ഒരു ഗൾഫ് യാത്രയുടെ ഓർമ …
നാലാം ദിനം
രംഗം മാറ്റമൊന്നും ഇല്ല, സോറി, എന്ന് വച്ചാൽ, ഇന്നലെപോലെ തന്നെ ഇന്നും. രാവിലെ പ്രാഥമിക കർമങ്ങളൊക്കെ കഴിച്ചു. സഹ ആശാന്മാരുടെ ഫോൺ വിളി പ്രതീക്ഷിച്ചു നിന്നു. ഇന്ന് നാലാം ദിവസമാണ് നാട്ടിലെ വിവരം ഒന്നും ഇല്ല ഒരുവേള അതൊന്നും അധികം ചിന്തിച്ചില്ല അതാണ് സത്യം. ഒരു സുഹൃത്ത് ഓടി വന്നു നാട്ടിലെ രാഷ്ട്രീയം എന്തോ പറഞ്ഞു അതിനൊക്കെ ഇപ്പൊ നിഷത്തിന്റെ ആയുസ്സു കൂടെയില്ലാതായില്ലേ. നേരെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി. ഇന്നത്തെ പ്രോഗ്രാം അവിടെ വച്ച് ചർച്ചചെയ്യാൻ ശട്ടം കെട്ടിയിരുന്നു. ഒഫീഷ്യൽ പ്രോഗ്രാം ഉച്ചക്ക് ശേഷമേ ഉള്ളൂ അതൊരു ഒന്നൊന്നര പ്രോഗ്രാം ആവും എന്ന് ടൂർ ഉടമ പ്രദീപ് തലേന്ന് തന്നെ പ്രഖ്യാപിച്ചതിന്റെ ആകാംഷ എല്ലാവരിലും ഉണ്ട്. അതിനാൽ ഷോപ്പിംഗ് ഉച്ചവരെ നടത്താം എന്നതാണ് മെയിൻ ഹൈലൈറ്. അഞ്ചു ദിവസത്തെ അടിച്ചു പൊളി യാത്രയുടെ penultimate day ഉച്ചവരെ സമയം. ഗോൾഡ് സൂഖിൽ പോയാലോ ഇന്നലെ ആരെല്ലാമോ പറയുന്നുണ്ടായിരുന്നു. സ്വർണഖനിയിൽ ഇറങ്ങാൻ തരുണീമണികൾ തയ്യാറായി, ഖജനാവ് നിറച്ചു വന്നിരിക്കയാണ്. നമ്മൾക്ക് കാണാൻ പോകാം വാങ്ങുന്നതൊക്കെ അവിടെ എത്തി തീരുമാനിക്കാം. നല്ല പാതി പറഞ്ഞത് പാതി വിശ്വസിച്ചു സുഹൃത്തും ഭാര്യയുമായി ഒരു ടാക്സി പിടിച്ചു അബ്ര കടത്തു ലക്ഷ്യമായി തിരിച്ചു. കടത്തിന്റെ ഇക്കരെ ഒരു നല്ല മാർക്കറ്റ് ആണ്. അവിടെ കൂടുതൽ സുഗന്ധ ദ്രവ്യമായ അത്തർ ഊദ് മുതലായവ ഭംഗിയുള്ള കുപ്പികളിൽ വിൽക്കുന്നത് ഒരു കാഴ്ച വിരുന്നു തന്നെ. കൈയിൽ ചെറു തുള്ളികൾ പുരട്ടി വാങ്ങുന്നവരെ പ്രോലോഭിപ്പിക്കാൻ എല്ലാ കടക്കാരും ആവും വിധം ശ്രമിക്കുന്നുണ്ട്. നാറ്റവും മണവും അറിയാത്ത ഞാൻ പോലും അതിൽ വീണു പോവും എന്ന് ഭയപ്പെട്ടു. സാമാന്യം നല്ല വിലയും ഉണ്ട്.
കാഴ്ചകളൊക്കെ കണ്ടു അബ്ര യിലേക്ക് നടന്നു. ഒരു ചെറു തോണിയിൽ കയറി അക്കരെ എത്തി. വലിയ ചാർജ് ഒന്നും ഇല്ല. ഇതിനാണ് മിക്ക ടൂർ ഓപ്പറേറ്റർ മാർ ഒരു ഐറ്റം ആയി ചേർത്തിരിക്കുന്നത്. യാത്രയിൽ ദുബായി യുടെ കാഴ്ചകൾ വെളിച്ചത്തിൽ കാണാം. ഞങ്ങൾ ഗോൾഡ് സൂഖിലേക്കു നടന്നു. രണ്ടു വശങ്ങളിലും നിറനിരയെ സ്വർണ കടകൾ. കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്ക പ്രധാനപ്പെട്ട സ്വര്ണക്കടകളുടെയും ശാഖകൾ അവിടെ യുണ്ട്. ചില ഉത്തരേന്ത്യ ക്കാരുടെ കടകളും കാണാനായി. വാങ്ങാൻ പറ്റിയ കടകൾ ഏതെല്ലമെന്നു നമ്മുടെ സ്ത്രീ ജനങ്ങൾ മുൻകൂട്ടി അറിഞ്ഞു വച്ചിട്ടുണ്ട്. പ്രദർശന പ്രതിമകളിൽ അംഗോപാംഗം എന്ന് പറഞ്ഞാൽ അതിശയം അല്ല. സ്വർണം പൊതിഞ്ഞ വലിയ പൂർണകായ പ്രതിമകൾ തന്നെ കണ്ണഞ്ചിപ്പിക്കുന്നതോ അതോ ഒരുവേള ആഭാസമോ ആയി തോന്നാം. കിലോക്കണക്കിന് സ്വർണം ഓരോന്നിന്റെ മുകളിലും ഉണ്ട്. പല പല രൂപങ്ങളിൽ അവ കണ്ടാൽ കരവിരുത് ഗംഭീരം എന്ന് പറയും. വില വലിയ വ്യത്യാസമില്ല വാറ്റ് ഇല്ല എന്ന് പറയുന്നു. ഇതിനു വേണ്ടി ആൾക്കാർ എന്തിനാണ് കള്ളക്കടത്തായി സ്വർണം കടത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. നല്ല സ്വർണമാണത്രെ! അതെങ്ങനെ കണ്ടാൽ മനസ്സിലാവും ഇവിടുന്നു കൊണ്ട് പോയി മായം ചേർത്താണോ നമ്മുടെ നാട്ടിൽ വിൽക്കുന്നത്. ആർക്കറിയാം. പേരിനു ചെറിയ ഒരു തരി വാങ്ങി അവിടെനിന്നും അബ്രയുടെ അടുത്തേക്ക് പോയി. അവിടെ വച്ച് ഒരു ടാക്സി ക്കാരൻ മലയാളത്തിൽ പറഞ്ഞു ഇനി അബ്ര കയറേണ്ട ഞാൻ ഹോട്ടലിൽ കൊണ്ട് വിടാം. ഒരു luxur കാര് ആണ് മലയാളി ആയതിനാൽ എത്രനാളായി ഇവിടെ എന്ന് തിരക്കി. മൂപ്പർക്ക് വേറെ ജോലി ആയിരുന്നു എന്തോ കാരണത്താൽ പാസ്പോർട്ട് വിൽഹെൽഡ് ചെയ്തു അത് കിട്ടാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞു. അയാൾ കുറച്ചു അധികമാണ് ചാർജ് ചെയ്തത്. നേരത്തെ ഒരു അഫ്ഘാനിയുടെ കാറിലാണ് വന്നത് അയാൾ കൃത്യമായ കാശാണ് വാങ്ങിയത്. ഇത് പരിചയമുള്ള പോലീസ് കാരൻ അടി രണ്ടെണ്ണം കൂടുതൽ തരും എന്ന് പറഞ്ഞപോലായി. നമ്മുടെ ഹോട്ടലിനടുത്തു ഒരു ഭക്ഷണ ശാലയിൽ സദ്യ ഏർപ്പാട് ആക്കിയിരുന്നു ടാക്സി ക്കാരൻ അവിടെ കൊണ്ട് വിട്ടത് കൊണ്ട് ബുദ്ധി മുട്ടിയില്ല.
ഏകദേശം രണ്ടു മണിയായി കാണും എല്ലാവരും ചെറിയ സംഘങ്ങളായി മുന്തിയ ഇനം നാലു ചക്രങ്ങളും പ്രത്യേകം തിരിക്കാൻ പറ്റുന്ന ഫോർ വീൽ ഡ്രൈവ് എസ് യു വി കൾ നിരനിരയായി പോർട്ടിക്കോ യിൽ വന്നു നിരന്നു. ഡെസേർട് സഫാരിക്കാണ് വൈഷമ്യം നിറഞ്ഞ സാഹസിക യാത്ര അഡ്വഞ്ചർ യാത്ര ക്കു എല്ലാവരും തയ്യാറാവാൻ ടൂർ ഗൈഡ് ഉത്തരവായി. കൂട്ടത്തിൽ ഇത്തരം വേലകൾ, പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്ന ഏർപ്പാട് പറ്റാത്ത ആൾക്കാരുണ്ട്. നമ്മളെ പ്പോലെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നവരും ഉണ്ട്. നടുവേദനക്കാരൻ ആണ് എന്ന് ഭാര്യ കൂടെ ക്കൂടെ ഓർമിപ്പിച്ചു. പിന്നെ ഈ മണലാരണ്യത്തിൽ കുഴമ്പും പുരട്ടി കിടക്കാൻ പറ്റുകയും ഇല്ലല്ലോ. തല്ക്കാലം ഭാര്യ പറയുന്നത് കേൾക്കാം. അങ്ങനെ സമീകൃതമായ ഒരു വഴിയിൽ പോകാൻ തീരുമാനിച്ചു കൂട്ടത്തിൽ പ്രായമായവരും ഉണ്ട്. അങ്ങനെ കിളവന്മാരും കിളവികളും ഒരുവണ്ടിയിൽ മന്ദം മന്ദം മണലാരണ്യം കാണാൻ പോയി. ഇത്തരം വഴിയിൽ കുറേദൂരം ടാർ റോഡിലൂടെ ആണ് യാത്ര അവസാനം മണൽ കൂനയുടെ മുകളിലൂടെ ഒരുതരം യാത്ര യാണ്. കേറി പിന്നെ വണ്ടി നിരങ്ങി ഇറങ്ങും. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ശരിയാം വണ്ണം പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഈ യാത്ര മതിയാവും. അങ്ങനെ നമ്മൾ മണലാരണ്യത്തിൽ എവിടെയോ ഉള്ള ഒരു വലിയ മൈതാനത്തു എത്തി. അവിടെ വലിയ പവലിയനുകൾ ഉണ്ട് വിഐപി കൾ ക്കു ഇരിക്കാൻ പ്രത്യേകം സ്ഥലമുണ്ട്. ഞങ്ങളോട് അവിടെ ഇരിക്കാൻ വേറെ കാശു അടക്കാൻ പറഞ്ഞു. കൂട്ടത്തിൽ പ്രായമായവരെ അറബി കനിവോടെ തണലിൽ തന്നെ ഇരുത്തി. മറ്റുള്ളവർ ഇതുവരെ എത്തിയില്ല ഞങ്ങളാണ് എളുപ്പത്തിൽ എത്തിയത്. നമ്മൾ ഡ്രൈവറോട് ചോദിച്ചു നമുക്ക് ചിലർക്ക് മരുഭൂമി യാത്ര കുറച്ചു അനുഭവിച്ചാൽ കൊള്ളാമെന്നുണ്ട് ഇനി പറ്റുമോ. ഒരു പാകിസ്താനിയാണ് ഡ്രൈവെൻ നമ്മൾ ഇന്ത്യ ക്കാരും തരാവില്ല എന്ന് വിചാരിച്ചു. എന്നാൽ പ്രതീക്ഷ തെറ്റിച്ചു അദ്ദേഹം നമ്മളെ കൊണ്ട് പോയി. വലിയ മണൽ കുന്നും ഇറക്കവും റോക്കറ്റ് സ്പീഡിൽ, അല്ലെങ്കിൽ മണലിൽ താണു പോകും, ദേഷ്യം കൊണ്ടൊന്നുമല്ല ഇങ്ങനെ ഓട്ടുന്ന തെന്നു ഡ്രൈവർ പറഞ്ഞു. അതൊരു ഒന്നൊന്നര അനുഭവം തന്നെ. കുറച്ചു പോയപ്പോൾ മറ്റുള്ള കൂട്ടുകാരെയും സന്ധിച്ചു. അവിടെ ഒരു അറബി കൈയിൽ ഒരു കഴുകനെ നിർത്തി ആൾക്കാരെ ആകർഷിക്കുന്നുണ്ട്. നമ്മുടെ പോറ്റി കൈയിൽ ഒരു കെട്ടു കെട്ടി അതിൽ കഴുകനെ നിർത്തി സ്റ്റെയിലായി പടമെടുക്കാൻ പോസ് ചെയ്തു. കെട്ടുന്നത് കഴുകന്റെ കൂർത്ത നഖ മുനകൾ കൊണ്ട് മുറിയാതിരിക്കാനാണ്. അവന്റെ കണ്ണും കെട്ടിയിട്ടുണ്ട്. അല്ലെങ്കിൽ നോക്കി നമ്മുടെ കണ്ണിൽ കൊത്തിയെക്കും എന്ന് തോന്നുന്നു. ഒരുതുള്ളി വെള്ള മില്ലാത്ത അവിടെ പുല്ലുകളും നമ്മുടെ എരിക്കും വളരുന്നത് ആശ്ചര്യ പ്പെടുത്തി. ജീവൻ നിലനിൽപ്പിന്റെ ഒരു യുദ്ധമാണ് അതിൽ ജീവൻ ജയിക്കും. കടലാഴങ്ങളിലും ജീവജാലങ്ങൾ ഉണ്ടല്ലോ. മറ്റു ഗൃഹങ്ങളിലും കാണുമായിരിക്കും. കാറ്റ് മണലിൽ ചിത്രങ്ങൾ വരക്കുകയും മായ്ക്കുകയും ചെയ്യുന്നത് നേരിട്ട് കാണാം. വലിയ ജലാശയത്തിൽ ചെറിയ ഓളങ്ങൾ സൃഷ്ടിക്കുന്നത് പോലെ. വലിയ മണൽ കാറ്റു പുതിയ മണൽ കുന്നുകൾ തീർക്കുമത്രേ.
ഇനി ഡ്രൈവറെ പറ്റി രണ്ടു വാക്ക്. ഞാനാണ് ഡ്രൈവർ ഏതു നാട്ടുകാരനാണെന്നു ചോദിച്ചത്. ഐ ആം സ്ട്രെയിറ്റു ഫോർവേഡ് പാകിസ്താനി അതായിരുന്നു ഉത്തരം. നമ്മൾ ഇറങ്ങി പോകണോ കൂട്ടുകാരൻ കുശു കുശു ത്തു തമാശക്ക്. ഇവിടെ എത്ര നാളായി മുപ്പത്തഞ്ചു കൊല്ലം. എന്റെ പാസ്പോര്ട്ട് പിടിച്ചു വച്ചിരിക്കുകയാണ് അതുകൊണ്ടു ഇവിടം വിട്ടു പുറത്തു പോകാൻ പറ്റില്ല. വേറൊരു പാക്കിസ്ഥാനി പറ്റിച്ച പണി കാരണമാണ്. അയാൾ വിഷമങ്ങൾ പറയാൻ തുടങ്ങി. പാകിസ്ഥാനിൽ ബന്ധുക്കൾ ഉണ്ട്. അവിടെ രാഷ്ട്രീ യ ക്കാരും പട്ടാളവും ആണ് ഇന്ത്യ ക്കാരോട് വെറുപ്പ് സൃഷ്ടിക്കുന്നത്. അത് അവർക്കു വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കും. അവർ വിദേശത്തേക്ക് പണം കടത്തുമത്രേ. സാധാരക്കാർ സമാധാനം കാംഷിക്കുന്നവരാണ്. കേരളം കേട്ടിട്ടുണ്ടോ. വെറുതെ ചോദിച്ചു. അയാൾ മലയാളത്തിൽ അറിയാം എന്ന് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനുള്ള സ്ഥലം കൊച്ചി ആണത്രേ. നിങ്ങൾ ആദങ്ക വാദി എന്ന് പറഞ്ഞു ജയിലിലിടില്ലേ തമാശയായി അയാൾ പറഞ്ഞു.
നമ്മളെ തിരിച്ചു മൈതാനത്തു തന്നെ കൊണ്ട് ചെന്നാക്കി. അവിടെ ഒരു ഒട്ടക യാത്ര യും അനുഭവിച്ചു. കൊള്ളാം…വളരെ ഹ്രസ്വമായ യാത്ര..കേറി ഇറങ്ങി അത്രതന്നെ ..കൂടുതൽ ദിർഹം കൊടുത്താൽ നല്ല സഞ്ചാരം കിട്ടും. നേരത്തെ രാജസ്ഥാനിൽ ഇതുപോലെ യാത്ര ചെയ്തതിനാൽ പ്രത്യേകത ഉണ്ടായില്ല എന്ന് മാത്രം. സൂര്യൻ ചെങ്കനലായി മരുഭൂമിയുടെ മറ്റേ അരികിൽ എരിഞ്ഞു തീരാറായി. എങ്ങും വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ഇപ്പോൾ മൈതാനത്തിന്റെ ഒരു അരികിൽ വി ഐ പി പാവലിയനു മുന്നിൽ സ്റ്റേജ് കാണാറായി. അവിടെ യാണ് ബെല്ലി ഡാൻസ് എന്ന നൃത്ത പരിപാടി, ഫയർ ഡാൻസ് വേറെയും ഉണ്ട്. ബെല്ലി ഡാൻസ് കാണാൻ ചെറുപ്പക്കാരും വയസ്സായ ചെറുപ്പ ക്കാരും ആകാംഷ യോടെ കാത്തിരിപ്പാണ്. അതിനിടെ മലയാളം പറയുന്ന ഒരു അറബി വന്നു കൈ തന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നമ്മുടെ പോറ്റിയും കുടുംബവും അറബി വേഷം കെട്ടി വന്നതാണ്. അറബി വേഷം വാടകക്ക് കിട്ടും. ഈ വേഷവും പോറ്റി ക്കു നല്ല ചേർച്ച. അറബി പഠിച്ചാൽ അതിൽ മന്ത്രങ്ങൾ ചൊല്ലി പൂജയും കഴിച്ചു കഴിഞ്ഞു കൂടാൻ പ്രയാസമില്ല. ഭക്ഷണം ബുഫേ ആയി കൊടുക്കാൻ തുടങ്ങി ആൾക്കാർ വരി വരി യായി നിന്ന് പ്ലേറ്റിൽ എടുത്തു സീറ്റിൽ ഇരുന്നു കഴിക്കാൻ തുടങ്ങി. അപ്പോൾ മനോഹരമായി വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന വസ്ത്രവും ധരിച്ചു ബെല്ലി ഡാൻസർ പ്രത്യക്ഷപ്പെട്ടു. തുണിക്കു വില കൂടുതലായതുകൊണ്ടു ആണെന്ന് തോന്നുന്നു അല്പം മാത്രമേ ധരിച്ചിട്ടുള്ളൂ. വളരെ സുന്ദരി.. ബെല്ലി ഡാൻസർ എന്ന് കേട്ടപ്പോൾ കുടവയറുള്ള ഡാൻസർ എന്ന് കരുതിയത് തെറ്റി. ഒട്ടിയ വയറുമായി ഡാന്സര് തകർത്തു ആടി. കാണാൻ നല്ല മെയ് വഴക്കം ഉള്ള ഡാൻസ്. ഈ അറേബ്യൻ നാട്ടിൽ ഇത്തരം വേഷത്തിൽ ആടാൻ ഒരു വിലക്കും ഇല്ല. ഇവർ ഈജിപ്റ്റ് കാരി മിസ്രി എന്നോ മറ്റോ പറയും ആണത്രേ. ഏതായാലും സുന്ദരി എല്ലാവരെയും കൈയിൽ എടുത്തു. അത് കഴിഞ്ഞു ഫയർ ഡാൻസുമായി ഒരു യുവാവ് വന്നു. തീ കൊണ്ടുള്ള കളി തന്നെ. തീ ചീറ്റിയും ശരീരം മുഴുവൻ തീ കൊണ്ട് വരച്ചും കാണികളെ ഭീതിയിലും അമ്പരപ്പിലും ആറാടിച്ചു. ഇടയ്ക്കു കാണികളുടെ ഇടയിലൂടെ ഓടി അപ്രത്യക്ര്ഷമായി. അതാ കുറച്ചു അകലെയായി ഒരു മണൽ കൂനക്ക് മുകളിൽ ആശാൻ പ്രത്യക്ഷ പ്പെട്ടു. അവിടെ ഒരു കൂറ്റൻ സൈൻ ബോർഡിന് തീ ഇട്ടു. അത് നിന്ന് കത്തുമ്പോൾ വെൽക്കം റ്റു ദുബായ് എന്ന് തീയിൽ എഴുതി കാണിച്ചു. അത് കുറച്ചധികം നേരം കാണാനുണ്ടായിരുന്നു. എല്ലാവരും വീഡിയോ എടുക്കുന്ന തിരക്കിലായി. ഏതായാലും ഗംഭീര പ്രദർശനം ആയിരുന്നു.
ഞങ്ങൾ നേരത്തെ വന്ന വാഹനത്തിൽ തന്നെ കേറി മടക്ക യാത്രക്ക് തയാറായി. നല്ല രാത്രി… വഴി അങ്ങനെ പ്രത്യേകിച്ച് ഇല്ല. ഡ്രൈവർ ഒരു ദിക്ക് നോക്കി ഓടിക്കുകയാണ്. വന്നതുപോലെ അല്ല ഇടക്കികക്കു മണൽ കുന്നു കയറുന്നു നിരങ്ങി ഇറങ്ങുന്നു. കൂടെ ഉണ്ടായ പ്രായമായവർ ശരിക്കും കഷ്ടപ്പെട്ട് നിലവിളിയും ശകാരവും തുടങ്ങി. പാക്കിസ്ഥാനിക്ക് മനസ്സിലാവാത്തത് ഭാഗ്യം. പതുക്കെ പോകാൻ പറഞ്ഞു. പതുക്കെ പോയാൽ ടയർ മണലിൽ ആണ്ടു പോവും പിന്നെ ഇവിടെ തന്നെ കിടക്കേണ്ടി വരും അയാൾ പറഞ്ഞു. കാര്യമായി കഴിച്ചതെല്ലാം വയറിൽ മിക്സിയിൽ അടിച്ച പോലെ കലങ്ങിയിട്ടുണ്ടാവും. റൂമിൽ എത്തി കിടക്കയിൽ വീണതെ ഓര്മയുള്ളൂ.. ബെല്ലി ഡാൻസിന്റെ ഈണം കാതിൽ അപ്പോഴും മുഴങ്ങി..ഡാൻസും..