Sunday, October 15, 2023

 രണ്ടാം വരവ് 


അണ്ഡകടാകത്തിന്റെ സൗന്ദര്യ റാണി   ആയ ഭൂമിയില്‍ സംഭവിക്കുന്നത് അങ്ങ് അറിയുന്നില്ലേ ദൈവം തമ്പുരാനെ.

ഉച്ചമയക്കം ഉണര്‍ന്നു കണ്ണുതിരുമ്മി പടച്ചോൻ  എഴുന്നേറ്റു അണ്ഡകടാക സൂപ്പർ വൈസർ മന്ത്രിയെ നോക്കി. ഉറങ്ങിയാലും ഉണർന്നാലും  എല്ലാം കാണുന്നവനാണ് ഈ ഞാൻ എന്ന ഗർവു കണ്ണിൽ ആവോളം നിറച്ച് തീർഷണമായി ഉഴിഞ്ഞു. എന്താ?



മന്ത്രി തിരുവടികൾ ഉച്ചത്തിൽ ഗദ്ഗദപ്പെട്ടു  “അല്ലാ, ഉലകത്തിൽ അങ്ങ് ചിലയിടത്തു വെള്ളപൊക്കം ഉണ്ടാക്കും അപ്പോൾ തന്നെ വേറൊരിടത്തു വരൾച്ചയും കൊടും ചൂടും ചിലയിടത്തു ചുഴലി കാറ്റു ചിലയിടത്തു കാട്ടു തീ ചിലയിടത്തു അഗ്നി പർവ്വത ഫയർ വർക്സ് ഇതെല്ലാം പോരാണ്ടു വർഷങ്ങൾ നീണ്ടു നിന്ന മഹാമാരി ഇത്രയെല്ലാം വാരി വിതറീട്ടും ഇവന്മാർ എന്തെ ഒന്നും പഠി ക്കാത്തതു”


നേരിട്ട് കൊണ്ടിരിക്കുന്ന കാലിക പ്രശ്നനങ്ങൾ മഹാമന്ത്രിയുടെ തല പുകക്കാൻ തുടങ്ങിയിട്ട് കുറേനാളായി ഒന്നിറക്കി വെക്കാൻ ദൈവം തിരുനടയിൽ എത്തിച്ചതാണ്. 


ദൈവം തന്റെ വികാര വിചാരങ്ങൾ  അമാത്യനോട് പറഞ്ഞു. ഒരു കൂടിയാലോചന വേണ്ടതിലേക്കു ഉപകാരപ്പെടും മഹാമാരി കൊടുത്തപ്പോൾ പഠിക്കും എന്ന് വിചാരിച്ചു നടന്നില്ലാ ഡോസ് കുറവാണെന്നു തോന്നുന്നു. ഇപ്പോ സ്ഥിതി പണ്ടത്തേതിലും കൂടുതലായി. ഒരാൾക്ക് ഒരാളെ വിശ്വാസമില്ലാതായി ആടിനെ പട്ടിയാക്കി പട്ടിയെ പശുവാക്കി ഇപ്പൊ ഏതു ഏതാ എന്ന് മാലോകർക്ക് നിശ്ചയമില്ല ഭക്ഷണത്തിലെല്ലാം മായം വർത്തകളികൾ പോലും മായം. 


നാട്ടുകാർ പ്രമാണിമാർക്കൊക്കെ അമ്പലം പണിയുന്ന തിരക്കിലാണത്രെ. ദൈവത്തിന്റെ അമ്പലവും പേരുമാറ്റി പ്രമാണിമാർ കൈയടക്കുമോ എന്തോ. എന്തിന്റെ പേരിലായാലും അടിപിടി കത്തികുത്തു തുടങ്ങിയ കലാപരിപാടികൾ സാധാരണമായിരിക്കുന്നു കുറെ ആൾകാർ ചത്തൊടുങ്ങും ഇവിടെ അണ്ഡകടാഹത്തിന്റെ പിന്നാമ്പുറം നിറയെ ഇത്തരം ചവർ കൊണ്ട് നിറഞ്ഞതു ദേവലോകത്തെ അലോസരപ്പെടുത്തുന്നതാണ്.


ആട്ടെ എന്തെങ്കിലും ചെയ്യണം എന്ന് ആത്മഗതപ്പെട്ടു നിന്തിരുവടികൾ നീട്ടി വീശി അങ്ങോട്ടും ഇങ്ങോട്ടും പലവട്ടം നടന്നു. ഒരു കച്ചിത്തുരുമ്പും കിട്ടുന്നില്ലല്ലോ.


വല്ല ചൊറിയൻ പണിയും ആയിരിക്കണം ഇവർക്ക് കൊടുക്കേണ്ടത് ഒരിക്കലും ഇവന്മാർ മറക്കാൻ പാടില്ല അമാത്യൻ ബോധിപ്പിച്ചു. 


നീ പറഞ്ഞതാ  ശരി…ചൊറിയട്ടങ്ങനെ ചൊറിയട്ടെ…ചൊറിയട്ടെ…ചൊറിയട്ടെ ദൈവം നൃത്തം ചവിട്ടി…മന്ത്രി പുംഗവൻ മേലോട്ട് നോക്കി അന്തംവിട്ടു 


ദൈവമേ …ഈ ദൈവത്തിനെന്തു പറ്റി….


മന്ത്രീ നീ  പറഞ്ഞത് ശരിയാണ് ഇവന്മാർ ഇനി നിർത്താതെ ചൊറിയണം..

ദൈവം തമ്പുരാൻ നാലും അല്ല അതിന്റെ കൂടെ വേറൊന്നും ചേർത്ത് മുറുക്കി കവിൾ മൊത്തം കൂത്തമ്പലത്തിലെ മിഴാവ് പോലെ വീർത്തു വന്നു മന്ത്രി പ്രവരൻ സ്വർണ കോളാമ്പി അവസരം പാഴാക്കാതെ തപ്പി. എന്നാൽ വേണ്ട എന്ന് ദൈവം ആംഗ്യം കാണിച്ചു. പിന്നെ കറങ്ങി തിരഞ്ഞു വന്ന ഭൂമിയെ നോക്കി അങ്ങോട്ട് ഒരു സകല ശക്തിയും ആവാഹിച്ചു നീട്ടി ഒരുതുപ്പൽ അങ്ങ് കാച്ചി. ആ തുപ്പൽ ഒരു തീയുടെ ചൂട് വമിക്കുന്ന ജ്വാല തന്നെ, സകലമാന വസ്തുക്കളും ദഹിപ്പിക്കാനുള്ള വകക്കുള്ളതാണ് അത്ര കണ്ടു ദേഷ്യം ദൈവത്തിന്റെ തിരു വദനത്തെ തീ കുന്ധം പോലെ ജ്വലിപ്പിച്ചു. 


നീ ഇനി അടുത്തൊന്നും ഭൂമിയിലോട്ടു പോവണ്ട അവിടുത്തെ സീൻ കണ്ടാൽ നീ തിരിച്ചു വരില്ല. സുന്ദരിമാരൊക്കെ ചൊറിയും നീ അതും നോക്കി വായും പൊളിച്ചു ഇരിക്കും. ഇവിടെ നൂറുകൂട്ടം പണി ഉണ്ട് . നീ മുനിയെ പറ്റിച്ച വേന്ദ്രനല്ലേ..ഞാൻ വേറൊരാളെ ഭൂമിനോക്കാൻ വിട്ടോളാം . 


ഒരുപറ്റം ചെറു ജീവികൾ പ്രത്യക്ഷ പ്പെട്ടു അവ പണി തുടങ്ങി. ആയിരം പതിനായിരമായി പെറ്റുപെരുകി. ആർക്കും ചൊറിയാതിരിക്കാനാവാത്ത വിധം ചൊറിച്ചിൽ പടർന്നു. വാർത്തകളിൽ മുഴുവൻ ചൊറിവ്യാധി തന്നെ. വാർത്ത വായനക്കാർ ചൊറി കൊണ്ട് സഹികെട്ടു പ്രേക്ഷകർ അവരുടെ നൃത്തം കൂടി കാണേണ്ടിവന്നു. പത്രമാധ്യമങ്ങൾ അച്ചടി നിർത്തേണ്ടിവന്നു. സോഷ്യൽ മീഡിയ എല്ലാം ചുരുക്കി. ടി വി യിൽ ആംഗ്യം കാട്ടി കൊണ്ടു അവതാരകർ ഒപ്പിക്കാൻ തുടങ്ങി. ആശയ വിനിമയത്തിന്   ഒറ്റ അക്ഷരം മുതലായ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തി ഒരുവിധം പിടിച്ചു നിന്ന്.

 


നാട്ടുകാർ ചൊറികൊണ്ട് വസ്ത്രം വലിച്ചെറിഞ്ഞു നെട്ടോട്ടം പാഞ്ഞു. മുല്ലാക്കാന്റെ നീട്ടിവളർത്തിയ തൂവെള്ള പഞ്ഞി താടി യിൽ കൈ യിട്ട് ചൊറിയോടു ചൊറി കണ്ടുനിന്നവർക്കു ചിരി. താടി വലിച്ചു പറിച്ചു കളയാൻ തോന്നി. മുല്ലക്ക രക്ഷയില്ലാതെ താടി വടിച്ചു  കളഞ്ഞു കഷ്ടമായിപ്പോയി എന്ന് അപ്പോൾ നാട്ടുകാർ പറഞ്ഞു. സമാധാനിപ്പിക്കാൻ ഇപ്പൊ കണ്ടാൽ സിനിമാനടൻ മമ്മൂക്കാനെ പ്പോലുണ്ട് എന്ന് മറ്റുചിലർ പറഞ്ഞു. ഹെന്റെ ബീവിയും അങ്ങനെ പറഞ്ഞു ചൊറി കൊണ്ട് ഗുണ ഉണ്ടായീന്നു  എന്ന് മുല്ലക്ക. വെളിച്ചപ്പാട് ചൊറി കൊണ്ട് തുള്ളി ഓടിപ്പോയി കുളത്തിൽ ചാടി. മുല്ലാക്കാന്റെ ബീവി ചൊറികൊണ്ട് ബുർഖ വലിച്ചെറിഞ്ഞു ഓടി മുല്ലക്ക പുറകെ ഓടി. ഇവൾ എടങ്ങേറ് ആക്കിയല്ലോ എന്റെ പടച്ചോനെ..സിനിമ നടിക്ക് ചൊറി നടന് ചൊറി. ഒരു കിളവൻ ചോദിക്കുവാ ആനടിക്ക്  ചൊറി ഉണ്ടോ ഇല്ലാ ഈനടിക്കാ ചൊറി എന്ന് മറ്റൊരുത്തൻ. ആരൊക്കെയോ ഗൂഗിൾ അടിച്ചു നോക്കി ചൊറിക്ക് ചൊറി തന്നെ മരുന്ന്. . 


കരയിലെ ചൊറി വാർത്ത കടലിൽ പോയവരും അറിഞ്ഞു. ഇനി കരപറ്റിയിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി വിഷമിച്ചു. അപ്പോഴാ അരണ്ട വെളിച്ചത്തിൽ ആരോ നീന്തി വരുന്നു. വേണ്ട അടുപ്പിക്കേണ്ട ചൊറിയും കൊണ്ടായിരിക്കും വരവ്. “ഭായിയോം ബഹനോം രക്ഷിക്കൂ” ബംഗാളി ഭായി ആണെന്ന് തോന്നു ന്നു. 

“വേണ്ട ഇതിൽ ബീഫ് പൊറോട്ട കഴിക്കുന്നവർ ഹേ . നിങ്ങള്ക്ക് ശരിയാവില്ല ഹേ “ ബോട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. “അതൊന്നും സാരമില്ലെന്നാ ഭായി പറയുന്നത് “  ഭാഷ മനസ്സിലാക്കിയ ഒരാൾ പറഞ്ഞു. “കയറ്റേണ്ട  വേഗം വിട്ടോ” ബോട്ട് ഭായിയെ വിട്ടു ഓടിച്ചു പോയി .



ഒരു ഒറ്റമൂലിയുണ്ട് കണിയാൻ കുഞ്ഞമ്പു അരുളിച്ചെയ്തു. എന്താ…ആൾക്കാർക്ക് ഇപ്പൊ കണിയാന്റെ ജോതിഷത്തിൽ അത്ര വിശ്വാസം ഇല്ല. എന്നാൽ ഇപ്പൊ എന്തും വിശ്വസിക്കാം എന്നായിരിക്കുന്നു. എന്നാലും ……ആൾക്കാർ പരിഹസിക്കാൻ തുടങ്ങിയപ്പോൾ കണിശൻ പറഞ്ഞു ഞാൻ കണിശം നിർത്തി…ഞാൻ പറയുന്നില്ല, ചൊറിഞ്ഞോ എനിക്ക് വേറെ പണിയുണ്ട്..കണിശന്മാർ പൊതുവെ വൈദ്യം കൂടി അറിയുന്നവരാണ് എന്ന് പഴമക്കാർ പറയാറുണ്ട്  അങ്ങനെ പരിഹസിക്കണ്ട ആരോ അപ്പോൾ അഭിപ്രായപ്പെട്ടു.  നിങ്ങൾ ചൊറിഞ്ഞോ ആമാശയത്തിൽ കൈയിട്ട് ചൊറിഞ്ഞോ.. കണിശൻ കുഞ്ഞമ്പു ദേഷ്യത്തിൽ നടന്നകന്നു . എന്നാൽ കണിശനെ തേടി ആകാശത്തു വിദേശ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു ..ദാ  സായിപ്പ് കണിശനെ ഇപ്പ തട്ടിക്കൊണ്ടുപോവും പണ്ടത്തെ പ്രമാണങ്ങൾ സായിപ്പന്മാർ തട്ടിയതാ അവർ ഇപ്പൊ ഇങ്ങോട്ടു തട്ടുന്നത് എന്ന് സ്വാമി ആടലോടകം പറഞ്ഞു. 




കാപ്പിയാരും പോറ്റീം, മുല്ലാക്കയും കണിശന പോയി കാണാൻ തീരുമാനമായി. ഓന്റെ കാലില് വേണെങ്കി പിടിക്കാം ഈ തൊന്തരവ് ഒന്ന് മാറിയമതിയായിരുന്നു എല്ലാർക്കും അഭിപ്രായ വ്യത്യാസമില്ല. കണിസാ രക്ഷിക്കണം. നമ്മളും നിന്നെപ്പോലെ തന്നെ ഒരു പൂജയോ ഒരു ഉറുക്ക് കേട്ടോ വെഞ്ചേരിപ്പോ നടത്തി അങ്ങനെ കഴിയുന്നു. നമ്മൾ തമ്മിൽ പ്രശനമേയില്ല. മൈത്രി, ദോസ്തി അല്ലെ പോറ്റീ. പോറ്റീ തല ചൊരിഞ്ഞു ശരിവച്ചു. ഈ ബൂലോകം കഴിഞ്ഞാ നമ്മളും ഇല്ല കനിസാനും ഇല്ല അതോണ്ട് നീ ആ മരുന്ന് മാലോകർക്ക് കൊടുക്കണം. 


കണിശൻ മൂവരുടെയും ചെവിയിൽ പറഞ്ഞു ചൊറിക്ക് മരുന്നില്ല..

ഇല്ലാ…മൂവരും ഒരുമിച്ചു ഉറക്കെ നിലവിളിച്ചു..നീ അല്ലെ പറഞ്ഞത് ഒറ്റമൂലി ഉണ്ടെന്നു.


പേടിക്കേണ്ട കണിശൻ പറഞ്ഞു നിങ്ങൾ ആരും ചൊറി വന്നാൽ ചൊറിയാ തിരുന്ന  മതി തനിയെ നിന്നോളും. കണിശൻ വീണ്ടും അരുൾ ചെയ്തു ആരും ചൊറിഞ്ഞിട്ട് ഒന്നും നേടിയിട്ടില്ല  ചൊറിയൻ മറ്റുള്ളോരെ ചൊറിയും അവൻ തിരിച്ചു ചൊറിയും പിന്നെ ചൊറി പൊട്ടി പടരും. 


ആരും കണിശൻ പറഞ്ഞത് കേട്ടില്ല. ചിലർ മുരിക്കിൽ ഉരച്ചു ചൊറിഞ്ഞു മുരിക്കിന് ഇപ്പോൾ നല്ല വിലയാണ്. ഗവേഷണങ്ങൾ  ചൊറി കൊണ്ട് നേരെ നടത്താൻ പറ്റുന്നില്ല. 


വീണ്ടും കണിശൻ പറഞ്ഞു നിങ്ങൾ മൃഗങ്ങളെ നോക്കൂ അവർ പരസ്പരം ചൊറിയാതെ കലഹിക്കാതെ ജീവിക്കുന്നില്ലേ. ആര് കേൾക്കാൻ. 


No comments:

Post a Comment