Friday, January 19, 2024

 

ലക്ഷദ്വീപ് ദിനങ്ങൾ 

 

വളരെ കാലം കൊണ്ട് നടക്കുന്ന ആഗ്രഹം ആയിരുന്നു ലക്ഷദ്വീപ് കാണുക എന്നത്. പണ്ട് ആകാശവാണിയിൽ ദ്വീപ് വാർത്തകൾ വൈകുന്നേരം കേൾക്കാറുണ്ടായിരുന്നു. മഹൽ വാർത്തകൾ എന്നോമറ്റോ ആണ് പറഞ്ഞിരുന്നത്. അത് മനസ്സിലാവുകയില്ല എന്നാൽ മലയാളം പ്രോഗ്രാമുകളും ഉണ്ടായിരുന്നു. അത് കേൾക്കുമ്പോൾ അറബിക്കടലിൽ മൈലുകൾ ക്കപ്പുറത്തുള്ള പവിഴദ്വീപ്  അതിൽ ധാരാളം തെങ്ങുകളും കുറച്ചു ആൾക്കാരും ജീവിക്കുന്നത് ഭാവനയിൽ കണ്ടിരുന്നു. അപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ് അവിടെ ഒന്ന് സന്ദർശിക്കുക അവിടുത്തെ ആൾക്കാരെ പരിചയപ്പെടുക എന്നൊക്കെ. 

 

അതിനുള്ള ഭാഗ്യം കഴിഞ്ഞ ഡിസംബർ കൃത്യമായി പറഞ്ഞാൽ ഡിസംബർ 23 തീയ്യതി വര്ഷം 2023, 23 -12 -23 ഒരു ഫാൻസി നമ്പർ, സാർത്ഥക മായി. അന്ന് രാവിലെ കൊച്ചിയിൽ നിന്നും ഉള്ള അലൈൻസ് എയർലൈൻസ് യിൽ അഗത്തി യിലേക്ക് പുറപ്പെട്ടു. ഞങ്ങൾ കുടുംബത്തോടെ, അഞ്ചു ആൾക്കാരും കൂടെ, നല്ല ഒരുയാത്രക്ക് പുറപ്പെട്ടു. 

 

ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശം ആണെങ്കിലും അവിടെ പോകാൻ ദ്വീപ് അഡ്മിനിസ്ട്രേറ്റർ അനുമതി തരേണ്ടതായിട്ടുണ്ട്. ആയതിലേക്ക് ആദ്യം പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് വേണം നമ്മുടെ പേരിൽ ഒരു കേസും നിലവിൽ ഇല്ല എന്ന് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഇൽ നിന്നും ഉള്ള സർട്ടിഫിക്കറ്റ് ട്രാവൽ ഏജന്റിന് അയക്കണം. ട്രാവൽ ഏജന്റ്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിൽ നിന്നും പെര്മിറ്റി വാങ്ങിത്തരും. വാസ്തവത്തിൽ അവിടെയുള്ള ആരെങ്കിലും അവരുടെ സുഹൃത്ത് എന്ന പേരിൽ നമ്മളെ അങ്ങോട്ട് ക്ഷണിക്കുകയാണ്. ഏജൻറ് ഒരു ഇടനിലക്കാരൻ മാത്രം ആണ്. 

 

എയർ ഇന്ത്യ വിമാനം നീല സമുദ്രത്തിനു നടുക്കുള്ള മരതക പച്ച പുതച്ച അഗത്തി ദ്വീപിലെ വിമാന താവളത്തിൽ രാവിലെ തന്നെ ഞങ്ങളെ ഇറക്കി. യാത്ര കൊച്ചിയിൽ നിന്നും ഒരു മണിക്കൂർ പത്തു മിനിട്ടു ദൈർഖ്യം. വിമാനത്താവളത്തിൽ പരിശോധനകൾ ഒക്കെ ഉണ്ട്. ഒന്നാമതായി പെര്മിറ്റു ശരിയാണോ എന്ന് നോക്കും. പിന്നെ മദ്യ നിരോധിത സ്ഥലമായതിനാൽ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ എന്നും നോക്കും. 

 

ഞങ്ങളെ എതിരേറ്റ തെളിനീരണിഞ്ഞ സമുദ്രത്തെ മനസാ അനുമോദിച്ചു. ധാരാളം തെങ്ങുകൾ കാറ്റിന്റെ ദിശക്കനുസരിച്ചു തലയാട്ടി നിൽക്കുന്നു. ഞങൾ നേരെ താമസ സ്ഥലത്തേക്ക് പോയി. അധികം ദൂരമൊന്നുമില്ല. അഅഗത്തി ദ്വീപിനു തന്നെ മൊത്തം എട്ടു കി.മി നീളം വീതി പലസ്ഥലത്തും ഒരു കി.മി. യിൽ താഴെ ആണ്. ഒരതിർത്തിയിൽ നിന്നാൽ മറ്റേ അതിർത്തി കാണാം. മുഖവും വായും കഴുകുമ്പോൾ ആണ് വെള്ളത്തിന്റെ വ്യത്യാസം മനസ്സിലായത്. ഉപ്പു രസമുള്ള വെള്ളം. രണ്ടു ദിവസം ആയായപ്പോൾ അതു മായി പൊരുത്തപ്പെട്ടു, അല്ലാതെ നിവൃത്തിയും ഇല്ല. 

 

ഉച്ചക്ക് ഞങ്ങൾ കടൽ തീരത്തുള്ള കുടിൽ പോലുള്ള ഹോട്ടെലിൽ ഭക്ഷണത്തിനു പോയി. പലതരം മീനുകൾ കൊണ്ടുള്ള സമൃദ്ധമായ ഉച്ച ഭക്ഷണം അൽപ സ്വല്പം പച്ചക്കറികളും ഉണ്ടു. സലാം എന്ന ആളാണ് ദ്വീപിൽ താമസവും ഭക്ഷണവും ഒരുക്കിയത്. മീനൊഴികെ എല്ലാം കരയിൽ നിന്നും കപ്പൽ വഴി എത്തണം. എല്ലാ ദിവസവും ചരക്കും കൊണ്ട് കപ്പൽ വരില്ല കപ്പൽ അടുത്ത ദിവസങ്ങളിൽ ദ്വീപ് കാർക്ക് ആഘോഷം ആണ്. കടൽ കാറ്റേറ്റ് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. കുടിക്കാൻ മിനറൽ വാട്ടർ ആണ്. അവിടെ കടൽ വെള്ളം ശുദ്ധീകരിച്ചു വീടുകളിൽ എത്തിക്കുന്ന ഏർപ്പാടും ഉണ്ട്. വീതി കൂടിയ ഇടങ്ങളിലെ ചില കിണറുകളിൽ ഉപ്പു കുറഞ്ഞ വെള്ളം കിട്ടുമത്രേ ആ വെള്ളം കുടിക്കുന്നതിനു ഒഴികെ ഉള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കും.

 

കടലിൽ വേലിയിറക്കത്തിന്റെ സമയം ആയതു കൊണ്ട് കടലിൽ കുറേദൂരം ഉള്ളിലോട്ടു നടക്കാൻ പറ്റി. ഭംഗിയുള്ള കടൽ ജീവികൾ, മീനുകൾ, പവിഴപ്പുറ്റുകൾ എല്ലാം ചുറ്റിലും ചിലവയെ കാണുമ്പോൾ വിഷം ഉള്ള വയാണോ എന്ന് പേടിച്ചു. ഒന്നും അക്രമകാരിയല്ല. ചവിട്ടാതെ ശ്രദ്ധിച്ചു നടന്നു. ഇത്രയും തെളിനീരിൽ തൊട്ടടുത്തു ഇവയെ കണ്ടത് വിവരിക്കാനാകാത്ത ആനന്ദം നൽകി എന്ന് പറയാതിരിക്കാനാവില്ല. 

 

വൈകുന്നേരം ഞങ്ങൾ ചെറിയ ഒരു മ്യൂസിയം കാണാൻ പോയി. പോകുന്ന വഴിക്കു അവിടുത്തെ സ്കൂൾ, ഹോസ്പിറ്റൽ എല്ലാം കണ്ടു. മ്യൂസിയത്തിൽ പഴയ യാനങ്ങളുടെ രൂപങ്ങൾ, പത്രങ്ങൾ പെട്ടികൾ എല്ലാം തന്നെ പഴയകാല കേരള കരയിൽ ഉള്ളത് തന്നെ. ദ്വീപുകൾ അറക്കൽ ബീവിയുടെ കീഴിൽ ആയിരുന്നു എന്നും കണ്ടു. പ്രധാനമായ കാര്യം നൂറ്റാണ്ടു കൾക്ക് മുമ്പ് തന്നെ ബുദ്ധമതം അവിടെയും പ്രചരിച്ചിരുന്നു അതിന്റെ അവശിഷ്ടങ്ങളും കണ്ടു. 

 

ഇനി അവിടുത്തെ ജനങ്ങളെ പറ്റി പറയാം. എണ്ണായിരത്തിൽ താഴെ ജനസംഖ്യ മാത്രമേ ഈ ദ്വീപിൽ ഉള്ളൂ. മൂന്നു ചതുരശ്ര കി.മി. വിസ്തീർണം. അതിൽ എയർപോർട്ട് ഒരു അര ച. കി.മി ഉണ്ടാവും. ജന സാന്ദ്രത ഉണ്ട്. പക്ഷെ ഒരു ബഹളവും ഇല്ല. ആയതിനാലായിരിക്കണം പോലീസ് ക്ലീറൻസ് ഉള്ള ആൾക്കാരെ മാത്രമേ അവിടുത്തേക്ക്‌ പോകാൻ അനുവദിക്കൂ.    സ്കൂട്ടർ ഓടിക്കുന്ന ധാരാളം സ്ത്രീകളും പെൺ കുട്ടികളും ഉണ്ട്. അവരെല്ലാം തന്നെ കേരളത്തിൽ വന്നു പഠിച്ചവരാണ് മിക്ക സ്ത്രീകളും ബിരുദം വരെയെങ്കിലും വിദ്യാഭ്യാസം ഉള്ളവർ. നല്ല പെരുമാറ്റം. വീടുകൾ തമ്മിൽ വേർതിരിക്കാൻ വേലി മതിൽ ഒന്നും ഇല്ല. ഞങ്ങൾ പഴം വാങ്ങാനായി കട തപ്പി കുറെ ദൂരം നടന്നു. വടക്കേ അറ്റത്തു ഒരുകടയിൽ പഴക്കുല തൂക്കി യിട്ടിരിക്കുന്നതു കണ്ടു അങ്ങോട്ട് കയറി. കടയുടെ വാതിൽ ചാരി വച്ചിട്ടുണ്ട്. ആളില്ല.കടക്കാരൻ ഒരു ആവശ്യത്തിന് പോയിരിക്കുകയാണ് പത്തു മിനിറ്റിനകം വരുംകുറച്ചു നേരം അവിടെനിന്നപ്പോൾ എതിർ വശത്തുനിന്നും ഒരാൾ പറഞ്ഞു. ഞങ്ങൾ കുറച്ചു ദൂരം കൂടെ നടന്നു തിരിച്ചു വരുമ്പോൾ വീണ്ടും കടയിൽ നോക്കി അപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഞങ്ങൾ റൂമിലേക്ക് യാത്രയായി, വഴിയിൽ വച്ച് ഒരാൾ തന്റെ ഇരുചക്രം നിർത്തിപഴം കിട്ടിയോനേരത്തെ കണ്ട ചെറുപ്പക്കാരനാണ്.ഇല്ല, സാരമില്ലഎന്ന് ഞാൻ.ഏതു റിസോർട്ടിലാണ് താമസിക്കുന്നത് ഞാൻ കൊണ്ടുത്തരാംഞങ്ങൾ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും അവരുടെ മോനോഭാവത്തെ പ്രശംസിക്കാതെ വയ്യ. എയർപോർട്ട്, തെക്കു  മുതൽ ദ്വീപിന്റെ വടക്കു വരെ ഒരു വീതി കുറഞ്ഞ റോഡ് വടക്കു ഭാഗം കുറച്ചു വീതി കൂടിയ സ്ഥലം ആയതു കൊണ്ട് അവിടെ ഒരു വിലങ്ങനെ ഒരു റോഡ് പ്രധാന റോഡിനെ മുറിച്ചു കടന്നു പോകുന്നുണ്ട്. അവ രണ്ടും പോകുന്നത് രണ്ടു ഭാഗത്തുള്ള ഹാർബറിലേക്കാണ് അവിടെ ആണ് കപ്പലുകൾ അടുക്കുന്നത്. 

 

അടുത്തദിവസം ഞങ്ങൾ കടലിനടിയിലേക്കു മുങ്ങാം കുഴിയിട്ടു അടിത്തട്ടിലെ ജീവജാലങ്ങൾ, പവിഴപ്പുറ്റുകൾ വളർന്നു വരുന്ന ചെറിയ മരം പോലെ വിവിധ വർണങ്ങളിലുള്ള കടൽ ചേനകൾ മത്സ്യങ്ങൾ ഒരു മായാലോകം തന്നെ. ഒരു വലിയ അക്വാറിയ ത്തിനുള്ളിലൂടെ നീന്തി കാഴ്ച കാണുന്നത് എങ്ങനെയുണ്ടാവും. പ്രത്യേകം പരിശീലനം നേടിയ ആൾക്കാർ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും പേടിക്കാനൊന്നും ഇല്ല. അന്ന് വൈകുന്നേരം ക്രിസ്തുമസ് രാത്രി ആണ് എല്ലാവർക്കും കേക്ക് ഒക്കെ തന്നു ഗംഭീരമായ ഡിന്നർ ഹോട്ടൽ ഒരുക്കിയിരുന്നു. പാട്ടും കടലിന്റെ പദസരബ്ദവും കേട്ട് ആസ്വദിച്ച് രാവേറെ കഴിഞ്ഞത് അറിഞ്ഞതേയില്ല. 

 

പിറ്റേദിവസം ഞങ്ങൾ തിണ്ണക്കര, സാൻഡ് ഐലൻഡ്, ബംഗാരം ബീച്ച് എന്നിവ കാണാൻ ചെറിയ ബോട്ടിൽ പോയി. കാറ്റിന് എതിരെ ആണ് പോകുന്നത് എന്ന് ബോട്ട് ഡ്രൈവർ പറഞ്ഞു. ബോട്ട് പലപ്പോഴും വലിയ തിരയിൽ പെട്ട് ഉയർന്നു പെട്ടെന്ന് പതിച്ചു കൊണ്ടിരുന്നത് ശരിക്കും ഭയപ്പാട് ഉണ്ടാക്കി. തിണ്ണക്കര ആൾപ്പാർപ്പ്‌ ഇല്ലാത്ത ഒരു ചെറു ദ്വീപ് ആണ് അതിന്റെ തീരത്തു എത്രദൂരം വേണമെങ്കിലും നടന്നു പോകാം. നീന്താം. അവിടേക്കുള്ള യാത്രക്കിടയിൽ സ്‌നോർക്കലിംഗ് എന്ന ഒരു വിനോദത്തിൽ ഏർപ്പെട്ടു. ഒരു കണ്ണട വച്ച് വായിലൂടെ കുഴൽ വഴി ശ്വാസം എടുത്തു തുടർച്ചയായി കടലിന്റെ അടിഭാഗം വീക്ഷിക്കാം. കൈയിൽ കരുതിയ ബിസ്ക്കറ്റ് തിന്നാൻ മീനുകൾ ധാരാളം വരും. 

തിന്നക്കരയിൽ നിന്നും ഞങ്ങൾ സാൻഡ് ബാങ്ക് കാണാൻ പോയി അവിടെ തൂക്കാം കുത്തനെയുളള കുന്നു ആണ് പക്ഷെ കുന്നു കടലിനടിയിലേക്കാണ് എന്ന് മാത്രം അതായതു ആഴം പെട്ടെന്ന് മുപ്പതു നാൽപ്പതു മീറ്റർ ആവും. സൂക്ഷിച്ചു നോക്കിയാൽ വലിയ മരം പോലെ പവിഴപ്പുറ്റുകൾ വളർന്നു നിൽക്കുന്നത് കാണാം. ഇവിടൊന്നും വലിയ തിരമാലകൾ ഇല്ല എന്നതു നല്ല കാര്യം തന്നെ . ഇതിനടുത്താണ് ബംഗാരം ദ്വീപ് അവിടെ പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ട് അവിടെ മദ്യ നിരോധനവും ഇല്ല. പ്രധാനമന്ത്രി വരുന്നത് കാരണം പൊതുജനങ്ങൾക്ക് ആ സമയം പ്രവേശനം ഉണ്ടായിരുന്നില്ല. ഞങ്ങൾ തിരിച്ചു ബോട്ടിൽ അഗത്തി യിലേക്കു തിരിച്ചു. വേലിയിറക്കം ആയതിനാലും കാറ്റു അനുകൂലമായതിനാലും വലിയ കുലുക്കമില്ലാതെ തീരത്തു അണഞ്ഞു.

 

അതിനിടെ ഭാര്യ ഒരു ചെറു ഹോട്ടൽ നടത്തുന്ന ബീവിയുമായി ചങ്ങാത്തിൽ ആയി. ബീവി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ചതാണത്രേ ബീവി വഴി ആണ് ദ്വീപിനെപ്പറ്റി നല്ല വിവരണം കിട്ടിയത്. എല്ലാദിവസവും വൈകീട്ട് ഞങ്ങൾ ബീവി യുടെ കടയിൽ പോയി ചായ, പഴം പൊരി അവിൽ മിൽക്ക് മുതലായവ കഴിക്കും. അവയുടെ പാചക വിധികൾ അവർ തമ്മിൽ സംസാരിക്കുന്നതും കേട്ടു . ഞാൻ രാവിലെ അടുത്ത റിസോർട്ടിൽ ചായകുടിക്കാൻ പോകും അതിരാവിലെ കടൽ കരയിൽ കടലിന്റെ മർമരവും കേട്ട് കസേരയിൽ അമർന്നിരുന്നു ചൂട് ചായ മോന്തി കുടിക്കാൻ..ഹാ ..ഒരു ഗംഭീര സുഖം  തന്നെ. 

 

ലക്ഷദ്വീപ് യാത്ര എന്തുകൊണ്ടും ആസ്വാദ്യം തന്നെ എന്ന് പറയാം