്ങളും ചേർന്നുള്ള അതിശയകരമായ ഒരു ആവാസവ്യവസ്ഥ അനുഭവിച്ചവർക്കേ അതെത്ര ഹൃദയവർജ്ജകമാണെന്നു പറയാൻ പറ്റൂ. അവിടെ മനുഷ്യൻ സ്നേഹിച്ചും കലഹിച്ചും ജീവിതം ആഘോഷിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഈ ഗ്രാമത്തിനു ചുറ്റും വലിയ മതിലുകൾ പോലെ  ചെറിയ കുന്നുകൾ സുരക്ഷാ കവചം കണക്കെ കിടക്കുന്നു അതിനകത്ത് ഗ്രാമം ഒരു കുമ്പിള് പോലെ തോന്നിക്കും ഒരുപക്ഷേ കുമ്പിൾ എന്നുള്ളത് ഒരു അതിശയോക്തിയല്ല കാരണം അവിടെ ഉള്ള മനുഷ്യർക്ക് അന്നം കൊടുക്കുന്ന വയലുകളും ചെറിയ പുഴകളും പശുക്കളും എല്ലാം അടങ്ങിയ ഒരു ചെറിയസ്വയം പര്യാപ്തമായ ഇടമാണ്. അവയിൽ സ്വർണ്ണ കതിർമണികളാൽ  അലുക്കുകൾ പിടിപ്പിച്ചപച്ച ചേല ധരിച്ച വയലേലകൾ.  പുലർകാലങ്ങളിൽ സൂര്യകിരണങ്ങൾ തട്ടി തിളങ്ങുന്ന പളുങ്കുമണി കണക്കുള്ള  മഞ്ഞു കണങ്ങൾ, പുൽച്ചെടികളെ ലജ്ജയാൽ  തലതാഴ്ത്തി നിൽക്കുന്ന പെൺ കൊടികൾ കണക്കെ മനോഹാരികളാക്കി.  നാട്ടുവെളിച്ചത്തിൽ തിളങ്ങുന്ന വഴികളും ഏകാന്ത രാവുകളിൽ മുങ്ങാം കുഴിയിടുന്ന തവളകളും രാത്രി യാത്രകൾ ഏതൊരുവനേയും  അകന്നു പോയ ഗ്രാമത്തിലേക്ക്  തിരികെ വിളിക്കാൻ പോകുന്ന ഓർമകളാണ്. 


ഗ്രാമത്തിലെ ഓരോരാളും ഓരോ വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  അവരെപ്പറ്റി നാളിതുവരെ ആരും കുറിച്ചു വച്ചിട്ടുണ്ടെന്നു  തോന്നുന്നില്ല. 


ഇതിൽ പ്രധാനി ആയിട്ടുള്ളത് ജയേട്ടൻ ആണെന്ന് നിസ്സംശയം പറയാം. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ് പ്രായം കൊണ്ട് വളരെ മൂപ്പു ഉള്ളതാണെങ്കിലും എല്ലാവരോടും സമപ്രായക്കാരൻ  എന്നവണ്ണം പെരുമാറാനും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനും ഒരു പ്രത്യേക ശ്രദ്ധ  ജയേട്ടൻ എന്നും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ജയേട്ടൻ കുട്ടികളുടെ പ്രിയങ്കരനായത്. എന്നാൽ മറ്റു മുതിർന്നവർക്ക് ജയേട്ടൻ നിഷേധിയാണ് അതിനുള്ള കാരണം ചിന്തിച്ചപ്പോൾ മനസ്സിലാവുന്നത് അന്നത്തെ ചുറ്റുപാടുകൾ അങ്ങനെയുള്ളതായിരുന്നു ചേട്ടൻ അധ്യാപക ദമ്പതികളുടെ രണ്ടാമത്തെ പുത്രനും അത് കൂടാതെ വേറെ നാല് സഹോദരങ്ങളും സഹോദരിയും കൂടെ ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും വേണ്ട രീതിയിൽ പരിപാലിക്കുവാൻ ഉള്ള സാഹചര്യം ജയേട്ടന്റെ അച്ഛനും അമ്മയ്ക്കും തരപ്പെടാറില്ല. മാത്രവുമല്ല അച്ഛൻ ഒരു അറു പിശുക്കൻ  ആയിരുന്നു. ആ കാലം വളരെ പ്രത്യേകത നിറഞ്ഞ സമയ മായിരുന്നു. കാരണം ആ സമയങ്ങളിൽ നാട്ടിൽ നിറയെ പുരോഗമന പ്രസ്ഥാനങ്ങൾ അതിൻറെ അത്യുന്നതങ്ങളിൽ വിരാജിക്കുന്ന ഒരു സന്ദർഭമായിരുന്നു. നാട് നിറയെ പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങളും വായനശാലകൾ കേന്ദ്രീകരിച്ചു നല്ല നല്ല ആശയങ്ങൾ നിറഞ്ഞ  പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കുവാൻ തരപ്പെടുത്തി കൊടുക്കുന്ന അധ്യാപകരും ഉള്ള ഒരു കാലഘട്ടം മാക്‌സിം ഗോർക്കിയുടെ അമ്മ കേശവദേവിന്റെ നോവലുകൾ സി എൽ ജോസിന്റെ  നാടകങ്ങൾ അങ്ങനെ പലതരം പുസ്തകങ്ങളും പ്രഭാഷണങ്ങളും കേട്ട് ആ കാലങ്ങളിൽ കുട്ടികളിൽ ഒരു നിഷേധ സ്വഭാവം രൂപീകരിച്ചിട്ടുണ്ട് കുട്ടികൾ ദൈവവിശ്വാസികൾ ആണെങ്കിലും വിശ്വാസങ്ങളെ അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു മനസ്സ് അവർ ആർജ്ജിച്ചിരുന്നു  എന്നാൽ മുതിർന്നവർ പഴയ ആചാരങ്ങളെയും മുറുകെ പിടിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നു അത് കുട്ടികളുടെ മേൽ  അടിച്ചേൽപ്പിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല ആ അവസരത്തിൽ ചേട്ടൻ ഒരു നിഷേധിയായതിൽ അതിശയിക്കാനില്ല മാത്രവുമല്ല ചേട്ടൻറെ പിതാവ് മാഷ് ഒരു പിശുക്കൻ ആണെന്ന് നേരത്തെ പറഞ്ഞല്ലോ അദ്ദേഹം നാട്ടുകാർക്ക് ഉയർന്ന പലിശക്ക് കടം കൊടുക്കുകയും അത് പിടിച്ചു വാങ്ങുവാൻ വേണ്ടി തർക്കിക്കുകയും ചെയ്യുന്നത് സാധാരണയാണ് എന്നാൽ ജയേട്ടനെ പാവപ്പെട്ടവരോട് ഒരു പ്രത്യേക സ്നേഹം എന്നും ഉണ്ടായിരുന്നു അത് പണത്തിനും മുകളിൽ ആയി അദ്ദേഹം കണക്കാക്കിയിരുന്നു. നമ്മുടെ കഥ മുന്നോട്ടു പോകണമെങ്കിൽ ജയേട്ടനുമായി ബന്ധപ്പെട്ട ഒരൊരാളെയും കുറിച്ച് പറയേണ്ടതായിട്ടുണ്ട്.


കണ്ണൻ മാഷ് ദി ഗ്രേയ്റ്റ്‌ 



“ ഹാവൂ സമാധാന മായി എന്താ ഒരു താമസം  ഒന്ന് വേഗം വന്നൂടെ….. മഹാമായേ”


കണ്ണൻ മാഷ് പറമ്പിൽ നിന്നും മുക്കി യതിന്റെ പരിണിത ഫലം വന്ന സന്തോഷ ത്തിലാണ്. ചിരിച്ചും കൊണ്ട് കിണ്ടിയുമായി വരുന്ന കണ്ണൻ മാഷെ കണ്ടപ്പോൾ ടീച്ചർക്ക് സമാധാനമായി. ഇപ്പൊ ചോദിച്ചാൽ കാര്യം നടക്കും.  


“ചന്ദ്രന്റെ ഫീസ് കൊടുക്കണം പതിനെട്ടു രൂപ അല്ലേൽ അവൻ സ്കൂളിൽ പോവില്ലത്രേ” 

“കൊടുക്കാലോ” അങ്ങനെയാ മാഷ് നല്ല ശോധന കിട്ടിയാൽ സ്വർണം ചോദിച്ചാലും കൊടുക്കും.

നാട്ടിൽ ഭൂത പ്രേത പിശാച് ആഭിചാരം പാരവെപ്പു ഇത്യാദി കാര്യങ്ങൾ നാട്ടുകാരുടെ അജ്ഞത മുതലെടുത്തു നടക്കുന്ന കാലമാണ് എന്നാൽ അതിലൊന്നും മാഷ് വീഴില്ല. പണം ഉണ്ടാക്കുക ഉണ്ടാക്കിക്കൊണ്ടേയിരിക്കുക അതാണ് ഒരേ ഒരു ലക്‌ഷ്യം.


കണ്ണൻ മാസ്റ്റർ നാട്ടിലെ ജന്മിയും സ്കൂൾ അധ്യാപകനും ആണ്. പുഴയോരത്തു ധാരാളം കൃഷിനിലം ഉണ്ട് കൈപ്പാട് എന്നാണ് ഇതിനെ പറയുന്നത്. എക്കൽ മണ്ണിൽ കനകം വിളയും പുഴ ആവശ്യത്തിന് വളം നൽകി പരിപാലിച്ചുകൊള്ളും. കൃഷി കഴിഞ്ഞാൽ ചെമ്മീൻ കൃഷിക്ക് പാട്ടത്തിനു കൊടുക്കും. നല്ല വരുമാനം ആണ് മാസ്റ്റർക്ക് കിട്ടുന്നത്. 


“മാലതിയെ ഇന്ന് കുറെ പെണ്ണുങ്ങൾ കണ്ടത്തിൽ പണിക്കുണ്ട് കഞ്ഞി കൊടുത്തയക്കണം..” ടീച്ചർക്ക്  ഈ കഞ്ഞിയും ചക്ക പുഴുക്കും ഉണ്ടാക്കി കഴിഞ്ഞേ സ്കൂളിലേക്ക് പോകാൻ പറ്റൂ. മാഷ്ക്ക് അതൊന്നും വിഷയമേയല്ല. ഒരാളെ പണിക്കു സഹായത്തിനു നിർത്തില്ല. ടീച്ചർ ആവലാതിപ്പെട്ടു. പക്ഷെ  ഒരുകാര്യവും ഇല്ല.


“ഇവിടെ ഒരു സാധനവും ഇല്ല ഇപ്പൊ പറഞ്ഞാൽ എങ്ങനെയാ…” ടീച്ചർ പിറുപിറുത്തു. “ അരി അളന്നു വെച്ചിട്ടുണ്ട് … കൂട്ടാന് ചക്ക മതി” മാസ്റ്റർ തീർപ്പു കൽപ്പിച്ചു. അതാതു ദിവസത്തേക്ക് വേണ്ടത് മാസ്റ്റർ തന്നെ അതാതു ദിവസം അളന്നു കൊടുക്കും. ടീച്ചർക്ക് ഒരു ഉത്തരവാദിത്തവും കൊടുക്കില്ല, അനുസരിക്കുക മാത്രം . കിട്ടുന്ന ശമ്പളം അതുപോലെ മാസ്റ്ററെ ഏൽപ്പിക്കണം. എന്തെങ്കിലും വേണമെങ്കിൽ കെഞ്ചി അപേക്ഷിച്ചാൽ കൊടുത്താൽ ആയി. അതാണ് ടീച്ചറുടെ അവസ്ഥ.   നേരത്തെ തന്നെ പറഞ്ഞല്ലോ മാഷ് ചേട്ടൻറെ അച്ഛനാണ് അദ്ദേഹം ഒരു പ്രത്യേകതയുള്ള ഒരു വ്യക്തിയാണ് തികച്ചും ഒരു കോമാളി പരിവേഷം ആണ് അദ്ദേഹത്തിന് പൊതുവേ നൽകപ്പെട്ടിരുന്നത് കാരണം അറു പിശുക്ക് തന്നെ. അങ്ങനെ ടീച്ചർക്ക് ജോലി ചെയ്യുക എന്നല്ലാതെ ആ കിട്ടുന്ന ശമ്പളം കൊണ്ട് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ടീച്ചർക്ക് തന്റെ അസ്വാതന്ത്ര്യത്തിൽ വലിയ വിഷമം ഉണ്ട്. ഇതെല്ലാം കണ്ട് വളരുന്ന ജയേട്ടൻ ഒരു നിഷേധി ആയില്ലെങ്കിലെ  അത്ഭുതമുള്ളൂ. അന്നത്തെ കാലത്തു പണിക്കു കൂലി കൊടുത്തു കൊ ണ്ടിരുന്നത് പണമായിട്ടല്ല പൊതുവേ ആൾക്കാരുടെ കയ്യിൽ പണം ഇല്ലായിരുന്നു പകരം നൽകിവന്നിരുന്നത് അരിയായോ തേങ്ങയോ അങ്ങനെയൊക്കെയാണ്. അന്ന് സൗജന്യ വിദ്യാഭ്യാസം ഒന്നും അല്ല. ഹരിജനങ്ങൾ ഒഴികെ എല്ലാവരും ഫീസ് കൊടുക്കണം. അത് അരിയോ തേങ്ങയോ ആയി കൊടുക്കാൻ ഒക്കുമോ  തൊഴിലാളികൾ ആവലാതി പറയും. അവർക്കു പണം പലിശക്ക് മാഷ് കൊടുക്കും.  കണ്ണൻ മാഷും  ഭാര്യയും സർക്കാർ ജോലി ചെയ്യുന്നത് കൊണ്ട് കയ്യിൽ കാശ് പണം ആയിട്ട് തന്നെ ഉണ്ടാകും. മാഷു പലിശയും പലിശക്ക് പലിശയും കൂട്ടി അവസാനം ആൾക്കാരുടെ സ്ഥലം വരെ എഴുതിവാങ്ങിയിട്ടു വരെയുണ്ട്. ടീച്ചർക്ക് അമിത പലിശ വാങ്ങുന്നത് ഇഷ്ടമല്ല. ഈയാൾ അവരുടെ പ്രാക്ക് വാങ്ങി നരകിക്കുമല്ലോ ഈശ്വരാ എന്ന് ഇടയ്ക്ക് ഓർമിപ്പിക്കും.  


ടീച്ചർ വല്ല ആവശ്യത്തിനും കാശു ചോദിച്ചാൽ “മാലതിയെ നീ തന്ന കാശു മൊത്തം വളത്തിനു ചിലവായി. ഒന്നും ബാക്കി യില്ല” എന്നെ പറയൂ.

“ഈ ആളെന്താ കിട്ടുന്ന കാശു മുഴുവൻ വളത്തിനു കൊടുക്കുന്നത് ദിവസ ചിലവിനു വെക്കേണ്ടേ” എന്ന് പിറുപിറുക്കും. നെല്ല് കുത്താൻ കൂലി കൊടുക്കാനും കൂടി പണമില്ല. കുത്തിയ അരി യിൽ നിന്നും ഒരുഭാഗം കൂലി ആയി മില്ല് കാരനു കൊടുക്കട്ടെ. മാസ്റ്റർ പ്രശനം അങ്ങനെ പരിഹരിക്കും. അതുമല്ലെങ്കിൽ വീട്ടിലെ പത്രക്കടലാസ് പീടികയിൽ വിൽക്കും. അത്യാവശ്യത്തിനു ഒരു ജോലി പരസ്യമോ മറ്റോ നോക്കാൻ ചോദിച്ചാൽ ഉണ്ടാവില്ല, വിറ്റിട്ടുണ്ടാവും . അക്കാലം എല്ലാ വീട്ടിലും പത്രങ്ങൾ വരുത്താറില്ല. കാശ് ആയി കൈയിൽ നിന്നും കൊടുക്കാൻ വലിയ മടി ആണ്.  

ഇതൊക്കെ ആണെങ്കിലും കണ്ണൻ മാസ്റ്റർ നല്ല കണക്കു അധ്യാപകൻ ആണ്. വിരമിച്ച ശേഷം കുട്ടികൾക്ക്, ഒന്നോ രണ്ടോ കുട്ടികൾക്ക് ട്യൂഷൻ എടുക്കും. 5 രൂപയാണ് ഫീസ്. ഒരു കണക്കും കൊടുത്തു മാസ്റ്റർ വയലിലേക്ക് പോകും. പിന്നെ വന്നാലായി. 


കണ്ണൻ മാഷ് തെക്കോട്ടു പോയാൽ കൈപ്പാട്ടിലേക്കായിരിക്കും പിന്നെ അന്ന് സമയത്തിന് കാണില്ല, വടക്കോട്ടു പോയാൽ തെങ്ങിൻ തോപ്പിലേക്കു ചിലപ്പോൾ വരും പടിഞ്ഞാറോട്ടു പോയാൽ വെളിമ്പറമ്പിൽ പ്രകൃതിയുടെ വിളിക്കു വന്നാലായി അങ്ങനെ യാണ് കുട്ടികളുടെ നിരീക്ഷണം.

കുറെ കഴിയുമ്പോൾ ടീച്ചർ തുമ്പപ്പൂ പോലുള്ള ഇഡ്ഡലി, കടുകും കറി വേപ്പിലയും ഉണക്ക മുളകും വറുത്തിട്ട ചട്ടിണി എല്ലാര്ക്കും കൊടുക്കും. നമ്മൾ കുട്ടികൾ ഒന്നും ഇതേവരെ, ആകാലത്തു അങ്ങനെ സ്വാദിഷ്ടമായ ഒരു പ്രാതൽ കഴിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തി അല്ല. മിക്ക വീട്ടിലും ഒരുനേരം അടുപ്പു പുകഞ്ഞാലായി, അതാ അവസ്ഥ. മിക്ക കൂട്ടുകാരും രാവിലെ പഴങ്കഞ്ഞി കുടിച്ചിട്ടാണ് വരുന്നത്. ഒന്നും കുടിക്കാത്തവരും ഉണ്ട്. അവർ ഉച്ചക്ക് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവിൽ പ്രതീക്ഷ അർപ്പിച്ചു ക്ലാസ്സിൽ ട്രൗസര് മുറുക്കി ഇരിക്കും.


“കണക്കു ചെയ്തു തീർന്നോ മക്കളെ” ടീച്ചർ സ്നേഹത്തോടെ അടുക്കള ജനലിലൂടെ ആരാഞ്ഞു “ ജയാ തീർന്നെങ്കിൽ നീ അവർക്കു എന്തെങ്കിലും ചെയ്യാൻ കൊടുക്കൂ” ജയേട്ടൻ ഒന്നും ചെയ്യില്ല നേരത്തെ തന്ന കണക്കിലെ സംഖ്യകൾക്ക്  ഒരു പൂജ്യവും ചാർത്തി പരിഷ്കരിച്ചു തരും. ഇത് ചെയ്തിട്ട് വീട്ടിലേക്കു പോയ്കോ എന്ന് ആജ്ഞയും. കുട്ടികൾ നിമിഷം കൊണ്ട് ചെയ്തു സ്ഥലം കാലി ആക്കും.


No comments:

Post a Comment