ഒരു ഗൾഫ് യാത്രയുടെ ഓർമ …
അഞ്ചാം ദിനം
എല്ലാവരും അവരവരുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു പത്തു മണിക്ക് മുന്നേ checkout ചെയ്യാൻ ടൂർ ഓപ്പറേറ്റർ, ഓരോ മുറിയും കയറി ഉത്തരവായി. ഞങ്ങൾ രാവിലെ തന്നെ ഉണർന്നു ഡ്രസ്സ്, ചാർജർ, പാസ്പോര്ട്ട് എന്നിവ എല്ലാം എടുത്തു വച്ചു. ബാത്‌റൂമിൽ സംഭാവനയായി ഒന്നും വച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തി. ഇന്ത്യക്കു അപമാനം ഉണ്ടാക്കുന്ന ഒന്നും അവിടെ അവശേഷിപ്പിച്ചിട്ടില്ല. വിദേശ രാജ്യമല്ലേ നമ്മൾ ശ്രദ്ധിക്കണ്ടേ. നേരെ അവസാനത്തെ പ്രാതലിനു വേണ്ടി ജാഥ യായി പോയി. അവിടെ സുസ്മേരവദനനായി നമ്മുടെ ബെന്നി ഉണ്ടായിരുന്നു. ഇന്ന് checkout ആണ് അല്ലേ? ബെന്നിയോട് നേരത്തെ പ്രാതൽ കഴിക്കാൻ വന്നവർ അറിയിച്ചിട്ടുണ്ടായിരുന്നു. അതെ ഞങ്ങൾ ഇന്ന് തിരിക്കുകയാണ് നാട്ടിലേക്കു. പത്തനം തിട്ട വഴി പോവുമ്പോൾ ഓർക്കാതിരിക്കില്ല എന്ന് ബെന്നി യോട് പറഞ്ഞു. താമസം ഒക്കെ നല്ലതായി അതുപോലെ ഇവിടുത്തെ പ്രാതലും കൊള്ളാം. ബെന്നി ഓംലെറ്റും കാപ്പിയും മേശമേൽ കൊണ്ടുവച്ചു തന്നു.
പ്രാതൽ കഴിഞ്ഞു ബെന്നിക്ക് ഹസ്തദാനം ചെയ്തു പിരിഞ്ഞു. ചെക് ഔട്ട് ചെയ്തു എല്ലാവരും ബസിൽ കയറി. ഇനി ഷാർജ സിറ്റി കാണാൻ വേണ്ടി യാണ് യാത്ര. വൈകീട്ടാണ് വിമാനം അത് ദുബായ് എയർപോർട്ടിൽ നിന്ന്. അതുവരെ സമയം ഉണ്ട്. ഞങ്ങൾ നേരെ പോയത് ഒരു കടൽ തീരത്തേക്കാണ്. നല്ല വെയിലിൽ കണ്ണ് തുറക്കാൻ പറ്റുന്നില്ല. എന്നാലും നമ്മുടെ സായിപ്പൻ മാർ കുളി ഡ്രെസ്സിൽ കടൽ കരയിൽ കിടന്നു വെയിൽ കായുന്നുണ്ട്. എവിടെനിന്നോ ബാങ്ക് വിളി കേട്ട് ഒരാൾ അവിടെ വച്ചുതന്നെ നിസ്കരിക്കുന്നത് അത്ഭുതപ്പെടുത്തി. ഷാർജ യിലാണത്രെ ദുബൈയിൽ ജോലിചെയ്യുന്ന മിക്ക മലയാളികളും താമസിക്കുന്നത് കാരണം ഇവിടെ വാടക കുറവാണത്രേ. ബസിൽ നിന്നും ദൂരെ നീളത്തിൽ ഉള്ള ഒരു കെട്ടിടംകാട്ടി അതെന്താണെന്നു ഊഹിക്കാമോ എന്ന് ടൂർ ഗൈഡ് എല്ലാവരോടുമായി ചോദിച്ചു. ഏതോ സർക്കാർ ഓഫീസ് അല്ലെങ്കിൽ സെക്രട്ടേറിയറ്റ്. ഇങ്ങനെ പല പല ഉത്തരങ്ങൾ വന്നു കൊണ്ടിരുന്നു. ഏതായാലും നല്ല ഒരു കെട്ടിടം. നമ്മൾ അങ്ങോട്ടാണ് പോകുന്നത് എന്ന് മാത്രം ഗൈഡ് പറഞ്ഞു സസ്പെൻസിൽ നിർത്തി. അങ്ങനെ നമ്മൾ കെട്ടിടത്തിനകത്തേക്കു പ്രവേശിച്ചു. വലത്തേ ഭാഗത്തുള്ള കണ്ണാടി ഗേറ്റ് തുറന്നു. വലിയ ഒരു മീൻ മാർക്കറ്റ്. മുഴുവൻ ശീതീകരിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ. എന്തൊരു വൃത്തി. ഫ്രഷ് എന്ന് പറഞ്ഞാൽ ജീവൻ ഉള്ളവയും ഉണ്ട്. ധാരാളം മലപ്പുറത്തും കോഴിക്കോടും ഉള്ള ആൾക്കാർ അവിടെ ജോലിചെയ്യുന്നു. മുറിക്കാനും തറിക്കാനും യന്ത്രങ്ങൾ ഉണ്ട്. കൗണ്ടറിൽ പോയി പണം അടച്ചു അതാതു സ്ഥലത്തു പോയാൽ മതി. ഒരു നാറ്റവും ഇല്ല. ഒരു മീൻ മാർക്കറ്റ് ഇത്ര ഭംഗി ആയും വൃത്തിയായും സൂക്ഷിക്കാൻ പറ്റും എന്നതിന് ഇതിൽ പരം ഒരു ഉദാഹരണം ഇല്ല. മീൻ വാങ്ങുന്നോ എന്ന് ഒരാൾ മലയാളത്തിൽ ചോദിച്ചു. ഇല്ല ഞങ്ങൾ ഐര്പോര്ട്ടിലേക്കുള്ള വഴിയിലാണ് എന്ന് പറഞ്ഞു. “കുഴപ്പം ഇല്ല ഐസ് ഇട്ടു നല്ല പോലെ പാക്ക് ചെയ്തു തരാം ചീത്തയാകാതെ അവിടെ എത്തിക്കാം” നിങ്ങള്ക്ക് അവിടെ കിട്ടുന്നത് മാസങ്ങൾക്കു മുമ്പ് പിടിച്ച മീനാണു അയാൾ ഓർമപ്പെടുത്തി. ശരിയായിരിക്കാം.. ഇത്രയും ഫ്രഷ് ആയതു കിട്ടാൻ തരം ഇല്ല. ചുറ്റിനടന്നു കാണാൻ വലിയ വിസ്തൃതി ഉണ്ട്. പല തരം മീനുകൾ. ഞണ്ടു ഭീമൻ കൊഞ്ച്, ഒന്ന് തന്നെ ഒരു അരക്കിലോ വരും. സ്രാവ് തിരച്ചി തുടങ്ങി എല്ലാവരും ഉണ്ട്. ഫുള്ളി ഓട്ടോമാറ്റിക് കട്ടിങ് യൂണിറ്റ് ഉണ്ട് അവിടെ ഇറച്ചിയും വിൽക്കുന്നുണ്ട്. കാണാനുള്ള വിഷമം കാരണം അങ്ങോട്ട് പോയില്ല.
പുറത്തു ഇടതു ഭാഗത്തു ഇത് പോലെ മുഴുവൻ ശീതീകരിച്ച പച്ചക്കറി മാർക്കറ്റും ഉണ്ട്. അവിടെ ലോകത്തുള്ള എല്ലാ പച്ചക്കറികളും ഉണ്ട്. ചക്ക ചുള നല്ലതായി പാക്ക് ചെയ്തതും കണ്ടു. എല്ലാ സൗകര്യങ്ങൾ, കുടിവെള്ളം,ടോയ്‌ലറ്റ് ഗ്രോസറി ഷോപ് അങ്ങനെ എല്ലാമുള്ള ഒരു മാർക്കറ്റ്. ഇവിടെയും വിചാരിച്ചാൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ആരംഭ ശൂ രത്വം വെടിഞ്ഞു നല്ല മേൽനോട്ടം അതിനു വേണ്ട പണം ഉണ്ടായാൽ മതി. ഇതിൽ കൈയടി വാങ്ങിയാൽ പിന്നെ ആ ഭാഗം ശ്രദ്ധിക്കാതെ പോകുന്നതാണ് നമ്മുടെ പരാജയം എന്ന് തോന്നുന്നു.
ഇപ്പോൾ ഉച്ചയായി. ഇനി ഭക്ഷണം. ഒരു മലയാളി ഹോട്ടലിൽ ആണ് പോയത്. അവിടെ മീൻ സദ്യ ആണ്. നമ്മുടെ പാവം പോറ്റിക്കും കുടുംബത്തിനും പച്ചക്കറിയും മോരും സമാശ്വാസത്തിനു പായസവും ഉണ്ട്. മീൻ സദ്യ എന്ന് പറഞ്ഞാൽ അച്ചാർ വരെ മീൻ. പലതരം മീൻ അച്ചാറുകൾ ആദ്യമായാണ് ഇങ്ങനെ ഒരെണ്ണം കാണുന്നത്. കറികൾ, വറുത്തത് അങ്ങനെ പലതും. കൊഞ്ചു, കണവ തോരൻ, ഞണ്ടു വറ്റിച്ചത്, നത്തോലി നെയ്മീൻ തുടങ്ങി ഇലയിൽ ചോറ് ഒഴികെ എല്ലാം നാവിൽ കപ്പൽ ഓടിക്കാൻ പാകത്തിൽ കൊതി തരുന്ന വിധത്തിൽ പാചകം ചെയ്ത വിഭവങ്ങൾ. എല്ലാവരും സാവധാനം ആസ്വദിച്ച് കഴിച്ചു. ടൂർ ഓപ്പറേറ്റർ അവസാനത്തെ ഊൺ ഗംഭീരമാക്കി.
അടുത്തത് ദുബായ് എയർപോർട്ട് ആണ് അവിടെ പോയി നമ്മൾ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ല് കൊടുത്തു tax അടച്ചത് ഇന്ത്യൻ രൂപയാക്കി വാങ്ങി. ഡ്യൂട്ടി ഫ്രീ ഷോപ് കയറി യിറങ്ങാൻ കുറെ പേര് ധൃതിപ്പെട്ടു. ചിലർ ഒരാളെ കൊള്ളാവുന്ന പെട്ടികളും ആയിട്ടാണ് വന്നത്. ഇത്രയൊക്കെ സാധനങ്ങൾ വാങ്ങി കൂട്ടിയോ ഭഗവാനെ. വെറുതെ അല്ല ഗൾഫ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നത്.
അങ്ങനെ അഞ്ചു ദിവസത്തെ സംഭവ ബഹുലമായ ദിനങ്ങൾ കഴിഞ്ഞു തിരിച്ചെത്തി. ധാരാളം അറിയാനും പഠിക്കാനും ആളുകളെ നിരീക്ഷിക്കാനും പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനും ഓരോ യാത്രയും ഉപകാരപ്പെടും.